കൊച്ചി: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ചാര്‍ജ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം നടത്തിയ പശ്ചാത്തലത്തിലും പോലീസ് പരിശോധന കര്‍ക്കശമാക്കി. അതേസമയം തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. നഗരപരിധിയില്‍ മീറ്റര്‍ ചാര്‍ജിന് എവിടെ മുതല്‍ എവിടെ വരെ ഓടണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. മീറ്റര്‍ ചാര്‍ജ് ഈടാക്കുന്നില്ല എന്നതിന്റെ പേരില്‍ പിടികൂടുന്ന തൊഴിലാളികളില്‍ നിന്നും 100 രൂപയാണ് പിഴ ഈടാക്കുന്നത്.
ഒന്നേകാല്‍ കിലോമീറ്ററാണ് മിനിമം ചാര്‍ജായ 15 രൂപയ്ക്ക് ഓടുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും എട്ട് രൂപയാണ് ഈടാക്കുക. എത്ര കിലോമീറ്റര്‍ ഓട്ടം പോയാലും അത്ര കിലോമീറ്റര്‍ തന്നെ തിരിച്ചും ഓടേണ്ടി വരുമ്പോള്‍ തൊഴിലാളിക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഓട്ടോ നിരക്കില്‍ വര്‍ധനവ് വരുത്തിയ ശേഷം ഇന്ധന വിലയില്‍ ഇതിനോടകം ഏഴ് രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതിയും വ്യാപകമാണ്.
ടാക്സി പെര്‍മിറ്റില്‍ ഓടുന്ന ടാറ്റ കമ്പനിയുടെ ടാറ്റ ഐറിസിനെ സഹായിക്കുന്നതിന് വേണ്ടി ഓട്ടോ തൊഴിലാളികളെ ബോധപൂര്‍വം വേട്ടയാടുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എഐടിയുസി എറണാകുളം നിയോജക മണ്ഡലം സെക്രട്ടറി കെ.ആര്.സാജു പറയുന്നു. ഓട്ടോ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ടാറ്റ ഐറിസില്‍ യാത്ര ചെയ്ത യാത്രക്കാരും വഞ്ചിതരായി. ടാക്സി നിരക്കാണ് ഇവരും ഈടാക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ഓടുന്നതിന് 100 രൂപയാണ് ഈടാക്കുന്നത്.
സമരം തുടരുന്നതിനാണ് വിവിധ യൂണിയനുകളുടെ നീക്കം. അതേസമയം നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പോലീസും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: