ആലപ്പുഴ: തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം കാറില്‍ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ തിരുമലഭാഗം വിഠോബാനിവാസില് ജി.ദിലീപ് കുമാറാ (48)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മാവേലിക്കരയിലേക്ക് പോയതായിരുന്നു. തിരിച്ചുവരുന്ന വഴി ദേശീയ പാതയില്‍ പാതിരപ്പള്ളി പൂങ്കാവ് ജങ്ങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് അതുവഴി പോയവര്‍ കണ്ടത് കാറിനകത്ത് തീപിടിച്ച നിലയില്‍ ഒരാള്‍ ഇരിക്കുന്നതാണ്. അവര്‍ ചില്ല് പൊട്ടിച്ച് തീകെടുത്തി. അപ്പോഴേക്കും ദിലീപ് പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കാറിന്റെ ഉള്‍ഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. പുറം?ഭാഗത്തിന് തകരാറൊന്നുമില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി പത്തോടെ സംസ്ക്കരിച്ചു.
ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫൈനാന്‍സ് സ്ഥാപന ഉടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ അടക്കമുള്ള പ്രചരണ സാമഗ്രികളുമായി മാവേലിക്കരയ്ക്ക് പോയതായിരുന്നു. ബന്ധുക്കള്‍ വ്യാഴാഴ്ച രാത്രിയില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയാണെന്നാണ് അറിയിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണോയെന്നും, അതോ മറ്റാരെങ്കിലും കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയതാണോയെന്നും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ആത്മഹത്യ ചെയ്യേണ്ട സാമ്പത്തിക പ്രതിസന്ധിയോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിഠോബ ഫൈനാന്‍സിയേഴ്സ് എന്ന പേരില്‍ നാലിടത്ത് ഇയാള്‍ സ്ഥാപനം നടത്തുന്നുണ്ട്. കൂടാതെ ചേര്‍ത്തലയില്‍ റിയല്‍ പോസ്റ്റ് മാര്‍ക്ക് എന്ന ഗൃഹോപകരണ സ്ഥാപനവും നടത്തിവരികയായിരുന്നു. പരേതനായ ഗോപാലവാധ്യാരാണ് അച്ഛന്. അമ്മ: വേദവതീഭായി. ഭാര്യ: സന്ധ്യ. മക്കള്‍: സന്ദീപ്, ജയദീപ്. സഹോദരങ്ങള്‍: ജി.ശ്രീകുമാര്‍ (ബാലഗോകുലം), ജയചന്ദ്രഭട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് മരിച്ച ദിലീപ്കുമാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: