നെടുമ്പാശ്ശേരി : വീതികുറഞ്ഞതും ഇടുങ്ങിയതുമായ ശ്രീമൂലനഗരത്തെ പഞ്ചായത്ത് റോഡുകളിലൂടെ കരിങ്കല്ലും, മണ്ണും കയറ്റിക്കൊണ്ട് നൂറുകണക്കിന് ടിപ്പര്‍ ലോറികളാണ് മരണപ്പാച്ചില്‍ നടത്തുന്നത്. പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വൈര്യതയ്ക്കും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും വന്‍ ഭീക്ഷണിയുയര്ത്തിക്കൊണ്ടാണ് ടിപ്പറും, ടോറസുമടക്കമുള്ള വാഹനങ്ങള്‍ ഇതിലൂടെ മരണപ്പാച്ചില്‍ നടത്തിവരുന്നത്. ടിപ്പറുകളുമായി കൂട്ടിയിടിച്ചും, ട്രഷറില്‍ നിന്ന് ഊര്‍ന്ന് വീഴുന്ന മണ്ണില്‍ തെന്നിയും ഒട്ടേറെ ടൂവിലര്‍ യാത്രക്കാരാണ് ഇതിനകം അപകടത്തില്‍പ്പെട്ടത്.
പ്രസിദ്ധമായ തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം, വെള്ളാരപ്പിള്ളി പ്രദേശങ്ങളില്‍ അപകടങ്ങള്‍ പതിവായി മാറിയിട്ടുണ്ട്. മണ്ണ് വണ്ടികളുടെ മരണപ്പാച്ചില്‍ മൂലം ചെറുകിട വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരും ജീവന് പണയംവച്ചാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രിപ്പര്‍ ലോറിയില്‍ നിന്ന് ഊര്‍ന്ന് റോഡില്‍ വീണ മണ്ണില്‍ ടുവീലര്‍ തെന്നി ആലുവ മാര്‍ക്കറ്റില്‍ മത്സ്യത്തിന് പോയ ഒരു മീന്‍ വില്പ്പനക്കാരന് ഗുരുതര പരിക്കുപറ്റിയിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് തൊട്ടടുത്ത ദിവസം ടുവീലറില്‍ സഞ്ചരിച്ചിരുന്ന ശ്രീഭൂതപുരം പുത്തന്‍വേലി വിശ്വംഭരനും ഇതേപോലെ പരിക്ക് പറ്റിയിരുന്നു.
ഇതിനകം ഡസന്‍ കണക്കിന് ബൈക്ക് യാത്രക്കാരാണ് ഇവിടെ അപകടത്തിന് ഇരയായിട്ടുള്ളത്. സമീപത്തെ പാറമടകളില്‍ നിന്ന് ശേഖരിക്കുന്ന കരിങ്കല്ലും, അനധികൃതമായി കൊണ്ടുപോകുന്ന മണ്ണും നിയമപാലകരുടേയും സഞ്ചരിക്കുന്ന കോടതിയുടേയും കണ്ണുവെട്ടിച്ച് ഇത് വഴിയാണ് കൊണ്ടുപോകുന്നത്. തിരുവൈരാണിക്കുളത്തെ മാറമ്പിള്ളിയുമായി ബന്ധപ്പെടുത്തി പൂതിയ പാലം വന്നതിനെ തുടര്‍ന്ന് മണ്ണ്, കരിങ്കല്ല് എന്നിവ കയറ്റിയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ച്കൊണ്ടിരിക്കുന്നത്. മണ്ണ് വണ്ടികള്‍ മൂടാതെയും പരിധിവിട്ടും മണ്ണ് കയറ്റിക്കൊണ്ടുപൊകുന്നതുമൂലമാണ് റോഡിലേക്ക് ഊര്‍ന്നുവീഴുന്നത്. അതേപോലെ മണ്ണ് വണ്ടികളില്‍ ഉയരുന്ന പൊടി ശല്യവും ഏറെയാണ്. റവന്യൂ, പോലീസ് അധികാരികളുടെ ഒത്താശയോടെയാണ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രദേശങ്ങളിലൂടെയുള്ള ട്രഷര്‍ ലോറികളുടെ പടയോട്ടമെന്നാണ് ജനങ്ങളുടെ കുറ്റപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: