കോട്ടയം: ജില്ലയിലെ വൃക്കരോഗികളുടെ സൗജന്യ ചികിത്സയ്ക്കായി ജില്ലാ ഭരണകൂടവും സര്‍ക്കാരും സ്വകാര്യസ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്കുന്ന വ്യക്തികളും ചേര്‍ന്ന് സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാനും ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാനുമായ ഗോകുലം ഗോപാലന് ആവശ്യപ്പെട്ടു. ഇങ്ങനെ രൂപീകരിക്കുന്ന ട്രസ്റ്റിന് സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ന് കേരളത്തിലും മറ്റും പൊതുവായി വൃക്കരോഗം സാധാരണ ജനങ്ങളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസമായി സൗജന്യ ചികിത്സാ സെന്ററുകള്‍ തുടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിദര്ശനവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി അനുസ്മരണവും വൃക്കരോഗികള്‍ക്കുള്ള ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധര്‍ണ്ണയും കോട്ടയം ഗാന്ധിസ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്മാന് എം.പിസന്തോഷ്കുമാര് അധ്യക്ഷതവഹിച്ചു. പി.സി തോമസ്, കെ.ആര് അരവിന്ദാക്ഷന്, ടോമി കല്ലാനി, വി.എന്‍ വാസവന്, എം.എന്‍ ത്രിവിക്രമന്‍, മാന്നാനം സുരേഷ്, ആര്‍പ്പൂക്കര തങ്കച്ചന്, കോട്ടയം ശ്യാം, റിച്ച് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: