തെളിഞ്ഞ മുഖത്തോടെ ഭക്ഷണം വിളമ്പുമ്പോള്‍ കഴിക്കുന്നവരുടെ മനസും നിറയും. തൃശൂര്‍ പുതുക്കാട് സ്വദേശിയായ മല്ലിക എന്ന വീട്ടമ്മ നല്കുന്ന ഭക്ഷണത്തിന്റെ കാര്യമാണ്… പുതുക്കാട് മേഖലയിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ടു നേരവും ആസ്വദിക്കുന്നത് ചായയാണ്. ഓരോ ജീവനക്കാരുടെയും അഭിരുചിക്കനുസരിച്ച് കൃത്യമായ സമയം നോക്കി മല്ലിക ചായ നല്കുവാന് തുടങ്ങിയിട്ട് ദശാബ്ദത്തോളമായി. ബഹുനില കെട്ടിടങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും മനസു തുറന്നു ചിരിക്കുന്ന മുഖത്തോടെ ചായ നല്കുവാന് കഴിയുന്നു എന്നുള്ളതാണ് മല്ലികയെ വ്യത്യസ്തയാക്കുന്നതും.
റോഡരികില്‍ ചേര്‍ന്നു നില്ക്കുന്ന കെട്ടിടത്തില്‍ നിന്നും ചായ്പ്പിറക്കി ഓലമേഞ്ഞുണ്ടാക്കിയ കൊച്ചുകടയാണ് ഇവരുടേത്. മല്ലികയും ഭര്‍ത്താവ് സുരേന്ദ്രനും മാത്രമാണ് കടയുടെ നടതിപ്പുകാര്. ചായയും ചെറുപലഹാരങ്ങളും മാത്രമേ ഈ കടയിലുള്ളു. സുരേന്ദ്രന് ഉണ്ടാക്കുന്ന ചായ ചൂടാറാതെ ഓരോ ഓഫീസുകളിലേക്ക് എത്തിക്കുന്നത് മല്ലിക.
രാവിലത്തെ ചായയും പലഹാരങ്ങളുമായി അഞ്ച് മണിമുതല്‍ 11.30 വരെയും വൈകിട്ട് 5 വരെയും നീണ്ടു നില്ക്കുന്ന ഒരോട്ടപ്പാച്ചില്‍. ഈ സമയങ്ങളിലെല്ലാംതന്നെ ഓരോരുത്തരുമായി വീട്ടുവിശേഷങ്ങളടക്കമുള്ള കുശലാന്വേഷണങ്ങള്‍ നടത്തുവാനും മല്ലികച്ചേച്ചി മറക്കാറില്ല. ഓഫീസുകളില്‍ കയറിയിറങ്ങുന്ന മല്ലികക്ക് ഓരോ ജീവനക്കാരുടേയും കുടുംബാഗംങ്ങളുടെ പേരു പോലും മനഃപാഠമാണ്. മല്ലിക ചായക്കു ചേര്‍ക്കുന്ന ഈ സൗഹൃദമാണ് അതിനു പ്രിയമേറ്റുന്നതും.
മല്ലികയുടെ ദിനചര്യ ആരംഭിക്കുന്നത് പുലര്‍ച്ചെ നാലുമണി മുതലാണ്. പഠിക്കുന്ന മക്കളെ സ്കൂളിലേക്ക് അയക്കുവാനുള്ള ഒരുക്കങ്ങള്‍ തീര്‍ത്ത് ഭര്‍ത്താവിനും തനിക്കും ഉച്ചക്ക് കഴിക്കുവാനുള്ള ഭക്ഷണവുംകൊണ്ടാണ് മല്ലിക പുതുക്കാട്ടുള്ള കൊച്ചു കടയിലേക്കെത്തുന്നത്. തുടര്‍ന്ന് കെറ്റിലില്‍ ചായയും മറു കയ്യില്‍ പലഹാരപ്പാത്രവുമായി ഓഫീസുകളിലേക്ക്. നിറഞ്ഞ ചിരിയോടെയല്ലാതെ മല്ലികച്ചേച്ചിയെ കാണാറില്ല. തൊട്ടപ്പുറത്തെ ഓഫീസില്‍ നിന്നും മല്ലിക ചേച്ചിയുടെ ശബ്ദം കേട്ടാണ് പലരും ചായക്കുള്ള സമയമായെന്ന് മനസിലാക്കുന്നത്. സ്ഥിരമായി ചായ നല്കുന്ന മല്ലിക ചേച്ചിക്ക് ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും എന്തെങ്കിലും ഒരു സമ്മാനം നീക്കിവെക്കുവാന്‍ ചായകിടക്കാര് മറക്കാറില്ല.
നൂറിലേറെ സ്ഥാപനങ്ങളിലുള്ള 250-ലധികം ജീവനക്കാര്‍ക്കാണ് ദിനംപ്രതി ചായ നല്കി വരുന്നത്. പുതുക്കാട് സെന്ററില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ചെറുവാളിയില് പാടത്തിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു വീട്ടിലാണ് മല്ലികയും കുടുംബവും താമസം. നിരവധി ഹോട്ടലുകളും ചായക്കടകളും പുതുക്കാട് ഉണ്ടെങ്കിലും മല്ലികചേച്ചി നല്കുന്ന ചായ കുടിക്കാന്‍ ഒരു കാരണമുണ്ട്. ചായക്കൊപ്പം മല്ലികചേച്ചി നല്‍കുന്നത് സൗഹാര്‍ദ്ദത്തിന്റെ സ്നേഹവും കരുതലും കൂടിയാണ്….
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: