തിരുവനന്തപുരം: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ് (കാപ്പ) അഥവാ ഗുണ്ടാനിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച സംഭവിക്കുന്നതായി വിമര്‍ശനം. കാപ്പ നിയമത്തിലെ സാധ്യതകള്‍ ഉപയോഗിച്ചു സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലഭിച്ച പ്രത്യേക അധികാരം പ്രയോജനപ്പെടുത്തുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും കാപ്പ ഉപദേശക സമിതി കുറ്റപ്പെടുത്തി. നിയമത്തിന്റെ പ്രയോഗവത്കരണം അവലോകനം ചെയ്യാന്‍ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് ചെയര്‍മാനും അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചത്. ഗുണ്ടാനിയമ പ്രകാരം പൊലീസ് എടുത്ത കേസുകള്‍ ഉപദേശക സമിതി നിര്‍ദാക്ഷണ്യം തള്ളിക്കളയുന്നുവെന്ന കുറ്റപ്പെടുത്തലുകള്‍ക്കും സമിതി മറുപടി നല്കി. രേഖകളും വസ്തുതകളും ശരിയായി ബോധ്യപ്പെടുന്നതിലും നടപടിക്രമങ്ങളിലും വരുത്തുന്ന വീഴ്ചകളാണ് ഇതിനു കാരണമാകുന്നതെന്ന് ചെയര്മാന് ജസ്റ്റിസ് വി.രാംകുമാര്‍, അംഗങ്ങളായ പോള്സൈമണ്, തോമസ് മാത്യു എന്നിവര്‍ ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഒരാളെ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്നതു ശിക്ഷാവിധിയല്ല, മറിച്ച് ആ വ്യക്തിക്കു പരിവര്‍ത്തനപ്പെടാനുള്ള സാഹചര്യം ഒരുക്കലാണെന്ന് ജസ്റ്റിസ് രാംകുമാര്‍ പറഞ്ഞു. കാപ്പ സമൂഹത്തിന്റെ സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാപ്പ പ്രകാരം കേസ് എടുക്കുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളും സമിതി അംഗങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇത്തരം കേസുകളില്‍ പ്രതി സമൂഹത്തിനു ഭീഷണിയാണെന്നു ബോധ്യപ്പെടുത്തുന്നവിധം രേഖകള്‍ തയാറാക്കുന്നതാണു പ്രാധാന്യം. കേസ് എടുക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്നു തെളിയിക്കാന്‍ കഴിയണം. നേരത്തെ ഒരു കേസില്‍ എങ്കിലും ശിക്ഷിക്കപ്പെട്ടതോ, രണ്ടു തവണയെങ്കിലും കുറ്റപത്രം ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളതോ ആയ ആള്‍ക്കെതിരെ കാപ്പനിയമം പ്രകാരം നടപടിയെടുക്കാം. ഇയാളുടെ പേരിലുള്ള കേസുകളുടെ എണ്ണവും കൃത്യമായി രേഖപ്പെടുത്തണം. ഉപദേശക സമിതിയുടെ മുന്നിലെത്തുന്നതിനു മുന്‍പു കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നും പരിശോധിക്കണം. എഫ്ഐആര്‍ തയാറാക്കുമ്പോള്‍ പൊലീസുകാരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. നാടുകടത്തപ്പെട്ട കാലയളവില്‍ ജില്ലയില്‍ പ്രവേശിച്ചുവെന്നു ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷത്തെ തടവിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമത്തിലെ 15ാം വകുപ്പിന്റെ ഗൗരവം പൊലീസ് ഉദ്യോഗസ്ഥര്‍ മനസിലാക്കിയോഎന്ന കാര്യത്തില്‍ സംശയമുണ്ടെന്നു തോമസ് മാത്യു ചൂണ്ടിക്കാട്ടി. ഐജി, ഡിഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ജില്ലാ മജിസ്ട്രേറ്റിന്റെ പുറകേ പോകാതെ തന്നെ ഗുണ്ടകള്‍ക്കും റൗഡികള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ലഭിച്ച പ്രത്യേക അധികാരമാണിത്. കേസ് റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ നാടുകടത്തപ്പെട്ട വേളയില്‍ ഇയാള്‍ ഏതു പൊലീസ്സ്റ്റേഷന്റെ പരിധിയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പൊതുസമൂഹത്തിനോ വിഭാഗത്തിനോ സുരക്ഷിതത്വമില്ലായ്മയും ഭയവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, പൊതുജനാരോഗ്യത്തിനോ പാരിസ്ഥിതിക വ്യവസ്ഥയ്ക്കോ ഭീഷണിയായവര്‍, പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്നവര്‍, കൊള്ളപ്പലിശക്കാര്‍, കള്ളനോട്ടുകാര്‍, മയക്കുമരുന്നു കച്ചവടക്കാര്‍, അസാന്മാര്ഗിക കുറ്റവാളികള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍ തുടങ്ങിയവയ്ക്കെതിരെയെല്ലാം കാപ്പ പ്രകാരം നടപടി സ്വീകരിക്കാം. കുറ്റവാളിയുടെ ചരിത്രമുള്ളവര്ക്കെതിരെ കരുതല്‍ തടങ്കല്‍, ജില്ലയില്‍ പ്രവേശനം നിഷേധിക്കല്‍ തുടങ്ങിയ നടപടികള്‍ എടുക്കാവുന്നതാണെന്നും സിമിതി അംഗങ്ങള്‍ വ്യക്തമാക്കി. പൊലീസ് റൂറല്‍ എസ്പി തോമസ്കുട്ടി, ആര്‍ഡിഒ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: