വെയില്‍ചായുമ്പോള്‍ ഗ്രാമവീഥികളിലൂടെ പുസ്തകസഞ്ചിയും തോളില്‍തൂക്കി നഗ്നപാദനായി നടന്നുപോകുന്ന ഒരു വൃദ്ധനെ അല്പകാലം മുമ്പുവരെ
ആളുകള്‍ കണ്ടിരുന്നു. താനെഴുതിയ കൃതികളില്‍ ഒന്നെങ്കിലും വാങ്ങുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്ന വന്ദ്യവയോധികന് ആരെന്നല്ലേ?
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സംസ്കൃതപണ്ഡിതന്മാരില്‍ അഗ്രഗണ്യനായ മഹാകവി മുതുകുളം ശ്രീധര്‍. അദ്ദേഹത്തെക്കുറിച്ച് മധു തൃപ്പെരുന്തുറ എഴുതുന്നു…
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊന്‍പേനയുമായി മഹാകവി മുതുകുളം ശ്രീധര്‍ 88-ാം വയസ്സിലും കര്‍മ്മനിരതനാണ്.
നാല്പതില്പ്പരം കൃതികള്‍, അതില്‍ ഇരുപത്തിരണ്ട് സംസ്കൃത കൃതികളില്‍ ഏഴോളം മഹാകാവ്യങ്ങള്‍, ധാരാളം ലഘു കാവ്യങ്ങള്‍, വിലാപകാവ്യം, വ്യാഖ്യാനങ്ങള്‍, വ്യാകരണ ഗ്രന്ഥങ്ങള്‍, അദ്ദേഹം കടന്നുചെല്ലാത്ത മേഖലകളില്ല. മലയാള കൃതികളില്‍ തര്‍ജ്ജമകള്‍, ഖണ്ഡകാവ്യങ്ങള്‍, ആത്മകഥാപരമായ കവിതകള്‍, ചെറുകഥകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതില്‍ ആരോടും പരിഭവമില്ല. ‘പൊന്‍കോലം കേറ്റാന്‍ കുനിഞ്ഞീലല്ലോ മസ്തകം’ എന്ന് പി. കുഞ്ഞിരാമന് നായരെക്കുറിച്ച് ആറ്റൂര്‍ എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ മഹാകവി മുതുകുളം ശ്രീധറിനും ബാധകമാണെന്നുതോന്നുന്നു.
അംഗീകാരത്തിനായി മസ്തകം കുനിക്കാന്‍ തയ്യാറായിട്ടില്ല, ഒരുകാലത്തും. ഒരു സന്യാസിയുടെ നിസ്സംഗതയോടെ കര്‍മ്മം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
1926 ജനുവരി 23-ാം തീയതി വാസുദേവന്‍ പിള്ളയുടേയും മുതുകുളം ഗൗരിയമ്മയുടേയും പ്രഥമപുത്രനായി മുതുകുളത്ത് ജനിച്ചു. പ്രശസ്തസംസ്കൃത പണ്ഡിതനായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയുടെ ശിഷ്യനായിരുന്ന നാരായണന് നായരാശാനില്‍ നിന്നുമാണ് ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃത പാഠങ്ങള്‍ അഭ്യസിച്ചത്.
16-ാമത്തെ വയസില്‍ മുതുകുളം സംസ്കൃത സ്കൂളില്‍ അദ്ധ്യാപകനായി പ്രവേശിച്ചു. എങ്കിലും മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. ഒരു സുഹൃത്തിനൊപ്പം മുംബൈയിലേക്ക് തീവണ്ടികയറി. പട്ടാളത്തില്‍ ഓര്‍ഡിനന്‍സ് സര്‍വ്വീസില്‍ (എഒസി) 8 വര്‍ഷം നീണ്ട ജോലി. തന്റെ മാര്‍ഗ്ഗം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം താമസിക്കാതെ നാട്ടിലേക്കുമടങ്ങി. സാഹിത്യ വിശാരദ് പാസായി മുതുകുളത്തുതന്നെയുള്ള മറ്റൊരു ഹൈസ്കൂളില്‍ അദ്ധ്യാപകനായി പ്രവേശിച്ചു.
16-ാമത്തെ വയസിലാണ് ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത്. വരിഞ്ഞം രാഘവന്‍പിള്ളയുടെ കേരളം മാസികയില്‍ തുടര്‍ന്ന് മലയാളരാജ്യത്തില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചു. 1976 -ലാണ് കേന്ദ്രമാനവശേഷി വകുപ്പിന്റെ ധനസഹായത്തോടെ മുതുകുളം ശ്രീധര്‍ തന്റെ ആദ്യ സംസ്കൃത മഹാകാവ്യം, നവഭാരതം, മലയാള വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചത്.
ഇന്‍ഡ്യയുടെ ദേശീയ സ്വാതന്ത്ര്യസമരചരിത്രവും ഭാരതീയസംസ്കാരവുമാണ് ഇതിവൃത്തം. 300 പേജുള്ള ഈ പുസ്തകം 18 സര്‍ഗ്ഗങ്ങളിലായി ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, തുടങ്ങി എ.കെ. ഗോപാലന്, ഇഎംഎസ്, പട്ടംതാണുപിള്ള, മന്നത്തുപത്മനാഭന് തുടങ്ങിയ വ്യക്തികളെ വര്‍ണ്ണിക്കുന്നു.
1980 ല്‍ ചട്ടമ്പിസ്വാമികളുടെ പ്രശിഷ്യനായ വിദ്യാനന്ദ തീര്‍ത്ഥപാദരുടെ നിര്‍ദ്ദേശാനുസരണം ചട്ടമ്പിസ്വാമികളെക്കുറിച്ച് വിദ്യാധിരാജവിജയം മഹാകാവ്യം പ്രസിദ്ധീകരിച്ചു.
1987 ല്‍ 19 സര്‍ഗ്ഗങ്ങളോടുകൂടി നായകാഭരണം മഹാകാവ്യം പ്രസിദ്ധീകരിച്ചു. എട്ടുവീട്ടില്‍ പിള്ളമാരെ ന്യായീകരിച്ചുകൊണ്ടും, രാമന്‍തമ്പിയുടേയും, പപ്പുതമ്പിയുടേയും പെങ്ങളായ ഉണ്മിണി തങ്കയെ വിവാഹം കഴിക്കുന്നതിന് മാര്‍ത്താണ്ഡവര്‍മ്മ വിസമ്മതിച്ചതും മറ്റും പ്രതിപാദ്യവിഷയമാകുന്ന ഈ മഹാകാവ്യം സാംസ്കാരിക വകുപ്പിന്റെ സംസ്കാരകേരളം മാസികയിലൂടെയാണ് ആദ്യം വെളിച്ചം കണ്ടത്.
ശ്രീശുഭാനന്ദഗുരുസ്വാമികളെക്കുറിച്ച് ശ്രീശുഭാനന്ദ ഗുരുദേവചരിതം മഹാകാവ്യം, മാതാ അമൃതാനന്ദമയിയെക്കുറിച്ച് അമൃതായനം മഹാകാവ്യം, ഗോമതേശ്വരനെക്കുറിച്ച് ധര്‍മ്മസ്ഥലായം ലഘുമഹാകാവ്യം, ചെങ്കോട്ടുകോണം സ്വാമിയുടെ ഗുരുവായ നീലകണ്ഠ ഗുരുവിനെക്കുറിച്ച്, ശ്രീനീലകണ്ഠഗുരുപാദചരിതം മഹാകാവ്യം,സംസ്കൃതമഹാകാവ്യങ്ങളുടെ നീണ്ടപട്ടികതന്നെയുണ്ട്.
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയില്‍ മനംനൊന്തെഴുതിയ ഇംഗ്ലീഷ് വ്യാഖ്യാനത്തോടുകൂടിയ സംസ്കൃത വിലാപകാവ്യമാണ് അശ്രുപൂജ. അശ്രുപൂജയ്ക്ക് ശൂരനാട് കുഞ്ഞന്‍ പിള്ളസാറാണ് അവതാരിക എഴുതിയത്.
ശങ്കര ഭഗവല്പാദര് എന്ന സംസ്കൃത ഗദ്യപുസ്തകം കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ബി.എ. യ്ക്ക് പാഠപുസ്തകമായിരുന്നു. കാളിദാസന്റെ മേഘസന്ദേശവും ജീമൂത വാഹക കഥപറയുന്ന ശ്രീഹര്‍ഷന്റെ നാഗാനന്ദം നാടകവും മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തു. ശ്രീഹര്‍ഷന്റെ തന്നെ നൈഷധീയചരിതം സംസ്കൃത മഹാകാവ്യത്തിന് വ്യാഖ്യാനമെഴുതി. വിവിധ മാസികകളിലായി പഞ്ചമഹാകാവ്യങ്ങളെക്കുറിച്ച് പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉഷ, ഊര്‍മ്മിള എന്നീ ഖണ്ഡ കാവ്യങ്ങളും, കാവ്യാഞ്ജലി ഏഴുഭാഗം, അനുഭവങ്ങള്‍ എന്ന ചെറുകഥാ സമാഹാരവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. വ്യാകരണത്തെക്കുറിച്ചും അലങ്കാരശാസ്ത്രത്തെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള മുതുകുളം ശ്രീധര്‍ പ്രക്രിയാ സാഗരവും അലങ്കാര പ്രദീപികയും പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തിന് ഒരു ചര്‍ച്ചയും പൂരണവും തിരുത്തുമാണ് പ്രക്രിയാസാഗരം. ഭാഷാഭൂഷണത്തിലെ അലങ്കാരപ്രകരണത്തിന്റെ ന്യൂനതകളെ പരിഹരിച്ചും സമുചിതമായ മറ്റലങ്കാരങ്ങളെ ഉള്‍ക്കൊള്ളിച്ചും അവ്യാപ്തി, അതിവ്യാപ്തി, അസംഭവദോഷങ്ങള്‍, തീണ്ടാത്തവിധം ലക്ഷണസമന്വയം ചെയ്തും ഉള്ള കൃതിയാണ് അലങ്കാരപ്രദീപിക. ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള ശ്രീവിദ്യാധിരാജചരിത്രാമൃതം, ശ്രീനാരായണഗുരുവിനെക്കുറിച്ച് ശ്രീനാരായണഗുരുദേവചരിത്രാമൃതവും എടുത്തുപറയേണ്ട കൃതികളാണ്. 1977 മുതല്‍ മൂന്നുപതിറ്റാണ്ടുകാലം മുതുകുളം ശ്രീധര്‍ ആകാശവാണിയിലൂടെ അവതരിപ്പിച്ച സുഭാഷിതങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ആദികവിപുരസ്കാരം, ഗുരുവായൂര്‍ തുളസീവനം, സംഗീതോത്സവത്തില്‍ നല്കിയ കവിരാജപട്ടം, വിശ്വസംസ്കൃത പ്രതിഷ്ഠാനിന്റെ പണ്ഡിതരത്ന ബഹുമതി, വള്ളത്തോള്‍ സാഹിത്യ സമിതിയുടെ പ്രത്യേക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പുരസ്ക്കാരങ്ങളിലുപരി ആളുകളുടെ സ്നേഹാദരങ്ങളെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിക്കുന്നു. ധര്‍മ്മസ്ഥലീയം മഹാകാവ്യത്തിന്റെ പ്രസിദ്ധീകരണശേഷം കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഡേ പട്ടുംവളയും പണക്കിഴിയും നല്കി ആദരിച്ചത് ഒരിക്കലും മറക്കാന്കഴിയാത്ത അനുഭവമായി. എങ്കിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന് മഹാകവിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ കഴിയില്ലല്ലോ.
ദേവഭാഷയോടും ആ ഭാഷയില്‍ സാഹിത്യം വിരചിക്കുന്നവരോടും വിപ്രതിപത്തികാണിക്കുന്ന സമൂഹത്തിന്റെപേരില്‍ മഹാകവി ഏറെ ദുഃഖിതനാണ്. മഹാകവികള്‍ക്ക് വംശനാശം സംഭവിച്ചുപോയ കാലത്ത്, താനൊരു മഹാകവിയാണെന്നുറക്കെ വിളിച്ചുപറയുന്നതില്‍ അഭിമാനം കൊള്ളുന്ന മഹാകവിയാണ് മുതുകുളം ശ്രീധര്‍. പക്ഷേ, വിധവയായ മകളെയും അവരുടെ മകനെയും തന്റെ തുച്ഛമായ പെന്‍ഷന്‍കൊണ്ട് എത്രനാള്‍ സംരക്ഷിക്കാന്‍ കഴിയും? തന്റെ കാലശേഷം…… വിശ്രമജീവിതം നയിക്കേണ്ട ജീവിതസാഹചര്യത്തില്‍ ഈ മനസ്സില്‍ അസ്വസ്ഥതയുടെ കനലുകളാണ് പുകയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: