കൊച്ചി: ജീവനക്കാരുടെ ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് മൂന്ന് ദിവസം ഇന്ത്യന്‍ ബാങ്കിംഗ് രംഗം സ്തംഭിക്കും. ദൈനംദിന ഇടപാടുകള്‍, ചെക്ക് ക്ലിയറിംഗ്, മണി ട്രാന്‍സ്ഫര്‍ തുടങ്ങി സുപ്രധാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചയായി മൂന്ന് ദിവസം സ്തംഭനത്തിലാവുക. പ്രതിദിനം പതിനായിരം കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്ന ബാങ്കിംഗ് സമരം സാമ്പത്തികരംഗത്ത് ആശങ്കയുമുണര്ത്തുന്നുണ്ട്. ഒഴിവുദിനമായ ഞായറാഴ്ചയും ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ 48 മണിക്കൂര്‍ പണിമുടക്കുള്ള തിങ്കള്‍, ചൊവ്വ (10, 11 തീയതികള്‍) ദിനങ്ങളുമാണ് ബാങ്കുകള്‍ അടച്ചിടുക. ശനിയാഴ്ച ഉച്ചയോടെ സ്തംഭിക്കുന്ന ഉപഭോക്തൃ സേവനങ്ങള്‍ ഇനി ബുധനാഴ്ച രാവിലെ മാത്രമേ പുനരാരംഭിക്കുകയുള്ളൂവെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളടക്കമുള്ള വാണിജ്യബാങ്ക് ജീവനക്കാരാണ് 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. പൊതുമേഖല, സ്വകാര്യ-വിദേശ ബാങ്കുകള്‍ അടക്കം 87 ഒാളം ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഒരുലക്ഷത്തോളം ഓഫീസര്‍മാരടക്കമുള്ള ഉന്നത ജീവനക്കാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബാങ്കിംഗ് രംഗത്തെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി നടത്തിയ പണിമുടക്കാഹ്വാനം വന്‍ വിജയമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശമ്പള വര്‍ധനവടക്കമുള്ള ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും സര്‍ക്കാരും നിരന്തരം നടത്തിയ അവഗണനയാണ് സമരത്തിണ് വഴിവെച്ചതെന്ന് നേതാക്കള്‍ പറയുന്നു. 2012 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കിയ കരാര്‍ പുതുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അധികൃതര്‍ അവഗണിച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 40 ശതമാനം ശമ്പളവര്‍ധനവാണ് പേ റിവിഷന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് 5 ശതമാനം വര്‍ധനവ് നല്‍കാനാണ് തയ്യാറായത്. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി യൂണിയനുകള്‍ നോട്ടീസ് നല്‍കുകയും ജനുവരി 20, 21 തീയതികളില്‍ സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ശമ്പളവര്‍ധന 10 ശതമാനത്തില്‍ താഴെ മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്ന നിലപാടില്‍ ഐബിഎ ഉറച്ചുനില്‍ക്കുന്നതായും ഇതാണ് രണ്ട് ദിവസത്തെ സമരത്തിന് കളമൊരുക്കിയതെന്നും പറയുന്നു.
ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ 63 ശതമാനം വിഹിതം ബാങ്കിംഗ് രംഗമാണ് കൈകാര്യംചെയ്യുന്നത്. 19 ശതമാനം ഇന്‍ഷുറന്‍സ് മേഖലയും എട്ട് ശതമാനം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിദിനം ശരാശരി 40 ലക്ഷം ക്ലിയറിംഗ് ചെക്കുകളിലൂടെ 35,000 കോടിയുടെ ഇടപാടാണ് ബാങ്കിംഗ് രംഗത്ത് നടക്കുന്നത്. കൂടാതെ നിക്ഷേപം, വിവിധയിനം വായ്പകള്‍, ഇന്‍ഷുറന്‍സ്-വാണിജ്യ ഇടപാടുകള്‍ തുടങ്ങിയവ കണക്കാക്കിയാല്‍ ഇത് ലക്ഷം കോടി രൂപയുടെ ഇടപാടുകളായി മാറും. ഒഴിവുദിനവും രണ്ട് ദിവസത്തെ പണിമുടക്കും കണക്കാക്കിയുള്ള മൂന്ന് ദിവസത്തെ ബാങ്കിംഗ് മേഖലാ സ്തംഭനം ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകളുടെ സ്തംഭനത്തിനാണ് വഴിയൊരുക്കുകയെന്ന് വാണിജ്യ-വ്യാപാര-വ്യവസായരംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം ശരാശരി 10,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ ബാങ്കിംഗ് രംഗത്തുണ്ടാകുകയെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
ബാങ്കിംഗ് രംഗത്തെ ജീവനക്കാരുടെ ശമ്പളയിനത്തില്‍ പ്രതിവര്‍ഷം 56,000 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. പുതിയ ശമ്പളവര്‍ധനവിലൂടെ (40 ശതമാനം) 30,000 കോടി രൂപ അധികം കണക്കാക്കേണ്ടിവരുമെന്നാണ് ഐബിഎ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിലവില്‍ ഐബിഎയുടെ 5-10 ശതമാനം ശമ്പളവര്‍ധനവ് തീര്‍ത്തും അപര്യാപ്തമാണെന്നും ന്യായമായ വിട്ടുവീഴ്ചക്ക് തൊഴിലാളി സംഘടനകള്‍ തയ്യാറാണെന്നും യൂണിയന് ഭാരവാഹികളും പറയുന്നുണ്ട്. ശക്തമായ സാമ്പത്തിക സ്ഥാപന നിയമങ്ങളും നിയന്ത്രണങ്ങളുമായി മുന്നേറിയും നിലനിന്നും പോകുന്ന ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സൂചനാ പണിമുടക്കിനെത്തുടര്ന്നും ഐബിഎയും കേന്ദ്രസര്‍ക്കാരും അനങ്ങാപ്പാറ നയം തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത സമരസമിതി മുന്നിട്ടിറങ്ങുമെന്നും പറയുന്നു. സാമ്പത്തികവര്ഷാവസാന വേളയില്‍ സര്‍ക്കാര്‍-ധനകാര്യ-വാണിജ്യ-വ്യാപാര-കയറ്റിറക്കുമതി മേഖലയെയും പരോക്ഷമായി തളര്‍ത്തുന്ന ബാങ്കിംഗ് സ്തംഭനാവസ്ഥ ഒഴിവാക്കുവാന്‍ ധനകാര്യ മന്ത്രാലയം ഇടപെടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: