ശബരിമല : അന്നദാനം നിര്‍ത്തിയതോടെ മന്ദിരങ്ങളില്‍ അയ്യപ്പന്മാരുടെ തിരക്കൊഴിഞ്ഞു.ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തന്മാര് ഭഗവത് പ്രസാദമായി കണ്ടാണ് അന്നദാനമന്ദിരങ്ങളില് തയ്യറാക്കുന്ന ആഹാരങ്ങള്‍ ഭക്ഷിച്ചിരുന്നത്.കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഇവര്‍ ഇവിടെ അന്നദാനം നടത്തിവരുന്നുണ്ട്.
ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തോടൊപ്പം വിവിധ ഹൈന്ദവ സന്നദ്ധസംഘടനകളും ഇവിടെ അന്നദാനം നടത്തുന്നു. ബോര്‍ഡ് നടത്തുന്ന അന്നദാനം വളരെ പരിമിതമാണ്. എന്നാല്‍ അയ്യപ്പ സമാജം, അയ്യപ്പസേവാസംഘം, ആന്ധ്രാ പ്രദേശിലെ സ്വാമി അയ്യപ്പ ഭക്തബ്രിന്ദ സമാജം പോലുള്ള നിരവധി സംഘടനകള്‍ അന്നദാനം നടത്തി ഭക്തരെ സഹായിച്ചിരുന്നു. അയ്യപ്പദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ അന്നദാന മന്ദിരങ്ങളിലെ ഭക്ഷണവും കഴിഞ്ഞ് പതിനെട്ടാം പടിക്ക് താഴെയും മാളികപ്പുറത്തിനു സമീപവുമായി വിരിവെയ്ക്കുകയും നെയ്യഭിഷേകത്തിനുള്ള നെയ്യ് പകര്‍ന്ന് സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു പതിവ്.കൂടാതെ നടപ്പന്തലിന് സമീപമുള്ള സ്റ്റേജില്‍ കലാകാരന്മാര് വഴുപാടായി നടത്തുന്ന വിവിധ പരിപാടികള്‍ കാണുവാനും അയ്യപ്പന്മാര്ക്ക് കഴിയുന്നില്ല.
വന്‍വിലകൊടുത്ത് ഹോട്ടലിലെ ഭക്ഷണം കഴിച്ച് സന്നിധാനത്ത് തങ്ങാന്‍ അയ്യപ്പന്മാര് തയ്യാറാകാന്നുമില്ല. അന്നദാനം നിര്‍ത്തിയതോടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് പ്രായമായവരും കുഞ്ഞ് അയ്യപ്പന്മാരുമാണ്.ദര്‍ശനം കഴിഞ്ഞ് അല്പനേരം വിശ്രമിച്ചിട്ട് അയ്യപ്പസന്നിധിയിലെ പ്രസാദവും കഴിച്ച് തിരികെ മലയിറങ്ങാമെന്നുള്ള അയ്യപ്പന്മാരുടെ ആഗ്രഹം അന്നദാനം നിര്‍ത്തിയതോടെ പരുങ്ങിലിലായി.
ശബരിമലയില്‍ അന്നദാനം നടത്തുന്നവരില്‍ നിന്ന് ഒരുലക്ഷം രൂപ ഈടാക്കാനുള്ള ബോര്‍ഡിന്റെ നീക്കമാണ് അന്നദാന സംഘങ്ങളും മറ്റ് സന്നദ്ധ സംഘടനകളും കഴിഞ്ഞദിവസം മുതല്‍ അന്നദാനം നിര്‍ത്താന്‍ ഇടയാക്കിയത്. ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുത്തസന്നദ്ധസംഘടനകള്ക്കാണ് ഇവിടെ അന്നദാനം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.എന്നാല്‍ കേരളത്തിന് പുറത്തുനിന്നു വരുന്നവര്‍ അന്നദാനം നടത്തുന്നതിന് ദിനംപ്രതി പതിനായിരം രൂപയും ഒരു ദിവസമോ രണ്ടു ദിവസമോ അന്നദാനം നടത്തുന്നവര്‍ കുറഞ്ഞത് ഇരുപത്തി അയ്യായിരം രൂപയും ദേവസ്വം ബോര്‍ഡിന്റെ അന്നദാന ട്രസ്റ്റിലേക്ക് അടയക്കണം എന്നാല്‍ മകര വിളക്കിന് തൊട്ടുമുമ്പുള്ള ജനുവരി 10 മുതല്‍ 14 വരെ തീയതികളില്‍ അന്നദാനം നടത്തുന്നതിന് ദിനംപ്രതി ഒരു ലക്ഷം രൂപ വാടക ഈടാക്കണമെന്നും ക്ലീനിംഗ് സെക്യൂരിറ്റിയായി ദിവസം ഒരുലക്ഷം രൂപാ വേറയും നല്‍കണമെന്നുമുള്ള ബോര്‍ഡിന്റെ പുതിയ നിയമമാണ് സന്നദ്ധ സംഘടനകളെ അന്നദാനം നല്കുന്നതില് നിന്ന് പിന്തിരിപ്പിച്ചത്. ഇതോടെ അന്നദാന പ്രഭുവിന്റെ സന്നിധാനത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ വിശന്നുവലഞ്ഞ് മലയിറങ്ങേണ്ട അവസ്ഥയിലുമായി. അയ്യപ്പന്മാര് കൂട്ടത്തോടെ മലയിറങ്ങുന്നതോടെ പതിനെട്ടാംപടിക്കുതാഴെയും മാളികപ്പുറം ക്ഷേത്രത്തിനും വലിയ നടപ്പന്തലും മകരവിളക്കടുത്തതോടെ വിജനമായി.
ജി.ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: