തിരുവനന്തപുരം: മാരകമായ ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള സംസ്ഥാനത്ത് ആദ്യമരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു(43)വാണ് മരിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എലികളുടെ വിസര്ജ്യത്തിലുണ്ടാവുന്ന വൈറസ് വായുവിലൂടെ പടര്‍ന്നാണ് രോഗബാധ ഉണ്ടാവുന്നത്.
നേരത്തെ രാജ്യത്ത് തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹാന്റാ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന എന്നിങ്ങനെ എലിപ്പനിയുടെ ലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാകുക. എലിപ്പനിക്ക് നല്കുന്ന ചികിത്സയാണ് ഈ രോഗത്തിനും നല്‍കുന്നത്. വളരെ അപൂര്‍വമായി ഇന്ത്യയില്‍ കണ്ടുവരുന്ന ഈ രോഗം ആദ്യമായാണ് കേരളത്തില്‍ സ്ഥിരീകരിക്കുന്നത്.
നേരത്തേ നാഗര്‍കോവില്‍ സ്വദേശിയായ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത് ഹാന്റാവൈറസ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകിയാല്‍ ഏറെ ഗുരുതരമാകുന്ന അസുഖമാണിത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരില്ലെന്നതും രോഗത്തിന്റെ പ്രത്യേകതയാണ്. ദക്ഷിണ കൊറിയയിലെ ഹാന്റണ്‍ നദിക്ക് സമീപമാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഹാന്റാ വൈറസ് എന്ന് പേര് വിളിക്കാന്‍ തുടങ്ങിയത്.
മാലിന്യനീക്കം നിലച്ചതും എലികളിലുണ്ടായ വര്‍ധനയും രോഗം പടരാന്‍ ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: