പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് പ്രസവാനന്തരം യുവതി മരിച്ച സംഭവത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ ആശുപത്രിക്കെതിരെ പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നു.
വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപുന്ന സ്വദേശി അന്ന ജോജി (29)യാണ് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചത്. വൈകിട്ട് 4.30ഓടെ പ്രസവം നടന്നുവെങ്കിലും രക്തസ്രാവം നിയന്ത്രിക്കാനാവാത്ത തരത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇത് ഗൗരവമായെടുത്തില്ല. രാത്രി 9.30ഓടുകൂടിയാണ് ആശുപത്രി അധികൃതര്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാന്‍ തയ്യാറായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെ ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായപ്പോഴേക്കും യുവതി അതിസങ്കീര്‍ണ്ണ ഘട്ടത്തിലെത്തിയതായും ഇവര്‍ പറഞ്ഞു.
ഏകദേശം അര കിലോമീറ്റര്‍ ആംബുലന്‍സ് പിന്നിട്ടപ്പോഴേക്കും മരണം സംഭവിച്ചതായി ബോധ്യപ്പെട്ട ആംബുലന്‍സ് ഡ്രൈവറും പിആര്‍ഒയും ആംബുലന്‍സില്‍നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ചു കടന്നുകളഞ്ഞവരുടെ നടപടി നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനും കാരണമായിട്ടുണ്ട്.
ഫാത്തിമ ആശുപത്രിയില്‍ മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തിക്താനുഭവം നേരിട്ടവര്‍ മൗനം പാലിക്കുകയായിരുന്നു. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും വിവിധ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ആശുപത്രി അധികൃതരുടെ രീതി. ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ച് പലപ്പോഴും അധികാരികളെ വരെ നിലയ്ക്കുനിര്ത്തുന്നതായിരുന്നു ആശുപത്രി അധികൃതര്‍ സ്വീകരിച്ച് വന്നിരുന്ന നയം. വ്യാഴാഴ്ച യുവതി മരിച്ചതിനെത്തുടര്‍ന്ന് പള്ളുരുത്തി പോലീസിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെതന്നെ ആശുപത്രിക്ക് കാവല്‍ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞുവെന്നുള്ളത് ആശുപത്രിയുടെ ഉന്നത ബന്ധത്തിന് തെളിവാണ്.
ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനും നാട്ടുകാര്‍ തീരുമാനമെടുത്തിട്ടുണ്ട്. കൊച്ചി രൂപതയുടെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതിയുടെ മരണത്തിന് കാരണമായ സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസെടുത്തതായി പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: