തിരുവനന്തപുരം : സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുള്ള കാപ്പാ നിയമപ്രകാരം ഗുണ്ടകളെ ആറ് മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള വ്യവസ്ഥ ഒരു വര്‍ഷമാക്കി നിയമഭേദഗതി കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടാമാഫിയ, ക്വട്ടേഷന്‍, ബ്ലേഡ് മാഫിയ സംഘങ്ങളെ കര്‍ശനമായി നേരിടും ഇത്തരം കേസുകള്‍ മാസം തോറും ഡിജിപിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്യും. ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും നേര്‍ക്കുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റ് ശേഖരിച്ച് അവരെ പിടികൂടാന്‍ പ്രത്യേക നടപടി കൈക്കൊള്ളും. സ്കൂള്‍, കോളേജ് പരിസരങ്ങളിലെയും ഹോസ്റ്റല്‍ പരിസരങ്ങളിലെയും ലഹരി വില്‍പ്പന നിരോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളില്‍ രാത്രി കാലത്തും നിരീക്ഷണ ക്യാമറകള്‍ സജ്ജമാക്കും. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കും. ടി.പി. ചന്ദ്രശേഖരന്‍കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കും. ഇത് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
മാഫിയകളുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്തെറ്റു ചെയ്താല്‍ സംരക്ഷിക്കില്ല. എന്നാല്‍ നിരപരാധികളായ ഉദ്യോഗസ്ഥര്‍ ക്രൂശിക്കപ്പെടുകയുമരുത്. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക യോഗം വിളിക്കും. അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഗൗരവമാണ്. ഇവരുടെ രജിസ്ട്രേഷനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ക്രൈം ബ്രാഞ്ചിനെ ശക്തിപ്പെടുത്തും. കേസന്വേഷണവും ക്രമസമാധാന പരിപാലനവും രണ്ടാക്കുന്നതിനായുള്ള പെയിലറ്റ് പദ്ധതി കാസര്‍ഗോഡ് നടപ്പാക്കും. ആരാധനാലയങ്ങളിലെ മോഷണങ്ങള്‍ സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്തുമെന്നും, ചെന്നിത്തല പറഞ്ഞു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എഡിജിപിമാരായ എ. ഹേമചന്ദ്രന്, കൃഷ്ണമൂര്‍ത്തി, വിന്‍സന്റ് എം.പോള്‍, പത്മകുമാര്‍, ഐജിമാര്‍, എസ്.പി.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: