കാസര്‍കോട്: ചടങ്ങ് പാര്‍ട്ടി നിയന്ത്രണത്തിലുള്ള വായനശാലയുടെ ഉദ്ഘാടനം, ഉദ്ഘാടകന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. ഉദ്ഘാടനം നിലവിളക്കു കൊളുത്തി നിര്‍വഹിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് ഒരു വിസമ്മതവുമുണ്ടായില്ല. പാര്‍ട്ടി പ്ലീനം ഹിന്ദുമതാചാരങ്ങളെ എതിര്‍ക്കണമെന്ന് അണികളെ ആഹ്വാനം ചെയ്തിട്ടും.
കാഞ്ഞങ്ങാട്ടെ പാര്‍ട്ടിഗ്രാമമായ അതിയാമ്പൂരിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ പതിവിന് വിപരീതമായ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബാലബോധിനി വായനശാലയുടെ വാര്‍ഷികാഘോഷ വേദിയിലായിരുന്നു പിണറായിയുടെ വ്യത്യസ്തമായ ഉദ്ഘാടന കര്‍മ്മം. സിപിഎം നേതൃത്വത്തിലുള്ള വായനശാല സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. അടുത്തിടെ പാലക്കാട് നടന്ന പ്ലീനത്തില്‍ കൈക്കൊണ്ട ഹിന്ദുവിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഈ ചുവടുമാറ്റമെന്നാണ് കരുതപ്പെടുന്നത്.
തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ സെമിനാറുകള്‍ നടത്തി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള സിപിഎമ്മിന്റെ നീക്കം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഹിന്ദുവിഭാഗത്തിലുള്ളവരായിട്ടുകൂടി പാര്‍ട്ടി ഹൈന്ദവ വിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ടതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സിപിഐ ഭാരതീയ സംസ്കാരത്തെ ആധാരമാക്കി കണ്ണൂരില്‍ സെമിനാര്‍ നടത്തിയതും. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ അവഗണനയും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സാമുദായിക സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും ഇത്തരം സംഘടനകളിലേക്ക് പ്രവര്‍ത്തകര്‍ കൂറുമാറുന്നു. മതവിഭാഗങ്ങളുമായുള്ള സിപിഎം നിലപാട് ഇതോടുകൂടി വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: