കാസര്‍കോട്: 2012ല്‍ ജില്ലയില്‍ നബിദിന ഘോഷയാത്രയില്‍ പട്ടാളവേഷം ധരിച്ച് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ നാല് കേസ് നിലവിലുണ്ടെന്നും 140 പ്രതികളെ പിടികിട്ടാനുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം നബിദിനത്തില്‍ ഇത്തരത്തില്‍ മാര്‍ച്ച് നടത്തിയതിന് കാസര്‍കോട്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും ചെന്നിത്തല അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെയും അവരുടെ വീടുകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അവരുടെ വീടുകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന കെ കുഞ്ഞിരാമണ്റ്റെ (ഉദുമ) ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ മുഹമ്മദ് ഹാഷിമിനെ ആക്രമിച്ച സംഭവത്തിലും മലയാള മനോരമ ലേഖകന്‍ പി ചന്ദ്രമോഹനണ്റ്റെ വീട് ആക്രമിച്ച സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വീടാക്രമിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്താനായില്ലെന്നും മറുപടി നല്കി. ഹാഷിമിനെ ആക്രമിച്ച സംഭവത്തില്‍ പ്രതി മണിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വകാര്യാശുപത്രിയിലെ വനിത ഡോക്ടര്‍ക്കെതിരെ മൊബൈല്‍ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തതായി രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: