കോഴിക്കോട്: ടിപി ചന്ദ്രശേഖരന് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാത്തത് പ്രോസിക്യൂഷന്റെ പരാജയം. കൊലയാളി സംഘത്തിലെ ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ മറ്റേതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും കേസില്‍ പ്രതികളാണെന്നതിനുള്ള രേഖകള്‍ പോലും പ്രോസിക്യൂഷന് ഹാജരാക്കിയില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചു. ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് കാണിച്ച അനാസ്ഥ തന്നെയാണിക്കാര്യത്തിലും ഉണ്ടായത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അതുകൊണ്ട് പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതികളുടെ കേസുകളുടെ പുര്‍വ്വ ചരിത്രം കോടതിയില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് ശ്രദ്ധ കാണിച്ചില്ല.
ഒന്ന് മുതല്‍ ഏഴു വരെ പ്രതികള്‍ നിരവധി കൊലപാതകങ്ങളില്‍ പ്രതികളാണെന്നും കടുത്ത ക്രിമിനലുകളാണെന്നും അവര്‍ മന:പരിവര്ത്തനത്തിനതീതമാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വാക്കാല്‍ പറയുകയല്ലാതെ ഒന്ന് മുതല്‍ ഏഴു വരെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം വിശദമാക്കുന്ന ഒരു രേഖയും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ കൊടും ക്രിമിനലുകളാണെന്ന വാദം സമര്‍ത്ഥിക്കാനാവശ്യമായ ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് ശ്രമിച്ചില്ല.
മൂന്ന് മുതല്‍ ഏഴു വരെ പ്രതികള്‍ 26 മുതല്‍ 35 വരെ പ്രായമുള്ളവരാണെന്നും അവിവാഹിതരും യുവത്വത്തിന്റെ പ്രധാനഘട്ടത്തിലാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. പ്രായവും അവര്‍ മറ്റേതെങ്കിലും കേസില്‍ പ്രതികളാണെന്ന തെളിവിന്റെ അഭാവവും സാഹചര്യങ്ങളെ ലഘൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. എന്നാല്‍ കൊടിസുനി 36 കേസുകളിലും കിര്‍മാണി മനോജിനെതിരെ 15 കേസുകളും എം.സി. അനൂപിന്റെ പേരില്‍ നാലു കേസുകളും ടികെ. രജീഷിന്റെ പേരില്‍ അഞ്ചു കേസുകളും നിലവിലുണ്ട്.ശിക്ഷിക്കപ്പെട്ട മേറ്റ്ല്ലാ പ്രതികളുടെ പേരിലും കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പല കേസുകളും കൊലപാതക കേസുകളുമാണ്. രണ്ട് ബിജെപി പ്രവര്‍ത്തകരെ നടുറോഡില്‍വെച്ച് വെട്ടിക്കൊന്ന മാഹി ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് കൊടി സുനി. എന്നാല്‍ ഇത്തരം കേസുകളുടെയൊന്നും വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സുപ്രധാന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരമാവധി ശിക്ഷയായ വധശിക്ഷ നല്കുന്നതില് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്.
ബച്ചന്‍സിംഗ് പഞ്ചാബ് സര്‍ക്കാര്‍ കേസ്, മാച്ചിസിംഗ് പഞ്ചാബ് സര്‍ക്കാര്‍ കേസ്, ഹരേഷ് മോഹന്‍ദാസ് രാജ്പുത്, മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ്, സംഗീത് സിംഗ് ഹരിയാന സര്‍ക്കാര്‍ കേസ്, 2013 ലെ ശങ്കര്‍ കിഷന് റാവുകാടെ, മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് തുടങ്ങിയ നിരവധി കേസുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ടിപി വധം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് വിശദീകരിച്ചത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ വധവുമായി ബന്ധപ്പെട്ട കേസും സംബന്ധിച്ച് വിധിയില്‍ പരാമര്‍ശിക്കപ്പെട്ടു. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട കേസിനെ ടി പി കേസുമായി ഒരു താരതമ്യത്തിനും സാധ്യമല്ലെന്നു വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച കേസുകളും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടു.
വധശിക്ഷ ഒഴിവാക്കിയെങ്കിലും ജീവപര്യന്തം തടവ് 14 വര്‍ഷമോ ഇരുപതു വര്‍ഷമോ ആണെന്ന ധാരണ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മരണം വരെയാണ് ജീവപര്യന്തം തടവെന്നും സര്‍ക്കാര്‍ നിയമവിധേയമായി നല്കുന്ന ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ ജീവപര്യന്തം തന്നെയാണ് തടവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: