പത്തനംതിട്ട: ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പിന് കൂട്ടുനില്ക്കാനാകാതെ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അവധിയില്‍ പ്രവേശിക്കുന്ന പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഭരണപ്രതിസന്ധിയും. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സമഗ്ര തെങ്ങുകൃഷി പദ്ധതി 2013ന്റെ മറവിലാണ് കഴിഞ്ഞ സെപ്തംബറില്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പിന് കളമൊരുക്കിയത്. കൃഷിവകുപ്പിന്റെ ജില്ലയിലെ അധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറടക്കമുള്ളവര്‍ അവധിയെടുത്ത് മുങ്ങിയതോടെ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതിയാണ്. വെള്ളപ്പൊക്കത്തിലും വരള്‍ച്ചയിലും കൃഷിനാശമുണ്ടായവരടക്കം ഒരുവര്‍ഷത്തോളമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കാത്തിരിക്കുകയാണ്.
തെങ്ങുകര്‍ഷകര്‍ക്ക് ജൈവവളവും, രോഗപ്രതിരോധ മിശ്രിതവും നല്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ വ്യാജ രേഖകള്‍ ചമച്ച് അന്നത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന കെ.എം.കോശിയാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. ഗുണഭോക്തൃ ലിസ്റ്റടക്കമുള്ള രേഖകള്‍ ഫയലില്‍ ഇല്ലാതെയാണ് 40 ലക്ഷത്തോളം രൂപ ട്രഷറിയില്‍ അടച്ച് വളം വിതരണം ചെയ്ത ചങ്ങനാശ്ശേരി സതേണ്‍ ഫെര്‍ട്ടിലൈസേഴ്സിന്റെ പേരില്‍ ഒരു കോടിയിലേറെ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തരപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ 30ന് കെ.എം.കോശി സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും തുടര്‍ന്ന് ചുമതലക്കാര്‍ ഡ്രാഫ്റ്റ് വളക്കമ്പനിക്ക് നല്കാന് തയ്യാറാകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഭരണകക്ഷിയിലെ പ്രമുഖരുടെയടക്കം സമ്മര്‍ദ്ദം ഏറിയതോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടറും അവധിയില്‍ പോകുകയായിരുന്നു. പിന്നീട് ഇതുവരേയും ചുമതലയേറ്റ ആരുംതന്നെ ഡ്രാഫ്റ്റ് കമ്പനിക്ക് നല്കാന് തയ്യാറായില്ല. ഇതിനോടകം അഞ്ചോളം കൃഷി ഓഫീസര്‍മാര്‍ ചുമതലയേറ്റ ഉടനെ അവധിയില്‍ പോയി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.കെ.സജിത, വാട്ടര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അനി സാമുവേല്‍ എന്നിവരാണ് അവസാനമായി അവധിയില്‍ പോയിരിക്കുന്നത്. ചട്ടവിരുദ്ധമായി ഭീമമായ തുകയുടെ ഡ്രാഫ്റ്റ് കമ്പനിക്ക് നല്‍കുന്നതിലെ ഓഡിറ്റ് ഒബ്ജക്ഷന് ഭയന്നാണ് ഉദ്യോഗസ്ഥര്‍ മുങ്ങുന്നത്. തട്ടിപ്പ് വിവാദമായതോടെ പോലീസിന്റെ വിജിലന്‍സ് വിഭാഗം ഓഫീസിലെത്തി തെളിവുകള്‍ ശേഖരിക്കുകയും രേഖകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കൃത്രിമ രേഖകള്‍ ചമച്ച് ഫയലില്‍ സൂക്ഷിച്ച് പ്രശ്നം പരിഹരിക്കാനും അധികൃതര്‍ ശ്രമം നടത്തി. ഇതിനായി ഗുണഭോക്തൃ ലിസ്റ്റ് പഴയ തീയതി പ്രകാരം തയ്യാറാക്കി അയയ്ക്കാന്‍ കൃഷിഭവനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പദ്ധതിയുടെ ഗുണഭോക്തൃവിഹിതമായ 50 ശതമാനംതുക അടയ്ക്കാന്‍ വളം വിതരണം ചെയ്ത കമ്പനി തന്നെ തയ്യാറായതും ഏതുവിധത്തിലും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: