തൃശൂര്‍: സൗമ്യയുടെ ഓര്‍മകള്‍ക്ക് നാളെ മൂന്ന് വര്‍ഷം തികയുമ്പോഴും ഗോവിന്ദച്ചാമിയുടെ കഴുത്തില്‍ വീഴേണ്ട കൊലക്കയര്‍ നിയമയുദ്ധത്തില്‍ നീണ്ട് പോവുകയാണ്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആ ക്രൂരകൃത്യം അരങ്ങേറിയത് 2011 ഫെബ്രൂവരി ഒന്നിനാണ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ വീട്ടില്‍ സൗമ്യ(21) ജോലി കഴിഞ്ഞ് എറണാകുളത്തു നിന്നും വൈകിട്ട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മടങ്ങിവരുന്നതിനിടെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപം വച്ച് ആക്രമണത്തിനിരയാവുകയായിരുന്നു. പെണ്ണ് കാണല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ടാണ് സൗമ്യ വീട്ടിലേക്ക് പോന്നത്. ട്രെയിനില്‍ ഭിക്ഷയാചിച്ച് നടന്ന ചാര്‍ളിയെന്ന ഗോവിന്ദചാമി സൗമ്യയെ ആക്രമിക്കുകയും പിന്നീട് ട്രെയിനില്‍ നിന്നും തള്ളിയിട്ട് ട്രാക്കിലിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണു സൗമ്യ മരിച്ചത്. ഇതിനുമുമ്പെ ഫെബ്രുവരി നാലിന് പ്രതി ഗോവിന്ദച്ചാമിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. 2011 നവംബര്‍ 11നാണു തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോവിന്ദചാമിക്കു വധശിക്ഷ വിധിച്ചത്. കേരളം ഏകമനസ്സോടെ സ്വാഗതം ചെയ്ത ആ വധശിക്ഷ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചും കഴിഞ്ഞ ഡിസംബര്‍ 17ന് ശരിവച്ചിരുന്നു.
വധശിക്ഷ കാത്തു ജയിലില്‍ കിടക്കുന്ന ഗോവിന്ദച്ചാമി ജയിലില്‍ അക്രമസ്വഭാവം കാണിച്ച് ഇതിനിടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ജയില്‍ അധികൃതര്‍ക്കു നേരെ മലമൂത്രാദികള്‍ വലിച്ചെറിഞ്ഞും ബിരിയാണി വേണമെന്നു വാശിപിടിച്ചുമെല്ലാം ഇയാള്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അപാരമായ മനകരുത്തും ക്രൂരതയും നിറഞ്ഞൊഴുകുന്നയാളാണ് പ്രതി. ഗോവിന്ദചാമിയുടെ നിയമപോരാട്ടം സുപ്രിംകോടതി വരെ നീണ്ടേക്കും. അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉയരുകയാണ്. വെറുമൊരു ഭിക്ഷക്കാരനായ ഗോവിന്ദചാമിക്ക് എങ്ങനെയാണ് ലക്ഷങ്ങള്‍ മുടക്കി നിയമപോരാട്ടം നടത്തുവാന്‍ സാധിക്കുന്നത്. ഇയാളുടെ പിന്നില്‍ ആരാണ്. ബി.എം.ആളൂര്‍ എന്ന വക്കീലിനെ ഗോവിന്ദച്ചാമിക്ക് വേണ്ടി നിയോഗിച്ചതാര്. ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ബാംഗ്ലൂര്‍ ആസ്ഥാനമായ ആകാശപറവകള്‍ എന്ന ക്രിസ്ത്യന്‍ സംഘടനയാണ് ഗോവിന്ദച്ചാമിയെ ചാര്‍ളിയായി മതംമാറ്റിയതെന്ന് പറയുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വി.എം.ആളൂര്‍ വക്കിലിനെ കൊണ്ട് വന്നതും ഈ ക്രൈസ്തവ സംഘടനയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ചാര്‍ളിയെന്ന ഗോവിന്ദചാമിയുടെ ക്രൈസ്തവ പശ്ചാത്തലം അന്വേഷിച്ചാല്‍ മാത്രമെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുകയുള്ളു.
സൗമ്യയുടെ വേര്പാടിന് മുന്ന് വര്‍ഷമാകുമ്പോഴും ഇന്നല്ലെങ്കില്‍ നാളെ ഗോവിന്ദച്ചാമിക്ക് തൂക്ക് കയര്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് സൗമ്യയുടെ അമ്മ സുമതിയും സഹോദരന് സന്തോഷും.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: