ഇപ്പോ, കാര്യങ്ങള്‍ വെടിപ്പായി മനസ്സിലായല്ലോ. ഏതോ ഒരു ചന്ദ്രശേഖരന്, ഏതോ സ്ഥലത്ത്, എങ്ങനെയോ വെട്ടേറ്റ് മരിച്ചു. അതില്‍ പാര്ട്ടിക്കെന്തുകാര്യം. ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റയാളെ പുറത്തേക്ക് തള്ളിമാറ്റാറില്ല. അതാണ് ഈ പാര്‍ട്ടിയുടെ ഒരു സ്വഭാവം.
ആളുകള്‍ക്ക് പലതും പറയാം. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന് നേരൂഹന്‍ പത്രത്തിന്റെ പൊടിപോലും ഇല്ലാത്ത കാലത്താണ് പ്രചരിച്ചത്. പത്രം വന്നതോടെ അങ്ങനെയല്ല, കീചകനെ മറ്റു ചിലര്‍ക്കും കൊല്ലാം എന്നു കണ്ടുപിടിച്ചു.വള്ളിപുള്ളി വിസര്‍ഗം വിടാതെ അത് നമ്മുടെ പത്രം വഴി അടിച്ചുവിട്ടു. അത്ഭുതകരമായ മാറ്റമാണ് തുടര്‍ന്നുണ്ടായത്. നേര് നേരത്തെ അറിയിക്കുകയെന്ന രീതി ഈ പത്രം സംഭാവന ചെയ്തതാണ്. അത് വായിച്ചാലേ നേരിന്റെ നേര്‍വഴി അറിയാനാവൂ.
ടിപി വധത്തിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതിനെക്കുറിച്ച് മറ്റു പത്രങ്ങള്‍ വാചാലമായപ്പോള്‍ സത്യത്തിന്റെ ശക്തിയെന്താണെന്നു കാണിച്ചു കൊടുത്തു നേരൂഹന്‍. അതിമനോഹരമായതലക്കെട്ടുമായാണ് ജനു.23 ന് പത്രം പുറത്തിറങ്ങിയത്. നോക്കുക: പി. മോഹനന് ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടു എന്നാണ് ദേശാഭിമാനി പറഞ്ഞത്. പറയിന്‍, ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയോ? ഇനി വാര്‍ത്തയുടെ നാലുവരികൂടി: ദേശീയതലത്തില്‍ സിപിഐഎംവേട്ടയ്ക്ക് ആയുധമാക്കിയ ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.മോഹനന് അടക്കം 24 പേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. കുറ്റംപറയരുതല്ലോ 12 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതിനെക്കുറിച്ച് പത്രം പറയുന്നുണ്ട്. അത് പക്ഷെ എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്ന രീതിയിലാണ്.
ഏതായാലും പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് പറഞ്ഞ് സിപിഐഎം പൂര്‍ണമായി കുറ്റവിമുക്തമായി എന്നാണ്. പാര്‍ട്ടി ഗൂഢാലോചന നടത്തിയെന്നായിരുന്നു വന്‍ പ്രചാരണം. അതൊക്കെ കാറ്റില്‍ പറന്നു. ഈ പാര്‍ട്ടിക്ക് ആരെയെങ്കിലും കൊല്ലണമെന്നുണ്ടെങ്കില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല. നേരേവാ നേരേപോ ശൈലിയാണ്. മൊകേരി സ്കൂളില്‍, കക്കട്ടിലെ പൊതുനിരത്തില്‍,ആലപ്പുഴകിടങ്ങറപ്പാലത്തിനു താഴെ ഒക്കെ ഇത്തരം നേര്‍ക്കുനേര്‍ അഭ്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ തുടങ്ങിയിരിക്കുന്ന ഈ മെയ്യഭ്യാസം ഏത് കോടതിയുടെ ഏത് വിധി വന്നാലും തുടരുകതന്നെ ചെയ്യും. അത് എന്തുകൊണ്ടാണെന്ന് ഇന്ത്യയുടെ വെളിച്ചമായി ബഹുഭൂരിപക്ഷം കരുതുന്ന മഹാത്മാഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്. നാരായണപിഷാരടി വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. അസഹിഷ്ണുത തന്നെ ഒരു അക്രമരീതിയാണ്. അത് യഥാര്‍ത്ഥ ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചയക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ്. അസഹിഷ്ണുത ജീവവായുവായി കരുതുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഓരോ കൊലയും കായകല്പ ചികിത്സയുടെ ഗുണം ലഭിക്കുന്നതാണ്.
പാര്‍ട്ടിക്ക് ടിപി വധത്തില്‍ പങ്കില്ലെന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുന്ന പാര്‍ട്ടിയുടെ നേതൃമ്മന്യരോട് ഒരുസിമ്പ്ല്ക്വസ്റ്റ്യന്. പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്, കുന്നുമ്മക്കര ലോക്കല്‍കമ്മറ്റി അംഗം ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച്സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവരൊക്കെ ഏത് പാര്‍ട്ടിക്കാരാണ്? ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നതും. പിന്നെ എങ്ങനെയാണ് പാര്‍ട്ടിക്ക് ഈചോരച്ചാല് നീന്തിക്കടക്കാനാവുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്ന് ശഠിക്കുന്നതും അത് നേതാക്കള്‍ തന്നെ പറയണമെന്ന് താല്പര്യപ്പെടുന്നതും അസഹിഷ്ണുതയായി തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ തല്ക്കാലം ലാല്‍ സലാം. ഒഞ്ചിയത്തെ കുലംകുത്തികള്‍ക്കു നേരെ കുന്തവും കട്ടപ്പാരയും സ്റ്റീല്‍ ബോംബുമായി ഇനിയും വരും. ഇത് ഒരു തുടക്കം മാത്രം. കൊലയാളികളുമായി ഒത്തുകളിയും ഓതിരം കടകവുമായി അവര്‍ വരുമ്പോള്‍ ആര്‍എംപി എന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ എന്തു ചെയ്യും? ഈചോദ്യത്തിന്റെ ഉത്തരമറിയുന്നവര്‍ ഏകെജി സെന്ററിലേക്ക് എസ്എംഎസ് ചെയ്യുക.
ചൂലിന്റെ രീതി ശാസ്ത്രം എന്തായാലും ആം ആദ്മിയുടെ മുന്നേറ്റത്തിലേക്ക് ജനങ്ങള്‍ അഹമഹമികയാ തുള്ളിത്തുടിക്കുകയാണ്. സാറാ ജോസഫും മേരിറോയിയും മുതല്‍ ഇങ്ങേയറ്റത്ത് തെങ്ങുകയറ്റക്കാരന് കോമപ്പേട്ടന്വരെയുണ്ട്. അവരുടെ തത്വശാസ്ത്രം മനഃപാഠമാക്കിയോ ഭരണഘടനവായിച്ചുപഠിച്ചോ അല്ല ആം ആദ്മിയിലേക്കുവരുന്നത്. ജനമനസ്സുകളില്‍ അഴിമതിരാജാക്കന്മാര്ക്കും അവരുടെ ഒത്താശക്കാര്‍ക്കും നേരെ ഉറഞ്ഞുകൂടിയ പ്രതിഷേധം വഴിതിരിഞ്ഞ് ആം അദ്മിയിലേക്ക് എത്തുകയായിരുന്നു. അതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ചിലവയെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പ് (ജനു. 20) പറയുന്നു.അവരുടെ ഒടുക്കം എന്ന പംക്തിയില്‍ നിന്ന് : ഉടുക്കാന്‍ ഒരു കോണകവും കിടക്കാന്‍ ഒരു മരത്തണലും മാത്രം മതിയാകുന്ന ദരിദ്രനും പഞ്ചനക്ഷത്ര ഹോട്ടലുകളും ഫാം ഹൗസുകളും വിദേശയാത്രകളും കൊണ്ട് ജീവിതം മുഷിയുന്ന കുബേരനും രാജ്യത്തെ അഴിമതി ഒരു പരിധിവരെ ബാധിക്കുന്നില്ല. മധ്യവര്‍ഗ്ഗത്തെയാണ് അഴിമതി അലോസരപ്പെടുത്തുന്നത്. അഴിമതിക്കെതിരെ പട നയിച്ച കേജ്രിവാളിന്റെ വിജയം നാം ആഘോഷിക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രമീമാംസയെ നവീകരിക്കാനുളള ഈ പുരുഷാരം ഇതേപോലെയുണ്ടാകുമോ കേജ്രിവാളിന്റെ പിന്നില്‍ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം നടക്കുമ്പോള്‍ തന്നെ ഇത്തരം ഒരു മുന്നേറ്റം മറ്റു ദേശീയ പാര്‍ട്ടികളുടെ കണ്ണ് തുറപ്പിച്ചില്ലേ എന്ന് തിരിച്ചു ചോദിക്കുകയുമാവാം. ചൂലിന്റെ രീതി ശാസ്ത്രം എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ നമ്മുടെ ഗൗരിയമ്മ പാര്‍ട്ടിയെയും എംവി.ആര് പാര്‍ട്ടിയെയും പരാമര്‍ശിക്കുന്നുണ്ട്.
കാക്കയെപ്പറ്റി പറയുമ്പോഴും ഒരടി മോടിക്കിരിക്കട്ടെ എന്നാണിപ്പോഴത്തെ നടപ്പുരീതി. മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളം വാരികയും മാധ്യമവും അതൊരു അജണ്ടയാക്കി മാറ്റുന്നു. ഇത്തവണ മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പി.വി. ഷെബിയാണ് അക്ഷരക്കസര്‍ത്ത് നടത്തുന്നത്. കാലഗതിയില്‍ സംഭവിക്കുന്ന മറവികള്‍ ഫാസിസത്തിന് അനുഗ്രഹമാവുന്നുവെന്ന് വെച്ചുകാച്ചുന്നു. പേന, അതില്‍ മഷി, എഴുതാന്‍ കടലാസ് (അല്ലെങ്കില്‍ കമ്പോസ് ചെയ്യാന്‍ കംപ്യൂട്ടര്‍), അച്ചടിക്കാന്‍ ആളുകള്‍ എന്നിവയൊക്കെയുണ്ടെങ്കില്‍ മഹിതാശയന്മാരേ, എന്തെന്തൊക്കെ ചെയ്തുകൂട! എല്ലാപ്പന്തവും കത്തിക്കാന്‍ തന്നെ എന്നുപറഞ്ഞതുപോലെയാണ് സ്ഥിതിഗതികള്‍. ഷെബിക്കാവുന്നത് ചെയ്യുന്നു. ജീവിച്ചുപോയ്ക്കോട്ടെ. മുസാഫര്‍നഗര്‍: കലാപവും രാഷ്ട്രീയവും (മലയാളം വാരിക ജനു. 24) എന്നാണ് തലക്കെട്ട്.
സുനന്ദ പുഷ്കറിന്റെ മരണത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുകയാണ് ബി. സജിത്കുമാര്‍ കലാകൗമുദി (ജനു 26)യില്‍. ഒപ്പം ശ്രീകുമാര്‍ മനയിലിന്റെ റിപ്പോര്‍ട്ടുമുണ്ട്. അവസാന രണ്ടുനാള്‍ മദ്യവും ഉറക്കഗുളികയും എന്ന് സജിത് കുമാര്‍. ഷേക്സ്പിയര് നാടകം പോലെ…. എന്ന് ശ്രീകുമാര്‍. രണ്ടും വായിക്കാം, ഒരു രസത്തിന്. വസ്തുതയും വാസ്തവവും ഇപ്പോഴും ചെരിപ്പിട്ട് തുടങ്ങിയിട്ടില്ല. പെരും നുണയെ ആയിരം കാതങ്ങള്‍ക്കപ്പുറത്ത് തടഞ്ഞു നിര്‍ത്താന്‍ ഇരുവര്ക്കുമായിട്ടുമില്ല. രക്ഷിതാവിന്റെ ആവശ്യപ്രകാരം ഒരു വനിതയെ നിരീക്ഷിക്കാന്‍ മോദി നിര്‍ദ്ദേശിച്ചു എന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി സഭ നട്ടപ്പാതിരയ്ക്ക് അടിയന്തര യോഗം ചേര്‍ന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേന്ദ്ര മന്ത്രിയുടെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചൂടാറും മുമ്പ് ആ കേന്ദ്രമന്ത്രി ഭരണ കക്ഷിയുടെ വക്താവ്. സത്യമേവ ജയതേ!
തൊട്ടുകൂട്ടാന്‍
നാമാദ്യം കൂടെയുള്ളവരെ തിന്നു
പരിശീലിക്കണം
ഉള്ളില്‍ എത്രമാത്രം
വിഷമുണ്ടെന്നതാണ് യോഗ്യത
കരയിലിപ്പോള്‍ മീനുകളെക്കാള്‍ വില
വിഷപ്പാമ്പുകള്ക്കാണ് ! നമുക്കതപമാനം
അഴിമുഖത്തിലൂടെ അപ്പോള്‍
തിരഞ്ഞെടുപ്പ് പ്രചരണം
പാഞ്ഞുപോയി.
എല്‍. തോമസ്കുട്ടി
കവിത: മീന്‍ രാഷ്ട്രം
കലാകൗമുദി (ജനു 26)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: