വരയ്‌ക്കുന്ന ചിത്രങ്ങളോരോന്നും തന്റെ മക്കളാണെന്ന പക്ഷക്കാരിയാണ് കോഴിക്കോട് കല്ലായി സ്വദേശി സി. ശാന്ത. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ വില്‍പന നടത്തി ലാഭം കൊയ്യാന്‍ 57 കാരിയും അവിവാഹിതയുമായ ശാന്തയ്‌ക്ക് താല്‍പര്യവുമില്ല.
താറാവ് വളര്‍ത്തലും കോഴി വളര്‍ത്തലുമാണ് മൂന്ന് സെന്റ് ഭൂമിയിലെ ചെറുകൂരയില്‍ കഴിയുന്ന ശാന്തയുടെ പ്രധാന വരുമാനം. ഇതില്‍ നിന്ന് ചില്ലറകള്‍ നീക്കി വെച്ചാണ് അവര്‍ ചിത്രം വരയ്‌ക്കുള്ള കാന്‍വാസും ചായങ്ങളും കടലാസും വാങ്ങുന്നത്. ഇത്രയും വയസ്സിനിടയില്‍ രണ്ട് ചിത്രപ്രദര്‍ശനങ്ങളാണ് ആകെ നടത്തിയത്. 2007-ലും ഈ വര്‍ഷാരംഭത്തിലും കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍.
ആധുനിക വീടുകളുടെ ഉള്‍സൗന്ദര്യം കൂട്ടാന്‍ മികച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ അറിയപ്പെടാത്ത നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. ഇത് ചിത്രകാരന്മാരോടുള്ള കടുത്ത വഞ്ചനയാണെന്ന് ശാന്ത പറയുന്നു. പക്ഷേ, ഏതാണ്ടെല്ലാരംഗത്തും വഞ്ചനയും ക്രൂരതയുമാണ് നടമാടുന്നത്. പിന്നെ ചിത്രകാരന്മാര്‍ വഞ്ചിതരാകുന്നതില്‍ അത്ഭുതമില്ലെന്നാണ് ശാന്തയുടെ അഭിപ്രായം.
കടലാസില്‍ വരച്ച ചിത്രങ്ങളും പെയിന്റിംഗുകളും ഫ്രെയിം ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മുതിര്‍ന്നിട്ടില്ല. ഫ്രെയിം ചെയ്തവ സൂക്ഷിക്കാന്‍ സ്ഥലവുമില്ലാത്ത അവസ്ഥയാണ് അവിവാഹിതയായ സഹോദരിക്കൊപ്പം കഴിയുന്ന ശാന്തയ്‌ക്ക്. പ്രകൃതിയുടെ സൗന്ദര്യത്തിനും പച്ചപ്പിനും പെയിന്റിംഗില്‍ പ്രധാന സ്ഥാനമുണ്ട്. സ്ത്രീദൈന്യത, ഗ്രാമം, വാര്‍ദ്ധക്യം തുടങ്ങിയവയും ശാന്തയുടെ ചിത്രങ്ങളില്‍ ഓരോ നാഴികക്കല്ലുകളായി മാറുന്നു. ദൈന്യതയേയും ഇല്ലായ്മകളേയും പ്രതികൂലാവസ്ഥയേയും വകഞ്ഞുമാറ്റി ശാന്ത ചിത്രം വരയ്‌ക്കുകയാണ്; ഒരു നിയോഗം പോലെ…….
കൃഷ്ണഭാഗ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: