കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ മറുവക്കാട് പാടശേഖര അതിര്‍ത്തിയില്‍ ഉപ്പിന്റെ കെടുതി അനുഭവിക്കുന്ന വീടുകള്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ സ്വാഗത് ഭണ്ഡാരി സന്ദര്‍ശിച്ചു. പൊക്കാളി സംരക്ഷണ സമരസമിതി രേഖാമൂലം സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് ആര്‍ഡിഒ പരിശോധന നടത്തിയത്. 25 ഏക്കര്‍ വിസ്തൃതിയുള്ള മറുവക്കാട് പാടശേഖരത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി നെല്‍കൃഷി ഫലപ്രദമായി നടക്കുന്നില്ല.
സെപ്തംബര്‍ 28ന് പാടശേഖരത്തിന്റെ അതിര്‍വരമ്പുകള്‍ ചെമ്മീന്‍ കൃഷിക്കാര്‍ ദുര്ബലപ്പെടുത്തിയതുമൂലം ഓരുവെള്ളം കയറി നെല്‍കൃഷി നശിച്ചിരുന്നു. നെല്‍കൃഷി നഷ്ടമാണെന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് പൊക്കാളി പാടങ്ങളില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ഒരു നെല്‍ ഒരു മീന്‍ അട്ടിമറിക്കുവാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നതായാണ് പരാതി. ഓരു വെള്ളത്തിന്റെ നിരന്തരമായ സാന്നിധ്യം മൂലം ശുദ്ധജല സ്രോതസുകള്‍ മുഴുവന്‍ ഉപ്പിന്റെ പിടിയിലമരുകയും പച്ചക്കറി കൃഷികള്‍ നിശ്ശേഷം നശിക്കുകയും വീടുകള്‍ അതിവേഗം ദ്രവിച്ച് നശിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
ചെല്ലാനം വില്ലേജ് ഓഫീസര്‍ ജെയിംസ് ജോര്‍ജ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൊക്കാളി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിന്റെ നേതൃത്വത്തില്‍ ബാബു പള്ളിപ്പറമ്പില്‍, വര്‍ഗീസ്കുട്ടി മുണ്ടുപറമ്പില്‍, റോജി ആറാട്ടുകുളങ്ങര, അഡ്വ. ഗാസ്ഫര് കളത്തുങ്കല്‍, ജോസഫ് ഷൈന്‍, സുധര്‍മ്മ പുഷ്പന്, രമണി ഗോപാലന്, വസുമതി തങ്കപ്പന്, ശാന്താമണി, കെ.പ്രതാപന്. കെ.വി.സേവ്യര്‍ കുന്നേല്‍ തുടങ്ങിയവര്‍ ആര്‍ഡിഒക്ക് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: