കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് അടുത്തതോടെ വയനാട് റെയില്‍വേക്കായി യുഡിഎഫിന്റെ രാഷ്ട്രീയ കസര്‍ത്ത്. അഞ്ചുവര്‍ഷക്കാലം റെയില്‍വേക്കുവേണ്ടി ഒന്നും ചെയ്യാതിരുന്ന എംപി എം.ഐ.ഷാനവാസിന് വയനാട്ടില്‍ മത്സരിക്കാന്‍ വേദിയൊരുക്കുന്ന തിരക്കിലാണ് യുഡിഎഫും റെയില്‍വെ ആക്ഷന്‍ കമ്മിറ്റിയും. ഇവരുടെത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഎമ്മും രംഗത്തുവന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന് ഇവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി കഴിഞ്ഞദിവസം കല്‍പ്പറ്റയില്‍ പത്രസമ്മേളനം തന്നെ നടത്തി.
നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്പ്പാതക്ക് കര്‍ണ്ണാടകം പ്രധാന പരിഗണന നല്‍കിയതായും ഈ പാതക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ഫണ്ട് വിഹിതം അനുവദിക്കുന്നത് പരിഗണിച്ചു വരുന്നതായും കര്‍ണ്ണാടക റവന്യൂ മന്ത്രി ശ്രീനിവാസ് പ്രസാദ്, സഹകരണ വകുപ്പ് മന്ത്രി എച്ച്.എസ്.മഹാദേവപ്രസാദ്, അടിസ്ഥാന വികസന വകുപ്പ് മന്ത്രി റോഷന് ബയ്ഗ് എന്നിവര്‍ പറഞ്ഞതായി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അവകാശപ്പെടുന്നു എന്ന പ്രസ്താവനയാണ് അവസാനത്തെ കസര്‍ത്ത്.
ബിജെപി നേതാവ് ഒ.രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് വയനാട് റെയില്‍വേക്കുവേണ്ടി എന്തെങ്കിലും ചെയ്തതെന്ന് സിപിഎം പോലും സമ്മതിക്കുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ നിന്ന് വയനാട് റെയില്‍വേക്ക് വേണ്ടി ഒന്നും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു റെയില്‍വെ ആക്ഷന്‍ കമ്മിറ്റിയുടെ ഇത്രയും കാലത്തെ പ്രചരണം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വന്നിട്ടും പ്രഖ്യാപനങ്ങളല്ലാതെ ഉത്തരവുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കര്‍ണാടകയിലെ അതീവ പാരിസ്ഥിതിക മേഖലയില്‍ കൂടി കടന്നുവരുന്ന വയനാട് റെയില്‍വേക്ക് പ്രഖ്യാപനങ്ങളല്ല മറിച്ച് സര്‍ക്കാര്‍ ഉത്തരവുകളാണ് വേണ്ടത്. അതിന് കേന്ദ്ര സര്‍ക്കാര്‍ കനിയണം. അത് ചെയ്യാനാവാത്ത എംപിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് സിപിഎം നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: