അഷ്ടാവധാനം, ദശാവധാനം, ശതാവധാനം എന്നീ പേരിലറിയപ്പെടുന്ന അവധാനകല തെലുങ്കു നാട്ടിലെ സാഹിത്യ വിനോദമാണ്. കന്നടയിലും പ്രചാരത്തിലുണ്ട്. ഭാഷാ സാഹിത്യത്തിലെ വ്യത്യസ്ത ആസ്വാദന മേഖലകളെ മൂന്നു മണിക്കൂറിനുള്ളില്‍ അനുഭവവേദ്യമാക്കിത്തരുന്നു ഈ വിനോദം. മനുഷ്യന്റെ അന്തക്കരണത്തിന്റെ ശക്തിയായ സ്മരണയെ ഉദ്ദീപിപ്പിക്കുകയും വിപുലമാക്കുകയും ചിരകാലം നിലനിര്‍ത്തുകയും ചെയ്യുന്ന സാഹിത്യവിനോദമായി വേണം ദശാവധാനം പോലുള്ള കലയെ വിലയിരുത്താന്‍.
ആന്ധ്രാ സ്വദേശി ദോര്ബല പ്രഭാകര ശര്‍മ്മ ഈ വിനോദംസംസ്കൃതത്തിലും അവതരിപ്പിച്ച് ആസ്വദിപ്പിച്ചുവരുന്നു. ആന്ധ്രഗീര്വാണവിദ്യാപീഠത്തിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന പ്രഭാകരവര്‍മ്മ ജനുവരി 26 ന് തൃപ്പൂണിത്തുറയിലും 27 ന് കാലടി സംസ്കൃത സര്‍വകലാശാലയിലും അവധാനം അവതരിപ്പിച്ചു. അവയുടെ സംക്ഷിപ്തമായ ഒരാസ്വാദനക്കുറുപ്പ്.
തൃപ്പൂണിത്തുറയില്‍ 10 ചോദ്യകര്‍ത്താക്കളാണ് ഉണ്ടായിരുന്നത്. (പ്രഷ്ടാവ്) കാലടിയില്‍ ശാസ്ത്രമുള്‍പ്പെടെ ഒന്‍പത് പ്രഷ്ടാക്കളും. ഓരോരോ വിഷയം ക്രമത്തില്‍ ചോദിച്ച് നിശ്ചിത സമയത്തിലും അവസാനം അര്ത്ഥസഹിതമായും അവധാനിസമാധാനം പറയുന്ന രീതിയാണിതിന്റേത്. രണ്ടിടത്തും സമസ്യയിലൂടെയായിരുന്നു തുടക്കം. തൃപ്പൂണിത്തുറയില്‍ കൊടുത്ത സമസ്യ.
‘മൂകാശ്ചാശു വദന്തി സംസ്കൃതഗിരാഃ
ചിത്രം കിമസ്മാദ്പരം.’
എന്നതായിരുന്നു. ‘സംസാരശേഷിയില്ലാത്തവര്‍ വരെ സംസ്കൃതവാക്കുകള്‍ നിരര്‍ഗളം പറയുന്നു. ഇതില്‍പ്പരം എന്തത്ഭുതം’. അവധാനിയിത് മൂന്നു ഘട്ടങ്ങളായി പൂരിപ്പിച്ചതിങ്ങനെ.
ഭാരത്യാ ദയയാ സുസംസ്കൃതഗിരാ
സ്വാത്മാഭിമാനശ്രിയോ-
ജാതാ അദ്യസമേപി ശക്തിഭരിതാ
വിദ്യാ വിദഃ പാമരാഃ.
പ്രാജ്ഞാ ശാസ്ത്രവിദോപി സംസ്കൃത-
ഗിരാ സംഭാഷണാനുത്സവാഃ
മൂകാശ്ചാശു വദന്തി സംസ്കൃത ഗിരാഃ
ചിത്രം കിമസ്മാദ്പരം.
പണ്ഡിതന്മാരും ശാസ്ത്രജ്ഞാനികളും പാമരന്മാരും ഭാഷാദേവതയുടെ (സംസ്കൃതഭാരതിയുടെ) ദയ കൊണ്ട് സുസംസ്കൃതവാക്കുകള് ഉച്ചരിച്ച് അഭിമാനികളും ശക്തി പ്രാപിച്ചവരുമായിത്തീര്ന്നിരിക്കുന്നു. പിന്നെ മൂകന്മാരുടെ സംസ്കൃത സംഭാഷണചാതുരിയില്‍ എന്തത്ഭുതം? പ്രത്യേകിച്ചത്ഭുതപ്പെടാനില്ല എന്നു സാരം.
കാലടിയിലെ സമസ്യ.
‘പരമസുഖം ഗുരുനിന്ദയാലഭേത’
എന്നതായിരുന്നു.
ആയി ഗുണവന് ശൃണു സാവധാനമേതത്
പ്രതികലമാശു വിചിന്തയൈകവാരം.
പരമസുഖം ഗുരുസംസ്തുതൗലഭേഥാഃ
പരമസുഖം ഗുരുനിന്ദയാലഭേത.
(എടോ മിടുക്ക, നീയിതു സാവധാനം കേള്‍ക്കൂ. പിന്നീടെപ്പോഴും ചിന്തിക്കുകയും വേണം. വലിയ ആനന്ദം (പരമസുഖം) ഗുരുവിനെ സ്തുതിച്ചാല്‍ നേടാം. ഗുരുവിനെ നിന്ദിച്ചാലോ വല്ലാത്ത അസുഖമാണ് ലഭിക്കുക (പരം + അസുഖം)
നാലു പദങ്ങള്‍ കൊടുത്ത് വര്‍ണിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ദത്തപദീ. തൃപ്പൂണിത്തുറയിലെ വിഷയം സംസ്കൃതഭാരതീ എന്നതായിരുന്നു. നിര്‍ദ്ദേശിച്ച പദങ്ങള്‍ പനസഫലം, ചായം, പടുവികൃതി:,
പണ്ഡിതരത്നം എന്നിവയും. വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം.
അസ്മാകം പനസം സുസംസ്കൃതഫലം
ലബ്ധം പുരാ പുണ്യതഃ
തച്ചായം പരിവേഷയത്യവിരതം
ഖണ്ഡാനി കുര്‍വ്വന്‍ ഗുരുഃ
വ്യത്പ്പന്നാഃ പടുതാം ഗതാഃ
അവികൃതി സ്വച്ഛസ്വഭാവാ ജനാഃ
നൈകേ പണ്ഡിതരത്നധാമനി
ഭുവിത്വത് സംസ്കൃതേ ഭാരതീ.
കാലടിയിലാകട്ടെ സ്ത്രീപീഡനം എന്നതായിരുന്നു വിഷയം. ആമ്രഫലം, സ്ഥാലീ, പീതാംബരം, ശിഷ്യവൃന്ദഃ എന്നീ ശബ്ദങ്ങള്‍. വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം.
സമ്യക് വേഷധരോധുനാ കലിയുഗേ
പീതാംബരോവ ഉന്നതഃ
സ്ഥാലീ സ്ഥാനപുലാകവത് സുവികൃതഃ
യോ സാവനാചാരവാന്
ആചാര്യഃ നിജശിഷ്യവൃന്ദ സഹിതോ-
പ്യന്യാം; സ്വശിഷ്യമപി
പ്രാപ്തും സ്വാമ്രഫലം യഥാ, വി
കുരുതേ സ്ത്രീപീഡനോദ്യന്മതിഃ.
വര്ണനാവധാനത്തില് തൃപ്പൂണിത്തുറ എന്നതായിരുന്നു വിഷയം ‘മന്ദാക്രാന്ത’വൃത്തം. (പൂര്ണവേദപുരിയെ വര്‍ണിക്കാന്‍)
ശ്രുത്യര്ത്ഥനാം ശ്രുതിപദവതാം
ഭൂമി രേഷാദിപുണ്യാ
സ്വജ്ഞാനാംമപ്യമിതഭയഭക്ത്യാത്മനാം
സ്ഥാനമേതത്
പുണ്യാനാംനി ത്രിപുരകലിതാ
ഭദ്രസംസ്കാരലക്ഷ്മീഃ
രാജത്യസ്മത് ഹൃദയകമലേ
കേരളേ പുഃപുരാണീ.
കാലടിയില്‍ വര്‍ണനാവിഷയം ആശുകവിത്വം എന്നതായിരുന്നു. വൃത്തം ‘മന്ദിക്രാന്ത’,
സ്മാരം സ്മാരം സ്മൃതിപഥഗതം ശബ്ദജാ-
തം പ്രകീര്‍ണം
ചേയം ചേയം സപദി ചിനുടേ
ചാര്‍ത്ഥ ജാതം സമന്താത്
സത്കാവ്യജ്ഞോ ഗ്രഹണധരണാ-
ഭ്യാസമേധാപ്തശക്തിഃ (സിദ്ധിഃ)
കാവ്യാന്യാശു പ്രവിരചയതി (പ്രകുരതഇഹ)
പ്രാക്തപഃ സഞ്ചയേന.
അവധാനത്തിലെ ഒരിനം വ്യസ്താക്ഷരമെന്നതായിരുന്നു. ഏതെങ്കിലുമൊരു ശ്ലോകത്തിന്റെ ഒരു വരിയിലെ അക്ഷരങ്ങള്‍ ക്രമമില്ലാതെ പറഞ്ഞു കൊടുക്കുന്നു. 21 അക്ഷരമുള്ള പദ്യത്തിലെ 19-ാം മത്തൈയും 3-ാമത്തെയും 14-ാമത്തെയും അക്ഷരങ്ങള്‍ മറ്റവധാന വിഷയങ്ങള്ക്കിടയ്ക്ക് പറഞ്ഞുകൊടുക്കുന്നു. അവധാനി മറ്റു വിഷയങ്ങളില്‍ പ്രവേശിക്കുകയും ചെയ്യും. അവധാനം 21 അക്ഷരത്തേയും ഓര്‍മ്മയില്‍ നിന്ന് ക്രമീകരിച്ച് ഉച്ചരിക്കുന്നു.
തത്താവത് ഭാതി സാക്ഷാത്ഗുരുപവ-
ന പുരേഹന്ത! ഭാഗ്യം ജനാനാം
എന്ന വ്യസ്താക്ഷരപ്രകരണം ഉയര്‍ന്ന കരഘോഷത്തോടെയാണ് തൃപ്പൂണിത്തുറയിലെ സദസ്സ് സ്വീകരിച്ചത്. അതിനിശിതമായ ധാരണാശക്തിയുടെ അത്ഭുതപ്രകടനമായിരുന്നു അത്.
‘പൂര്ണാനദീപാവിതഭൂമിരേഷാ’
എന്നതായിരുന്നു കാലടിയിലെ വ്യസ്താക്ഷരം.
നിഷിദ്ധാരക്ഷരമെന്നതാണ് മറ്റൊരിനം. ചോദിക്കുന്ന വ്യക്തി പറയുന്ന വിഷയത്തെ അധികരിച്ച് ഒരു പദ്യമുണ്ടാക്കുവാന് അവധാനി തുടങ്ങുന്നു. ആദ്യാക്ഷരം പറഞ്ഞു കഴിഞ്ഞാല്‍ മിക്കവാറും അടുത്ത അക്ഷരം ഇന്നതാവുമെന്ന് ഊഹിക്കുവാന്‍ സാധിക്കും. അങ്ങിനെ ഊഹിക്കുന്നതിനെ നിഷേധിക്കുവാന്‍ പ്രഷ്ടാവ് ആവശ്യപ്പെടുന്നു. അപ്പോള്‍ മറ്റൊരക്ഷരം പറയുന്നു. പിന്നീടും അക്ഷരനിഷേധം തുടരാം.
അവസാനം നിര്‍ദ്ദിഷ്ട വിഷയത്തിലും വൃത്തത്തിലും ശ്ലോകം അവധാനി പൂര്‍ത്തിയാക്കണം.
കേരളദേശത്തെപ്പറ്റി ‘സ്രഗ്വിണി’ വൃത്തത്തില്‍ ശ്ലോകം നിര്‍മ്മിക്കുകയാണ് തൃപ്പൂണിത്തുറയില്‍ ചെയ്തത്. കാലടിയിലാവട്ടെ കലോത്സവവിഷയം, വൃത്തം രഥോദ്ധത.
അവധാനത്തിലെ ആകര്‍ഷകവും ഹാസ്യരസപ്രധാനവും ആയ രണ്ടിനങ്ങളുണ്ടായിരുന്നു. ഒന്ന് അപ്രസ്തുത പ്രശംസ എന്നതായിരുന്നു. അവധാനിയുടെ ശ്രദ്ധ പലവഴിക്കും തിരിച്ചുവിടുകയും ലൗകികവിഷയങ്ങളെ ചര്‍ച്ചക്കു കൊണ്ടുവരികയുമാണിവിടെ ഉദ്ദേശ്യം. ക്രിക്കറ്റ് കളി കൊണ്ട് നാടിനെന്തെങ്കിലും നേട്ടമുണ്ടോ? മൊബെയില്‍ഫോണ്‍ ഉപയോഗത്തിന്റെ പ്രായോഗികത, ഭക്തി കൂടിയിട്ടുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് ധനസുഖം മാത്രമല്ലെ ഉള്ളൂ മനസുഖം ലഭിക്കുന്നുണ്ടോ? സ്ത്രീപീഡനം… സ്ത്രീ പീഡനം എന്ന് കേള്‍ക്കുന്നു. എന്താ പുരുഷപീഡനം എന്ന് കേള്‍ക്കുന്നില്ലല്ലോ? അങ്ങിനെ അങ്ങിനെ ചര്‍ച്ച നീണ്ടു. ഇവിടെയൊക്കെ ആചാര്യതുല്യമായ മറുപടിയായിരുന്നു അവധാനി നല്‍കിയത്. കായിക മികവുണ്ടാവാന്‍ ക്രിക്കറ്റ് പോലുള്ള കളികള്‍ വേണമെന്നും, ഉപയോഗിക്കുന്നവരെ ആശ്രയിച്ച് മൊബെയില്‍ഫോണ്‍ നിലനില്ക്കണമെന്നും സദുപയോഗം ചെയ്യപ്പെടണമെന്നും അവധാനി പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസം ധനാഭിലാഷം മാത്രമാവുന്നില്ലേ ജ്ഞാനാഭിലാഷം കുറയുന്നില്ലേ എന്ന ആശങ്കയും ചര്‍ച്ചയില്‍ വന്നു.
ഇവിടെയൊക്കെ ‘ഛന്ദോഭാഷണം’ (വൃത്തനിബദ്ധമായി സംസാരിക്കല്‍) എന്ന് മുമ്പ് സൂചിപ്പിച്ച മറ്റൊരിനം സരസമായി ഇടപെടുന്നുണ്ടായിരുന്നു.
ചോദ്യം: കോ നാമ ദേശോ ഭവതാഹ്യലംകൃതാ?
(താങ്കളാല്‍ അലങ്കരിക്കപ്പെട്ട നാടേതാണ്?)
ഉത്തരം: ആന്ധ്രാപ്രദേശോ ഹി മയാ വിഭൂഷിതാ
(എന്നാല്‍ ഭൂഷിതമായ നാട് ആന്ധ്രയാണ്)
ഇന്ന് വിദ്യ സമ്പത്താശ്രയിച്ചാണ് എന്ന ചര്‍ച്ചക്കിടയിലും ക്രിക്കറ്റ് ക്രീഡാവിഷയത്തിലും ഛന്ദോഭാഷണക്കാരന് സരസമായി ഇടപെട്ടത് ശ്രദ്ധിക്കൂ.
വിനാ ലക്ഷ്മീം വിനാ ലക്ഷ്മീം
കഥം സ്യാത് ജീവനം വദ?
(ഐശ്വര്യവും ധനവും ഇല്ലെങ്കില്‍ ജീവനം?)
നഷ്ടാങ്കൈഃ ബഹിരാഗത്യ പ്രസ്വീഭൂതസ്യ കാ ഗതിഃ?
(ക്രിക്കറ്റ് കളിക്കിടയില്‍ പൂജ്യനായി പുറത്തുപോയാല്‍ എന്താണവന്റെ ഗതി)
ആകാശപുരാണവും ശ്രദ്ധേയമായ മറ്റൊരിനമാണ്. ഇല്ലാത്ത പുരാണം അവധാനിയോട് ചോദിക്കലാണിവിടെ വിനോദം. ഭക്ഷണത്തില്‍ പപ്പടം പ്രധാനമാണല്ലൊ. പപ്പടപുരാണമായിരുന്നു ഒരു ചോദ്യം. കൃഷ്ണവര്ണയുത പീത പര്പ്പടത്തെ പുരാണയുക്തമായി വര്‍ണിച്ചു അവധാനി. (നന്നായി മൂപ്പിച്ചെടുത്ത പപ്പടം) സഭയെ പുരാണയുക്തമായി വര്‍ണിക്കുകയും ചെയ്തു.
പൂര്ണവേദിപുരീ ചേയം
വേദ പൂര്‍ണാ പുരാ യദാ.
ഇദാനീമപി സാ സാധു
വാര്‍ത്താ വ്യാപാര മോഹനൈഃ.
കാവ്യപാഠം എന്നതും ദശാവധാനത്തിലൊരിനമായിരുന്നു. ഇടയ്ക്ക് മൂന്നു ശ്ലോകങ്ങള്‍ ചൊല്ലിക്കേട്ട് അര്‍ത്ഥസഹിതം വിവരിക്കുകയുണ്ടായി അവധാനി. നാരായണീയത്തിലെയും, മുരാരിയുടെയും ഭര്‍ത്തൃഹരിയുടെയും ശ്ലോകങ്ങള്‍ വ്യാഖ്യാനിച്ചു കേട്ടു സദസ്യര്‍. ഇവിടെ ഖണ്ഡാനാദകാരന് തന്റെ കൈവശമിരുന്ന മണി കൊട്ടുന്നുമുണ്ടായിരുന്നു. അതിന്റെ എണ്ണവും അവധാനി പറഞ്ഞു.
കാലടിയില്‍ നടന്ന അവധാനത്തില്‍ ശാസ്ത്രവും വിഷയമായി. ‘ചേയം ചേയം’ എന്ന പ്രയോഗസാധുതയം, ‘പ്രക്തപഃ സഞ്ചയേന’ എന്നിടത്തും ചര്‍ച്ചയും സജീവമായി. അവധാനിക്കും ഇത് ഒരു നല്ല പരീക്ഷയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരവും. ചിലയിടങ്ങളില്‍ തനിക്കുണ്ടായ അനവധാനതയും പ്രഭാകരശര്‍മ്മ കാലടിയില്‍ പറഞ്ഞു.
ചുരുക്കത്തില്‍ അവധാനകലയുടെ വൈശിഷ്ട്യം അനുഭവവേദ്യമാക്കി തന്നു ദോര്‍ബല്‍ പ്രഭാകരശര്‍മ്മ. അവധാനകല കേരളഭാഷയിലും പ്രചരിക്കേണ്ടതുണ്ട്. അതിന് നല്ല സാധ്യതകളുണ്ട് എന്ന് ദോര്‍ബല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു പറഞ്ഞു. തെലുങ്കിലും കന്നടയിലും ഈ കല പ്രചരിക്കുന്നത് കണ്ട താന്‍ ഇതിന്റെ സംസ്കൃതത്തിലുള്ള സാധ്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്. ശ്രേഷ്ഠഭാഷയായി തീര്‍ന്ന മലയാള ഭാഷയിലും ഈ കല ഭാവിയില്‍ ആവിര്‍ഭവിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു. പരിശ്രമബുദ്ധിയോടെ കാവ്യാനുശീലനം ചെയ്താല്‍ അത് സാധിക്കും എന്നും അദ്ദേഹം പറയുകയുണ്ടായി.
ഡോ. പി.കെ. ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: