ബെയ്റൂട്ട്: നിര്‍വീര്യമാക്കാനുള്ള രാസായുധങ്ങളും വഹിച്ചു കൊണ്ടുള്ള ആദ്യ കപ്പല്‍ സിറിയന്‍ കടല്‍ത്തീരം വിട്ടു. രാസായുധ നിരായുധീകരണത്തിന്റെ നിര്‍ണായക ഘട്ടത്തിനാണ് സിറിയ തുടക്കം കുറിച്ചത്. സാങ്കേതികമായ കാരണം കൊണ്ടാണ് നിരായുധീകരണ പ്രവര്‍ത്തനത്തിന് കാലതാമസം നേരിട്ടതെന്നും സിറിയ വ്യക്തമാക്കി.
രാസായുധ ശേഖരം വളരെ സുരക്ഷിതമായി ലറ്റാകിയാ തുറമുഖത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാസായുധത്തെ ഡെന്മാര്ക്ക് കപ്പലില്‍ കയറ്റി അന്താരാഷ്ട്ര കപ്പല്ചാലുകള് വഴി കൊണ്ടുപോകുമെന്ന് രാസായുധ നിരായുധീകരണ സംഘടനയായ ഓര്ഗനൈസേഷന് ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍ (ഒപിസിഡബ്ല്യു) വ്യക്തമാക്കി. ഒപിസിഡബ്ല്യുവിനാണ് 2013 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
2013 ആഗസ്റ്റ് 21 ന് സിറിയയില്‍ വിമത മേഖലയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ ആയിരക്കണക്കിന് പേര് മരണമടഞ്ഞിരുന്നു. ഇതിനെതിരെ അമേരിക്കയും റഷ്യയും അസദ് സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തു. തുടര്‍ന്ന് സിറിയ രാസായുധനിരായുധീകരണത്തിനുള്ള കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഡിസംബര്‍ 31 ന് രാജ്യത്ത് നിന്നും രാസായുധം പൂര്‍ണമായും നീക്കം ചെയ്യണമെന്നായിരുന്നു ധാരണ. മസ്റ്റാര്‍ഡ് ഗ്യാസും സരിന് വാതകവും ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ നശിപ്പിക്കാമെന്നാണ് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടത്.
1,300 ടണ്‍ രാസവസ്തുക്കള്‍ ഒന്‍പത് കണ്ടൈനറുകളിലായാണ് ഡെന്മാര്ക്ക് ചരക്ക് കപ്പലില്‍ കയറ്റിയത്. ഡെന്മാര്ക്ക്, നോര്‍വ്വെ തുടങ്ങിയ രാജ്യങ്ങളിലെ നാവികസേനയും കപ്പലിന്റെ സുരക്ഷിതത്വത്തിനായി അകമ്പടി സേവിക്കും. അടിയന്തര സാഹചര്യത്തില്‍ ഏത് സഹായവും ചൈന, ഡെന്മാര്ക്ക്, നോര്‍വ്വെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലറ്റാക്കിയയില്‍ അടുത്ത രാസായുധ ചരക്ക് എത്തുന്നത് വരെ കപ്പല്‍ പുറംകടലില്‍ കഴിയും. രണ്ടാംഘട്ട രാസായുധം കരമാര്‍ഗം തുറമുഖത്ത് എത്തിച്ച് കണ്ടൈനറിലാക്കി കപ്പലില്‍ കയറ്റുന്നു. രാസായുധം നിരായുധീകരിക്കുന്നതിനായുള്ള സിറിയയുടെ നീക്കത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് വാഷിംഗ്ടണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: