കൊച്ചി: ജമാ അത്തെ ഇസ്ലാമിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്ത്യന്‍ ഭരണഘടനക്കും നിയമവാഴ്ചക്കും എതിരായാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
1957 ല്‍ എഴുതിയുണ്ടാക്കിയ ജമാ അത്തെ ഇസ്ലാമി ഭരണഘടന പ്രകാരം ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഭരണഘടന, കോടതികള്‍, നീതിന്യായ വ്യവസ്ഥ എന്നിവയൊന്നും അംഗീകരിക്കരുതെന്നും ജമാഅത്തെ ഇസ്ലാമി ഭരണഘടന അംഗങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ദേശീയത, ജനാധിപത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് ജമാ അത്തെ ഇസ്ലാമി എതിരാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഇത്രയും ദേശദ്രോഹകരമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കെതിരെ ഇക്കാലമത്രയും സര്‍ക്കാര്‍ നടപടി എടുക്കാഞ്ഞത് ദുരൂഹമായി തുടരുകയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പ്രതിക്കൂട്ടിലാകും. ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് അബ്ദുള്‍ സമദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസപ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ദേശവിരുദ്ധ ആശയങ്ങളുള്ള പുസ്തകങ്ങളും മാസികകളും ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചതായി തെളിവുണ്ടെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. കേരള ഘടകത്തിന്റെ പ്രവര്‍ത്തനത്തിന് വിദേശത്തു നിന്ന് പണം ലഭിക്കുന്നുണ്ടെന്നും ഇതിെന്റ സ്രോതസ്സുകള്‍ ദുരൂഹമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിരോധിത സംഘടനകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ- ഭീകര സംഘടനകളുമായി ജമാ അത്തെ ഇസ്ലാമിക്കു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാവോവാദികള്‍ ഉള്‍പ്പെടെയുള്ള നിരോധിത ഇടതു തീവ്രവാദി സംഘടനകള്‍, നിരോധിക്കപ്പെട്ട മുസ്ലീം ഭീകര പ്രസ്ഥാനം സിമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഡിഎഛ്ആര്‍എം എന്നീ സംഘടനകളുമായി സജീവ ബന്ധമുണ്ട്. സിമി, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയൊക്കെ ജമാ അത്ത് ആശയങ്ങളില്‍ നിന്ന് രൂപപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സംഘടന കാണിക്കുന്ന അമിതമായ താത്പര്യം കാപട്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യയിലെ നിലവിലുളള ഭരണ സംവിധാനവുമായി ഒരു തരത്തിലും സഹകരിക്കരുതെന്നാണ് ജമാ അത്തെ ഇസ്ലാമി അണികള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികള്‍ പോലും സ്വീകരിക്കരുത്. കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുത്. രാജ്യത്ത് മുസ്ലീം ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അനുകൂലമായ അവസരം വരുമ്പോള്‍ ഇതിനായി രംഗത്തിറങ്ങണം. ഭീകര ആക്രമണങ്ങളില്‍ ജമാ അത്തെ ഇസ്ലാമി നേരിട്ട് പങ്കെടുത്തതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സംഘടനക്കെതിരെ സര്‍ക്കാര്‍ ഇത്രയും കാലം നടപടിയെടുക്കാഞ്ഞത് എന്തു കൊണ്ടെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. ആഗോള തലത്തില്‍ തന്നെ വേരുകളുള്ള മുസ്ലീം തീവ്രവാദ പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ലോകത്ത് പല രാജ്യങ്ങളും സംഘടനയെ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രസ്ഥാനം സ്വതന്ത്രമാണെന്ന നിലപാടാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഘടനയുടെ ഇന്ത്യന്‍ നേതാക്കള്‍ സ്വീകരിക്കാറ്. എന്നാല്‍ കാശ്മീര്‍ ഭീകര പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് ദേശ ദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംഘടനക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: