കോട്ടയം: സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ‘ജനശക്തി’ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആകെ 55477 പോലീസുകാര്‍ ഉള്ളതില്‍ വനിതാ പ്രാതിനിധ്യം 5.5 ശതമാനം മാത്രമാണ്. 3061 വനിതാ പോലീസുകാരാണ് ഉള്ളത്. പോലീസ് ഓഫീസര്‍മാരുടെ എണ്ണത്തിലും ഇതേ അവസ്ഥയാണുള്ളത്. 3.6 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. സംസ്ഥാന ജനസംഖ്യയില്‍ 50 ശതമാനത്തിലധികം വനിതകളാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സേനയില്‍ മൊത്തത്തില്‍ വനിതാ പ്രാതിനിധ്യം നാമമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലീസില്‍ വനിതകളുടെ എണ്ണം പത്ത് ശതമാനമായിരിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും ലൈംഗിക പീഡനങ്ങളിലും മൊഴിരേഖപ്പെടുത്തേണ്ടത് ഉയര്‍ന്ന റാങ്കിലുള്ള വനിതാ പോലീസ് ഓഫീസര്‍മാരാണ്. എന്നാല്‍ പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ താഴ്ന്ന റാങ്കിലുള്ള എതെങ്കിലും വനിതാ പോലീസ് ഉദ്യോഗസ്ഥയായിരിക്കും മൊഴി രേഖപ്പെടുത്തുക. ഇത് കേസിനെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പോലീസ് സേനയില്‍ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം ആകെ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ 30 ശതമാനം എങ്കിലും ആക്കി വര്‍ദ്ധിപ്പിക്കുക, അതിനനുസൃതമായി ഓഫീസര്‍ റാങ്കിലുള്ളവരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുക, ഓഫീസര്‍ റാങ്കിലേക്ക് നേരിട്ട് നിയമനം നടത്തുക, സ്ത്രീകള്‍ പങ്കാളികളായിട്ടുള്ള കേസുകളുടെ അന്വേഷണ ചുമതല വനിതാ പോലീസ് വിഭാഗത്തെ തന്നെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ശശികുമാര്‍, സെക്രട്ടറി എം.എല്‍ ആഗസ്തി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ദേവസ്യമുളവന, ലീലാമ്മ വര്‍ഗ്ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: