സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് പത്ത് വയസ്. സൗഹൃദത്തിന്റെയും ചര്‍ച്ചകളുടേയും പിന്നെ വിവാദങ്ങളുടേയുമൊക്കെ വാതില്‍ തുറന്ന ലോകത്തിന്റെ മുഖ പുസ്തകം(ഫേസ് ബുക്ക്) ഇന്നലെ പത്താം പിറന്നാള്‍ ആഘോഷിച്ചു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗും കൂട്ടുകാരും 2004-ഫെബ്രുവരിയിലാണ് ഫേസ്ബുക്ക് എന്ന നവമാധ്യമത്തിന് തുടക്കം കുറിച്ചത്.
ഫേസ്ബുക്ക് വരുന്നതോടെ ‘ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കാനാവും’ എന്നാണ് സുക്കര്‍ബര്‍ഗ് ഒരിക്കല്‍ പറഞ്ഞത്. ഇതു തന്നെയാണ് ഫേസ്ബുക്കിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുഹൃത്തുക്കളെ തമ്മില്‍ ബന്ധിപ്പിക്കാനായി സുക്കര്‍ബര്‍ഗും കൂട്ടരും ആരംഭിച്ച ഫേസ്ബുക്കിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
2014-ല്‍ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലോകത്തെ 123-കോടി ജനങ്ങളാണ് ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ആറ് ബില്യണ്‍ ലൈക്കുകളും 30 മില്യണ്‍ ഫോട്ടോസും ഫേസ്ബുക്കിന് അനുദിനം ലഭിക്കുന്നു.
കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ദിനചര്യയായി മാറി ചുരുങ്ങിയ കാലംകൊണ്ട് ഫേസ്ബുക്ക് ചരിത്രത്തില്‍ ഇടം നേടി. ഫേസ്ബുക്കിന്റെ ചുവടുപിടിച്ച് നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വന്നെങ്കിലും അവയ്ക്കൊന്നും ഈ ജനകീയ സൈറ്റിനെ തോല്‍പ്പിക്കാനായില്ല.
പത്തിന്റെ തിളക്കത്തില്‍ എത്തി നില്ക്കുമ്പോള് കൗമാരക്കാര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. 30 ലക്ഷം കൗമാരക്കാരാണ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വിട്ടത്. എന്നാല്‍ ഈ ശൃംഖലയില്‍ നിന്നു വിട്ടുപോയവരേയും ഇതില്‍ അംഗമാകാത്തവരേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഫേസ്ബുക്ക് തുടങ്ങിക്കഴിഞ്ഞു. 80 ലക്ഷം മുടക്കി ഭാവി പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഫേസ്ബുക്ക് അണിയറ പ്രവര്‍ത്തകരുടെ പുതിയ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: