കൊച്ചി: മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ കളമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഡിഎംആര്‍സി അധികൃതര്‍ ഇടപ്പള്ളി മുതല്‍ കളമശ്ശേരിവരെയുള്ള നിര്‍മ്മാണസ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇരു വശങ്ങളിലും രണ്ടുവരി ഗതാഗതത്തിനായി 7 മീറ്റര്‍ ഉറപ്പുവരുത്തിയശേഷംമാത്രമേ റോഡിന്റെ മദ്ധ്യഭാഗത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയുള്ളു. റോഡ് വീതികുട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നിശ്ചയിച്ചു. ഇടപ്പള്ളി ടോള്‍ഭാഗത്ത് കാലതാമസം വരുത്തിയ സബ്ബ് കോണ്‍ട്രാക്ടറെ മാറ്റി പുതിയ സബ്ബ് കോണ്‍ട്രാക്ട് കൊടുക്കുമെന്ന് എല്‍ & ടി വ്യക്തമാക്കി. ടി വി എസ് ജംഗ്ഷനില്‍ മദ്ധ്യ ഭാഗത്ത് മാര്‍ഗ തടസ്സമുണ്ടാക്കിയിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ അവിടെനിന്നും മാറ്റിസ്ഥാപിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.
റോഡ് വീതികുട്ടിയ ചില ഭാഗങ്ങളില്‍ ടാറിംഗ് കഴിഞ്ഞാല്‍ വശങ്ങളില് വന്ഗര്ത്തമുള്ള സ്ഥിതിയുണ്ട്. ഇവിടെ അപകടസാദ്ധ്യത ഒഴിവാക്കുന്നതിനായി റിഫ്ലക്ടറോടുകുടിയ ഹാഫ് ബാരിക്കേഡുകള്‍ സ്ഥാപിക്കും. റോഡ് വീതികുട്ടുന്നതിലോ, ട്രാഫിക് തടസ്സങ്ങളെ സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അതു കൈകാര്യംചെയ്യുന്നതിനായി 2323200 എന്ന് ടോള്‍ ഫ്രീ നമ്പര്‍ ഡിഎംആര്‍സി ഏര്‍പ്പെടുത്തി.
പ്രീമിയര്‍ കവലയില്‍ റോഡ് വീതികൂട്ടുന്ന നടപടി ഇന്നു മുതല്‍ ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും. മദ്ധ്യഭാഗത്ത് ഇപ്പോള്‍ 3 മീറ്ററാണ് നിര്‍മ്മാണപ്രവര്‍ത്തനത്തിന് ബാരിക്കേഡുകള്‍ വച്ചിട്ടുള്ളത്. അവിടെ തൂണുകളുടെ നിര്‍മ്മാണം കഴിയുന്നമുറയ്ക്ക് ഒന്നര മീറ്ററിലേക്ക് ബാരിക്കേഡുകള്‍ ചുരുക്കും.
ഗതാഗതം നിയന്ത്രിക്കുന്നതിനായി ഈ റീച്ചില്‍ 50 ട്രാഫിക് വാര്ഡന്മാര്ക്കുള്ള ശമ്പളം ഡിഎംആര്‍സി നല്‍കുന്നുണ്ടെങ്കിലും ഇവരുടെ സേവനം എവിടെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട് അടിയന്തരമായി വ്യക്തതവരുത്തും. ഇടറോഡുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ട്രാഫിക്പ്ലാന് ഇതുവരെയും കെഎംആര്‍എല്‍ തയ്യാറാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന പി രാജീവ് എംപി പറഞ്ഞു. ഡിഎംആര്‍സി പ്രോജക്ട് ഡയറക്ടര്‍ പി ശ്രീറാം, ചീഫ് എഞ്ചിനീയര്‍ ഷാജി സക്കറിയ, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കോശി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: