കൊച്ചി: നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ പുലയര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് കെപിഎംഎസ്. മോദിക്കും ബിജെപിയ്ക്കും അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടിവന്നാല്‍ കൈക്കൊള്ളുമെന്നും സഭാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി സംഗമം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു.
കെപിഎംഎസ്സിന്റെ അജണ്ട നിശ്ചയിക്കേണ്ടത് പുറത്തുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കു ലഭിച്ചതുപോലുള്ള അധികാരങ്ങളും അവസരങ്ങളും പുലയര്‍ക്ക് ലഭിച്ചില്ല. പുലയര്‍ ഏറ്റവും കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. എന്നാല്‍ അവര്‍ക്കും ഇന്ന് കെപിഎംഎസിനെ വേണ്ട.
പിന്നാക്ക സമുദായത്തില്‍ നിന്നും കഴിവും ധീരതയും ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും കൊണ്ട് മാത്രം അന്തര്‍ദ്ദേശീയ ശ്രദ്ധയും അംഗീകാരവും നേടിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കായല്‍ സമ്മേളന വേദിയില്‍ കൊണ്ടുവരുന്നതില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ടി.വി. ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയതിന് ശേഷമാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ജാതിഭ്രാന്ത് നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ പോലും ഇന്ന് ഹിന്ദുമതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. രംഗനാഥ് മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല, കെപിഎംഎസ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടിനെ പരസ്യമായി എതിര്‍ത്തിട്ടുള്ളത് ബിജെപി മാത്രമാണ്. നരേന്ദ്രമോദി ഒരു റോള്‍ മോഡലാണെന്ന് കെപിഎംഎസ് ഖജാന്‍ജി തുറവൂര്‍ സുരേഷ് പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് നടക്കുന്ന കായല്‍ സമ്മേളനത്തില്‍ കെപിഎംസ് പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മഹാത്മാ അയ്യങ്കാളിയുടെ ചരിത്ര രചനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ടി.എച്ച്.പി. ചെന്താരശ്ശേരി, കുന്നുകുഴി എസ്.മണി, എ.വി.ദിവാകരന്, പി.എസ്.അനിരുദ്ധന്, മഹാത്മാ അയ്യങ്കാളി സിനിമാ നിര്‍മാതാവായ സൂര്യദേവ, നടന് അജു കാര്ത്തികേയന്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഗായകരായ വൈക്കം വിജയലക്ഷ്മി, മധു ചിലമ്പൊലി, സാമൂഹ്യപ്രവര്‍ത്തകനായ കെ.കെ.പിള്ള എന്നിവരെ കായല്‍ സമ്മേളന ശതാബ്ദി പുരസ്കാരം നല്കി ആദരിക്കും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യ പ്രഭാഷണം നടത്തും. ടി.വി.ബാബു ശതാബ്ദി സന്ദേശം നല്‍കും. തുടര്‍ന്ന് പുലയന് മഹാസഭ-പുലയര്‍ മഹാസഭ ലയന പ്രഖ്യാപനം നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, കൊച്ചി മേയര്‍ ടോണി ചമ്മണി, പണ്ഡിറ്റ് കറുപ്പന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ.ഗോപിനാഥ് പനങ്ങാട്, എസ് സി/എസ് ടി സംയുക്ത സമിതി പ്രസിഡന്റ് വെണ്ണിക്കുളം മാധവന്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, പുലയര്‍ മഹാസഭ പ്രസിഡന്റ് എ.കെ.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ അഞ്ചു ലക്ഷത്തോളം പേര് പങ്കെടുക്കും. മോദി അഞ്ചു മണിയോടെ സമ്മേളന വേദിയിലെത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ.നീലകണ്ഠന്, എം.പി.ഓമനക്കുട്ടന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: