1946 ഒക്ടോബര്‍ രണ്ടിനാണ് ഗംഗാധരന്‍സാര്‍ ജനിച്ചത്. 2013 ഒക്ടോബര്‍ രണ്ടിന് സാര്‍ അമേരിക്കയിലായിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് ഞങ്ങള്‍, സംസ്കൃതഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഒരു സന്ദേശമയച്ചു.
സ്വസ്ത്യസ്തു തേ കുശലമസ്തു ചിരായുരസ്തു
വിദ്യാ-വിവേക-കൃതി കൗശല സിദ്ധിരസ്തു.
ഐശ്വര്യമസ്തു ബലമസ്തു സദാജയോസ്തു
വംശ സദൈവ ഭവതാ ഹി സുദീപിതോസ്തു.. എന്ന്. അങ്ങേയ്ക്ക് സൗഖ്യവും ആയുസും വിദ്യാവിവേകസാമര്ത്ഥ്യവും കൂടട്ടെ എന്നും ഐശ്വര്യവും ബലവും ഉണ്ടാകട്ടെ എന്നും അങ്ങയുടെ പരമ്പര കൂടുതല്‍ ദീപ്തമാകട്ടെ, ശോഭിക്കട്ടെ എന്നുമാണ് ഇതിന്റെ സംഗ്രഹം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സാറിന്റെ മറുപടി വന്നു.
“യതി സംസ്കൃതം സുരക്ഷിതം തര്‍ഹി ഭവതാ ഉക്തം സര്‍വ്വം ശുഭം ഭവിഷ്യതി’ എന്ന്.
ഗംഗാധരന്‍സാര്‍ ഇങ്ങനെയാണ്. സംസ്കൃതഭാഷയ്ക്കുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തിയാണ് സാര്‍. സംസ്കൃത ഭാഷാപരിപോഷണത്തിന്റെ വരപ്രസാദമാണ് സാറെന്ന് ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നതിനും കാരണം മറ്റൊന്നല്ല. കുലീനമായ വ്യക്തിത്വത്തിനുടമയാണ് ഗംഗാധരന്‍സാര്‍.
ലക്ഷ്യംപോലെ മാര്‍ഗവും സംശുദ്ധവും കൃത്യവും ആവണമെന്ന് നിഷ്കര്‍ഷയുള്ള വ്യക്തി. ആംഗലേയവിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തില്‍ സംസ്കൃതവും സംസ്കാരവും നശിക്കുന്നു, പിന്നാക്കം പോകുന്നു എന്നു കണ്ട് ദുഃഖിച്ച ഒരുപാട് വ്യക്തികളുടെ കൂട്ടത്തില്‍ ഗംഗാധരന്‍സാര്‍ വേറിട്ടു നില്ക്കുന്നു. ഇതിന് പരിഹാരം ‘സംസ്കൃതം സംസ്കൃതമാധ്യമ’ത്തിലുള്ള അധ്യാപന പ്രക്രിയയാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച വ്യക്തി. അതുകൊണ്ടുതന്നെ ഏതാണ്ട് നാലരപ്പതിറ്റാണ്ടുകാലം സാമൂഹിക-സാംസ്കൃതിക ജീവിതത്തില്‍ ഗംഗാധരന്‍സാര്‍ നിര്‍വ്വഹിച്ച നിശബ്ദസേവനം ആരാലും പ്രകീര്‍ത്തിക്കുന്നതാണ്.
സംസ്കൃതസംഭാഷണ പ്രവര്‍ത്തകരുടെ പരമാചാര്യനും പ്രേരണാപുരുഷനുമാണദ്ദേഹം. പലപ്പോഴും സംസ്കൃത-ആധ്യാത്മിക പരിശീലന ശിബിരത്തില്‍ സാറുണ്ടെങ്കില്‍ സംശയത്തിന് പുസ്തകം നോക്കേണ്ടിവരാറില്ല. ഒരു വിശ്വവിദ്യാലയത്തിന്റെ സഞ്ചരിക്കുന്ന സഹവസിക്കുന്ന ഗ്രന്ഥശാലയാണവിടെ ഗംഗാധരന്‍സാര്‍. ഏതു സംശയം ചോദിച്ചാലും ഉത്തരം റെഡിയാണ്. അത് പലപ്പോഴും ഏത് ഭാഷയായാലും വിഷയമായാലും ചോദിക്കുന്നതിനപ്പുറം സാര്‍ പറഞ്ഞുതരാറുണ്ട്. അജ്ഞത പലപ്പോഴും ലജ്ജിച്ച് തലതാഴ്ത്താറുണ്ടവിടെ. ഉത്തരം ചോദ്യത്തെ നോക്കി പരിഹസിക്കുന്ന അവസ്ഥാവിശേഷം. (വാക്യാര്ത്ഥസദസ്സുകളിലും പണ്ഡിതസദസ്സുകളിലും അനുഭവപ്പെടാറുള്ളതും മറ്റൊന്നല്ല).
1979 ല്‍ ആരംഭിച്ച സംസ്കൃതസംഭാഷണ ക്ലാസുകള്‍ പിന്നീട് ദീര്‍ഘകാലം ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയാണ് ഗംഗാധരന്‍സാര്‍. അവിടെ സാറിന്റെ ശരീരവും മനസ്സും സമ്പത്തും ഉദാരമായി ചെലവഴിക്കപ്പെട്ടു എന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. സംസ്കൃതഭാഷാ പരിപോഷണം മാത്രമായിരുന്നു അവിടെ ലക്ഷ്യം. പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യാനും അവരെ ഉദാരമായി സഹായിച്ച് ക്യാമ്പുകള്‍ക്ക് പറഞ്ഞയക്കാനും, ദീര്‍ഘസമയം സംസാരിച്ചിരിക്കാനും സാറിനൊരു മടിയുമില്ല.
ഗംഗാധരന്‍സാര്‍ അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകുന്ന വ്യക്തിയല്ല. സംസ്കൃതയൂണിവേഴ്സിറ്റിയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും ഇതിനുമപ്പുറം എന്താണ് എന്ന് സ്വാഭാവികമായി പലരും ചിന്തിച്ചാഗ്രഹിക്കാറുള്ളതുപോലെ ഗംഗാധരന്‍സാര്‍ ആഗ്രഹിച്ചിട്ടില്ല. അതിനുവേണ്ടി പരിശ്രമിച്ചിട്ടില്ല എന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അംഗീകാരങ്ങളും സ്ഥാനമാനങ്ങളും സ്വയം വരേണ്ടതാണെന്ന സനാതനസത്യത്തിനുടമയാണ് സാര്‍.
നലാന്റയും, തക്ഷശിലയും പോലെ അന്വര്‍ത്ഥമാവുന്ന ഒരു ‘സര്‍വകലാശാല’യുടെ സ്വപ്നം കൊണ്ടു നടക്കുന്ന വ്യക്തി. അതിനുവേണ്ടിയുള്ള സംസ്കൃത പ്രതിഷ്ഠാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ഇരിങ്ങാലക്കുട ചെമ്മണ്ടയില്‍ സാറും സഹപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.
എല്ലാത്തിനുമുപരി സാര്‍ ഞങ്ങളുടെ നല്ലൊരു സുഹൃത്താണ്. മുമ്പു പറഞ്ഞതൊക്കെ ഓര്‍മ്മിച്ച് പറയുകയാണെങ്കില്‍ ഒരു നല്ല സഹൃദയനാണ് സാര്‍. സമാനമായ ഹൃദയമുള്ളവന് എന്ന അര്‍ത്ഥത്തില്‍ സാറിനെ ഞങ്ങളാദരിക്കുന്നു. പണ്ഡിതശ്രേഷ്ഠന്മാര്ക്കൊപ്പം സംസാരിക്കാനും, സാധാരണക്കാരോടൊപ്പം ഇരിക്കാനും സാര്‍ സര്‍വ്വദാ സന്നദ്ധനാവുന്നു. സാര്‍ ആദരിക്കപ്പെടുമ്പോള്‍ ഒരു ഭാഷാ സ്നേഹിക്കപ്പുറം നന്മയാണാദരിക്കപ്പെടുന്നത്. സാര്‍ ആദരിക്കപ്പെടുമ്പോള്‍ ജ്ഞാനം – അറിവ് ആദരിക്കപ്പെടുന്നു. ഈ ലോകം മുഴുവന്‍ പ്രകാശപൂര്ണമാവുന്ന ഒരു അവസ്ഥാവിശേഷം. അതും ജനുവരി 26 ന് ഇന്ത്യാമഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനം. അതേപോലെതന്നെ പ്രാധാന്യമുണ്ട് പൂര്ണവേദപുരിക്കും (തൃപ്പൂണിത്തറ). സാര്‍ നിര്‍വഹിച്ച – നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രാധ്യയന-അധ്യാപന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രത്തില്‍ തന്നെ വച്ചാണത് എന്നതുതന്നെ.
ഡോ. പി.കെ. ശങ്കരനാരായണന് (വിശ്വസംസ്കൃത പ്രതിഷ്ഠാനം (സംസ്കൃതഭാരതി) പ്രകാശന വിഭാഗം അധ്യക്ഷനാണ് ലേഖകന്‍. ഫോണ്‍: 9447592796)
പ്രതികരിക്കാൻ ഇവിടെ എഴുതുക: