കൊച്ചി: പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി, ഗെയ്ല്, ഫാക്്ട്, ടി.സി.സി, ബി.എസ്.ഇ.എസ്, കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, എന്‍.ടി.പി.സി, സി.ഐ.ഐ, തൊഴിലാളി യൂണിയനുകള്‍, റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും വിവിധ കാരണങ്ങളാല്‍ ടെര്‍മിനലിന്റെ ശേഷി പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് കേരള ചേംബര്‍ മുന്‍കയ്യെടുത്ത് പെട്രോനെറ്റ്, ഗെയ്ല്, ടെര്‍മിനിലിന്റെ ഉപഭോക്താക്കളായ വിവിധ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
4600 കോടി രൂപ ചെലവില്‍ സ്ഥാപിച്ച എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് കഴിഞ്ഞയാഴ്ച രാഷ്്ട്രത്തിന് സമര്‍പ്പിച്ചെങ്കിലും കേവലം എട്ടു ശതമാനം ശേഷി വിനിയോഗം മാത്രമാണ് നടക്കുന്നത്. 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ് നിരക്കാണ് എല്‍.എന്‍.ജിയിലേക്ക് മാറാന്‍ വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന് ചാലകശക്തിയായും വിലയിരുത്തപ്പെടുകയും ചെയ്യുന്ന എല്‍.എന്‍.ജി കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. കുറഞ്ഞ നിരക്കിലുള്ള ഹരിതോര്‍ജമെന്ന വ്യവസായ, ഗാര്‍ഹിക മേഖലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വഴികള്‍ ചേംബര്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല ചര്‍ച്ച ചെയ്യും.
വിലനിര്‍ണയം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നതെന്ന് ചേംബര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് സമാനമായി ഏകീകൃത വിലനിര്‍ണയ രീതി എല്‍.എന്‍.ജിക്കില്ല. അവശ്യ ഇന്ധനമെന്ന നിലയില്‍ രാജ്യമൊട്ടാകെ എല്‍.എന്‍.ജിക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനവും രൂപപ്പെടണം.
ഇറക്കുമതി ചെയ്ത എല്‍.എന്‍.ജി രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയതാണെന്നിരിക്കെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിളവുകളെ കുറിച്ച് ഗൗരവമായി ചിന്തിക്കണം. എല്‍.എന്‍.ജി ഇന്ധനമാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കണം. കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി, ബി.എസ്.ഇ.എസ്, ഫാക്്ട് എന്നിവയ്ക്ക് സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. എല്‍.എന്‍.ജിയിലേക്ക് മാറുന്നതിന് സമയബന്ധിതവും ഏകോപിതവുമായ പ്രവര്‍ത്തനപദ്ധതി തയാറാക്കണമെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി.
താങ്ങാവുന്ന നിരക്കില്‍ ഹരിതോര്‍ജം ലഭ്യമാക്കിയാല്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. വ്യവസായങ്ങളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ലാഭക്ഷമതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്‍.എന്‍.ജി വഴിയൊരുക്കും. ഊര്‍ജക്കമ്മി നേരിടുന്ന സംസ്ഥാനത്തിന്റെ സമഗ്രമായ സാമൂഹ്യ സാമ്പത്തിക വികസനത്തിനാണ് എല്‍.എന്‍.ജി മാര്‍ഗം തുറക്കുന്നത്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ എല്‍.എന്‍.ജിക്ക് മറ്റേത് ഇന്ധനത്തേക്കാളും വ്യവസായ, വാണിജ്യലോകം പ്രാധാന്യം നല്കണമെങ്കില് ബോധവല്‍ക്കരണവും ആവശ്യമാണ്. പൊതുവായ ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് വാതകപൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി എതിര്‍പ്പുകള്‍ മൂലം നീണ്ടുപോകാന്‍ കാരണം. പൈപ്പ്ലൈന് ശൃംഖലയുടെ പൂര്ത്തീകരണത്തിലുണ്ടായിരിക്കുന്ന കാലതാമസവും എല്‍.എന്‍.ജി ടെര്‍മിനലിന്റെ ശേഷി വിനിയോഗത്തെ ബാധിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സമഗ്രമായ പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചേംബര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: