അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിയിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ പാലിശ്ശേരിയിലെ പൈനാപ്പിള്‍ തോട്ടത്തില്‍ പണിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് പരിക്കേറ്റു. ജനവാസ കേന്ദ്രമായ പാലിശ്ശേരിയില്‍ പകല്‍ സമയത്ത് പുലി ആക്രമണം നടന്നതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. അങ്കമാലി പോലീസും റെയ്ഞ്ച് ഓഫീസര്‍ ഇമാംകുട്ടിയുടെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴാറ്റുമുഖം-അതിരപ്പിള്ളി പ്രദേശത്തെ വനാന്തരങ്ങളില്‍ ഉള്ള പുലിയാണ് പാലിശ്ശേരിയില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. സാധാരണ വനപ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന ഏഴാറ്റുമുഖം, അയ്യംമ്പുഴ, കാലടി പ്ലാന്റേഷന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു പുലി ഉള്‍പ്പെടെയുള്ള വനമൃഗങ്ങളുടെ ആക്രമണം നടന്നിരുന്നത്. എന്നാല്‍ കുറച്ചുകൂടി നീങ്ങി കിടക്കുന്ന പാലിശ്ശേരി ഭാഗത്ത് പകല്‍സമയത്ത് പുലിയിറങ്ങിയതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നടയാത്രക്കാര്‍ വളരെ ഭീതിയോടെയാണ് പകല്‍സമയങ്ങളില്‍പോലും നടക്കുന്നത്. ഇന്നലെ രാലിലെ 10 മണിയോടെ പാലിശ്ശേരി മേയ്ക്കാട്പറമ്പില് വീടുകിണറിന് അരികിലാണ് പുലിയെ ആദ്യമായി കണ്ടത്. കിണറിന് സമീപം വെള്ളം കോരുന്നതിനുവേണ്ടി എത്തിയ വീട്ടുകാര്‍ പുലിയെ കണ്ട് ബഹളം വച്ചതോടെ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഉയര്‍ന്ന പ്രദേശമായ പൈനാപ്പിള്തോട്ടത്തിലേക്ക് പുലി ഓടി രക്ഷപ്പെട്ടു. തോട്ടത്തില്‍ പുലിയെത്തിയെന്ന് അറിയാതെ പണി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതിനുശേഷമാണ് പുലി കടന്നുകളഞ്ഞത്. ഒറീസാ സ്വദേശി സദാഹുധാരിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ എടക്കുന്ന് സ്റ്റെല്ലാ മരിയാ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നെറ്റിയിലും കഴുത്തിന് പിറകിലും വയറിലും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സദാഹുധാരിയുടെ നിലവിളി കേട്ട് കൂടെ ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി എത്തിയപ്പോഴേയ്ക്കും പുലി ഓടി രക്ഷപ്പെട്ടു. ഒന്നിലധികം പുലികള്‍ ഉണ്ടെന്ന് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: