കല്‍പ്പറ്റ : ആദിവാസികള്‍ക്ക് വരമൊഴിയായി ലഭിച്ച പാരമ്പര്യ വിജ്ഞാനത്തിന്റെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞനും ലക്നൗ എന്‍.ബി.ആര്.ഐ(നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) മുന്‍ ഡയറക്ടറുമായ പത്്മശ്രീ ഡോ. പുഷ്പാംഗദന്. 26-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസിനു ആതിഥ്യമരുളുന്ന പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ കാംപസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതകാലത്ത് സമ്പന്നമായിരുന്ന ആദിവാസി പാരമ്പര്യ വിജ്ഞാനമണ്ഡലം അനുദിനം ശുഷ്കമാകുകയാണ്. മണ്‍മറയുകയാണ് അറിവുകളില്‍ പലതും. ഈ അവസ്ഥ ഒഴിവാകുന്നതിനു ആദിവാസി മേഖലകളില്‍ പാരമ്പര്യ വിജ്ഞാന പഠനകേന്ദ്രങ്ങള്‍ തുടങ്ങണം. പാരമ്പര്യവിജ്ഞാന സംരക്ഷണത്തില്‍ ആദിവാസികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഓരോ കേന്ദ്രത്തിലും വിദഗ്ധരെ നിയോഗിക്കണം. പഠനകേന്ദ്രങ്ങളെ സര്‍വകലാശാലകളുമായി ബന്ധപ്പെടുത്തി ഗവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കണം. പാരമ്പര്യവിജ്ഞാന ശാഖകള്‍ക്ക് മാത്രമായി കേരളത്തില്‍ സര്‍വകലാശാല ആരംഭിക്കുന്നതിലും ഔചിത്യമുണ്ട്.
ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ പ്രയോഗത്തെക്കുറിച്ചുമുള്ള ആദിവാസികളുടെ അറിവ് അപാരമാണ്. ആദിവാസി പാരമ്പര്യ വിജ്ഞാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യത്തില്‍ ഡോ. സ്വാമിനാഥന് നടത്തിയ ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മകോളജി, എത്നോബയോളജി, ആയുര്‍വേദ തുടങ്ങിയ വിഭാഗങ്ങിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയും തുടര്‍ന്ന് ആള് ഇന്ത്യാ കോ ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രൊജക്ടും ആരംഭിക്കുന്നതിനു വഴിയൊരുക്കിയത്. പ്രൊജക്ടിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: