ഏലൂര്‍: ഫാക്ടിനെ രക്ഷിക്കാന്‍ സേവ് ഫാക്ടിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.മുരളി അനുഷ്ഠിക്കുന്ന നിരാഹാര സത്യഗ്രഹം മൂന്നാംദിവസം പിന്നിട്ടു. കൂടുതല്‍ ജനകീയ പിന്തുണയാര്‍ജിച്ച് സമരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാവിലെ നടന്ന യോഗത്തില്‍ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി രവിക്കുട്ടന് അഭിവാദ്യമര്‍പ്പിച്ചു. എഴുത്തുകാരനായ പയ്യപ്പിള്ളി ബാലന് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഫാക്ട് സെന്‍ട്രല്‍ ജുമാമസ്ജിദ് മഹല്ല് അംഗങ്ങള്‍ ഇന്നലെ പ്രകടനമായെത്തി സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. ഇന്ന് മഹല്ല് അംഗങ്ങള്‍ പന്തലില്‍ ഉപവാസമനുഷ്ഠിക്കുമെന്നും പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധിക്കും സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയില്‍ ഒപ്പുശേഖരണം നടത്തുമെന്നും അറിയിച്ചു.
ഹിന്‍ഡാല്‍കോ സംയുക്ത ട്രേഡ് യൂണിയന് നേതാക്കളായ സാംബശിവന്, എ.എസ്.മുരളി എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരും പ്രീമിയര്‍ ടയേഴ്സ് ജീവനക്കാരും അഭിവാദ്യമര്‍പ്പിച്ചു. ഫാക്ട് കാഷ്വല്‍ ലേബേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പന്തലില്‍ ഉപവാസമനുഷ്ഠിച്ചു. വൈകിട്ട് 4ന് ഫാക്ട് ഒാഫീസേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എസ്.തിലകന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിവാദ്യപ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: