കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതിന്റെ 6-ാം വാര്‍ഷികദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മേനകയിലെ സമരപന്തലില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മ മുന്‍മന്ത്രി കെ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി വിവിധ കേന്ദ്രങ്ങള്‍ അനാവശ്യമായ തിടുക്കമാണ് കാട്ടിയതെന്നും തീര്‍ത്തും നീതികരിക്കാനാവാത്ത ബലപ്രയോഗം നടത്തപ്പെട്ടുവെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. രാഷ്ട്രീയ സങ്കുചിതത്വം മാറ്റിവച്ചുകൊണ്ട് നിരാലംബരായ ഈ കുടുംബങ്ങള്‍ക്കു നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസപാക്കേജ് പൂര്‍ത്തീകരിക്കുക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്ക് വീതം പദ്ധതിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക, മോണിറ്ററിംഗ് കമ്മിറ്റി ഉടനടി സര്‍ക്കാര്‍ വിളിച്ചുകൂട്ടുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.
വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ കേവലം 38 കുടുംബങ്ങളാണ് സ്വയം പുനരധിവസിപ്പിക്കപ്പെട്ടതെന്നും ബാക്കി കുടുംബങ്ങള്‍ ഇപ്പോഴും ജീവിതാനിശ്ചിതത്വത്തിലാണ് നീങ്ങുന്നതെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.
കൂട്ടായ്മയില്‍ പ്രൊഫ. കെ.അരവിന്ദാക്ഷന്, സമരസഹായ സമിതി ചെയര്മാന് സി.ആര്.നീലകണ്ഠന്, കണ്‍വീനര്‍ ടി.കെ.സുധീര്‍കുമാര്‍, ഫാ.പ്രശാന്ത് പാലക്കപ്പിള്ളി, കെ.രജികുമാര്‍, കോര്‍ എപ്പിസ്ക്കോപ്പ തോമസ് കണ്ടത്തില്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, പി.എം.ദിനേശന്, വി.കെ.അബ്ദുള്‍ഖാദര്‍, ഡോ.സി.എം.ജോയ്, വി.പി.വില്‍സണ്‍, എസ്.വിജയചന്ദ്രന്‍, സെലസ്റ്റിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹൈക്കോടതി കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് കെ.കെ.ശോഭ, ജോണി ജോസഫ്, സാബു ഇടപ്പള്ളി, മൈക്കിള്‍ കോതാട്, ജസ്റ്റിന് പി.എ, കുഞ്ഞമ്മ ജോസഫ്, സുരേഷ് മുളവുകാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: