കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ അട്ടിമറിക്കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നുവെന്ന ആശങ്ക യാഥാര്‍ത്ഥ്യമാവുന്നു. കാന്‍സര്‍ സെന്ററിനായി സംസ്ഥാന ബജറ്റില്‍ ഒരു പൈസ പോലും വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ നീക്കത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 45 കോടിയുടെ കാര്യം മാത്രമാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്. ഈ 45 കോടി കൊണ്ട് ആധുനിക സൗകര്യങ്ങളുള്ള കാന്‍സര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടും ചികിത്സാ സെന്ററും ആരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. കൊച്ചിയില്‍ 5000 കോടി രൂപ ചെലവില്‍ സ്വകാര്യമേഖലയില്‍ ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ സിറ്റിയെ സഹായിക്കാനാണ് സര്‍ക്കാര്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാകേണ്ട കാന്‍സര്‍ സെന്റര്‍ അട്ടിമറിക്കുന്നതെന്ന് ആരോപണമുണ്ട്. സംസ്ഥാനത്തെ വന്‍കിട കള്ളപ്പണ മാഫിയയാണ് സ്വകാര്യ മെഡിക്കല്‍ സെന്ററിനു പിന്നിലുളളത്. സംസ്ഥാന ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് വളരെ വേണ്ടപ്പെട്ടവരാണ് ഇവരെന്നതും ശ്രദ്ധേയമാണ്.
കൊച്ചി കാന്‍സര്‍ സെന്ററിനു വേണ്ടി എല്ലാ സഹായവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ബജറ്റില്‍ ഒരു പൈസ പോലും നീക്കി വക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ഈ ആരോപണത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുക കുറഞ്ഞു പോയതും സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി മൂലമാണെന്ന് വ്യക്തം.
കേന്ദ്ര സഹായം കുറഞ്ഞു പോയതിനു പിന്നിലും സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണുള്ളത് എന്നാണാക്ഷേപം.
കൊച്ചി കാന്‍സര്‍ സെന്റര്‍ പദ്ധതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഒരു പേജുള്ള ഒരു കുറിപ്പ് മാത്രമായിരുന്നു. ഒരു കേന്ദ്രമന്ത്രിതന്നെ ഇതെക്കുറിച്ച് പറഞ്ഞത് പ്രേമലേഖനം പോലെ ഒരു കുറിപ്പാണ് കേരള സര്‍ക്കാര്‍ നല്‍കിയതെന്നാണ്.
ഹരിയാനയില്‍ കാന്‍സര്‍ സെന്ററിനായി 1700 കോടി കേന്ദ്രം അനുവദിച്ചപ്പോള്‍ ഇതുമൂലം കൊച്ചിക്ക് ലഭിച്ചത് 45 കോടി മാത്രം. തിരുവനന്തപുരം കാന്‍സര്‍ സെന്ററിന്റെ ഉപകേന്ദ്രം എന്ന നിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക കാന്‍സര്‍ വാര്‍ഡും ഡിപ്പാര്‍ട്ട്മെന്റും തുടങ്ങാനാണ് പദ്ധതി. സര്‍ക്കാര്‍ നീക്കം ജനവഞ്ചനയാണെന്ന് കുറ്റപ്പെടുത്തി ജസ്ററിസ് വി ആര് കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സ്വകാര്യ ലോബിയുടെ താത്പര്യം കണക്കിലെടുത്ത് കൊച്ചി കാന്‍സര്‍ സെന്റര്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുവെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: