തൃശൂര്‍: സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു പരാജയമാണ് സംഭവിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സ്ത്രീകളെ അവഹേളിക്കുന്ന സംഭവങ്ങളിലെ പല കേസുകളും ദുര്‍ബലമാകുകയാണ്. ഫേസ്ബുക്കിലൂടെ സ്ത്രീകളെ അപഹസിക്കുന്നതു ആത്മഹത്യകളിലേക്ക് വരെ വഴിതെളിച്ചിട്ടും ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് പലപ്പോഴും വീഴ്ചകള്‍ സംഭവിക്കുന്നതായും ബിന്ദു ചൂണ്ടിക്കാട്ടി.
വരുന്ന പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശശി തരൂരിനെ മത്സരിപ്പിക്കുന്നതില്‍ മഹിളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കേസണ്‍നും വന്നിട്ടില്ല. തന്നെയുമല്ല, സുനന്ദയുടെ വീട്ടുകാരോ ബന്ധുക്കളോ ആരും തന്നെ തരൂരിനെതിരെ പരാതി ഉന്നയിച്ചിട്ടില്ല. സുനന്ദയുടെ മകന് പോലും തരൂരിന് മരണവുമായി ബന്ധമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ തരൂരിനെതിരെ അന്വേഷണം വേണമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കേസ് തരൂരിനെതിരെ ഉണ്ടെന്ന് കണ്ടാല്‍ അത്തരം സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്ന് ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: