കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ബിജെപിയുടെ കാസര്‍കോട് ലോക്സഭാ മണ്ഡലം സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട് ൩ന് കാസര്‍കോട് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ അണിചേരും. മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യുന്ന പരിപാടി ബിജെപിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരിക്കും. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സെക്രട്ടറി വി.വി.രാജന്, ദേശീയസമിതി അംഗങ്ങളായ എം.സഞ്ജീവഷെട്ടി, മടിക്കൈ കമ്മാരന്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, കണ്ണൂറ് ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക് തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം വാന്‍ വിജയമാക്കി തീര്‍ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തിവരുന്നത്. പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തി വരുന്നുണ്ട്. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനായി ബൂത്ത് സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. പ്രാദേശികമായി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തകരെ സജ്ജരാക്കുന്നു. രാജ്യമെങ്ങും ദൃശ്യമാകുന്ന ദേശീയ ഉണര്‍വിണ്റ്റെ പ്രതിഫലനമാകും നാളെ കാസര്‍കോട് നടക്കുന്ന സമ്മേളനവും. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുടെ പ്രഭാവം ആവേശം പടര്‍ത്തുന്ന അന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുന്നത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്ന കാസര്‍കോട്ടും ഈ ആവേശം ദൃശ്യമാണ്. പ്രാദേശികമായി നടത്തിയ യോഗങ്ങളില്‍ അനുഭവപ്പെട്ട ജനപങ്കാളിത്തവും യുവജനങ്ങളുടെ സാന്നിധ്യവും പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്കും കനത്ത വെല്ലുവിളി കാസര്‍കോട്ട് ബിജെപി ഉയര്‍ത്തിയിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് മോദിയെ പ്രധാനമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പ്രവര്‍ത്തനം. അഴിമതി വിരുദ്ധ സര്‍ക്കാറിനെതിരെയുള്ള ജനവികാരവും നരേന്ദ്രമോദിയുടെ നായകത്വവും കാസര്‍കോട്ടും പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: