കോട്ടയം: നിയമം ലംഘിച്ച് യാത്ര ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ കേസ് ഫയല്‍ ചെയ്തതായി എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ, രാഹുല്‍ഗാന്ധി പോലീസ് ജീപ്പ്പിനുമുകളില് കയറിയ സംഭവത്തില്‍ മാവേലിക്കര കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നൂറനാട് എസ് ഐയോടാണ് ഈ മാസം 29 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുല്‍ഗാന്ധി ഒന്നാം പ്രതിയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രണ്ടാം പ്രതിയുമായാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഒന്നാം സാക്ഷി. നൂറനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സ്വയംകുറ്റം ചെയ്യുക മാത്രമല്ല, മറ്റുള്ളവരെ കുറ്റംചെയ്യാന്‍ രാഹുല്‍ഗാന്ധി പ്രേരിപ്പിച്ചതായും ഹര്‍ജിയില്‍ പറയുന്നു. രണ്ടു മണിക്കൂറോളം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും പോലീസ് വാഹനം ദുര്‍വിനിയോഗം ചെയ്യുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തത് നിയമവിരുദ്ധമാണ്. നെഹ്റു കുടുംബത്തിനും സാധാരണ പൗരനും ഒരേ നിയമമാണ് ഭരണഘടന അനുശാസിക്കുന്നത്.
സംസ്ഥാന ആഭ്യന്തര മന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിയമനിഷേധം കാട്ടിയത്. രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെന്നും മുജീബ് റഹ്മാന് പറഞ്ഞു. കഴിഞ്ഞദിവസം ചാരുമൂട്ടില്‍ നിന്നും അടൂരിലേക്കു നടന്ന യൂത്ത്കോണ്‍ഗ്രസ് പദയാത്രയിലാണ് രാഹുല്‍ഗാന്ധിയും ഡീന്‍ കുര്യാക്കോസും പോലീസ് ജീപ്പ്പിന്റെ മുകളില്‍ കയറി യാത്ര ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: