പോഡ്ഗോറിക്ക: കമ്യൂണിസ്റ്റ് ആചാര്യന്മാരായ കാറല്‍ മാര്‍ക്സ്, ഏംഗല്‍സ് എന്നിവര്‍ നരകത്തിലാണെന്ന് കാണിക്കുന്ന പള്ളിയുടെ ചുമര്‍ച്ചിത്രം വിവാദമാവുന്നു. തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറിക്കയില്‍ പുതുതായി പണിത പള്ളിയുടെ ചുമരിലാണ് മാര്‍ക്സും ഏംഗല്‍സും യൂഗോസ്ലാവിയയുടെ മുന്‍ ഭരണാധികാരി ടിറ്റോയും ഭീകര ജീവികളുള്ള തീക്കടലില്‍ മുങ്ങുന്നതായി ചിത്രീകരിച്ചത്.
ചര്‍ച്ച ഓഫ് റെസറക്ഷന്റെ കീഴിലുള്ളതാണ് പള്ളി. ചുമര്ച്ചിത്രത്തിനെതിരെ വിശ്വാസികളടക്കമുള്ളവരില് നിന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാപികളായ ക്രിസ്ത്യന്‍ പുരോഹിതരെ ഭീകര രൂപിയായ മൃഗം വിഴുങ്ങുന്നതായും ചിത്രത്തിലുണ്ട്. കമ്യൂണിസ്റ്റ് യൂഗോസ്ലാവിയയുടെ കീഴിലായിരുന്ന കാലത്ത് മോണ്ടിനെഗ്രോയില്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കൃതികള്‍ നിര്‍ബന്ധമായും പഠിക്കണമായിരുന്നു.
അതേസമയം, ചിത്രത്തെ ന്യായീകരിച്ച് പള്ളി നേതൃത്വം രംഗത്തെത്തി. ബാല്‍ക്കന്‍ മേഖലയിലെ കമ്യൂണിസ്റ്റ് തിന്മകളെയാണ് മാര്‍ക്സും ഏംഗല്‍സും പ്രതിനിധീകരിക്കുന്നതെന്നും ഇഷ്ടമുള്ളത് വരയ്ക്കാന്‍ ചിത്രകാരന് സ്വാതന്ത്ര്യം നല്‍കണമെന്നും പള്ളി മേധാവി ഡ്രാഗന് പറഞ്ഞു. ഒരാള്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് ചര്‍ച്ചിന്റെ പേരില്‍ തനിക്ക് വിധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുമര്‍ച്ചിത്രം വരച്ച ചിത്രകാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ചുമര്ച്ചിത്രത്തെപ്പറ്റി പള്ളിക്ക് കീഴിലെ വിശ്വാസികള്‍ക്കിടയിലും ഭിന്നതയുണ്ട്. മതേതര ലോകത്ത് പള്ളി ഇടപെടേണ്ടെന്നും ആര് സ്വര്ഗത്തിലാകുമെന്നും ആര് നരകത്തിലാകുമെന്നും പള്ളി നിശ്ചയിക്കേണ്ടെന്നും അഭിഭാഷകനായ റാഡ് സ്റ്റാന്‍കോവിച്ച് പറഞ്ഞു. കമ്യൂണിസം നിരവധി തിന്മകള്ക്ക് കാരണമായിട്ടുണ്ടെന്നും മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ആശയം പിന്തുടരുന്നവര് നിരവധി പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും ചിത്രത്തെ അനുകൂലിക്കുന്ന വിശ്വാസികള്‍ വാദിക്കുന്നു.
മോണ്ടിനെഗ്രോയിലെ പള്ളികളിലെ ചുമര്‍ച്ചിത്രങ്ങള്‍ നേരത്തെയും വിവാദമുണ്ടാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണാധികാരികളായ ലെനിന്റേയും ടിറ്റോയെയും യേശുവിനെ ഒറ്റുകൊടുത്ത ജൂതന്മാര്ക്കും ഹിറ്റ്ലറിനുമൊപ്പം ചിത്രീകരിച്ച് ഓസ്ട്രോങ്ങിലെ കന്യാസ്ത്രീ മഠവും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: