ഗുരുവായൂര്‍: ക്രൈംബ്രാഞ്ച് പോലീസ്ചമഞ്ഞ് ലോഡ്ജില്‍ നിന്നും രണ്ടുലക്ഷം രൂപ തട്ടിയ വിരുതനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് പൂക്കുളം റോഡില്‍ മമ്മസ്രായില്ലത്ത് പുതുവീട്ടില്‍ കൊട്ടിലിങ്ങല്‍ ഹക്കീമിനേയാണ് (42) ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്.കെ. ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സി.ഐ കെ. സുദര്‍ശനും സംഘവും ചാവക്കാട് വെച്ച് അറസ്റ്റുചെയ്തത്. ഗുരുവായൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ കയറി ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി വിവരം ലഭിച്ചുവെന്നു പറഞ്ഞ് ലോഡ്ജ് ഉടമയേയും, മകനേയും അറസ്റ്റുചെയ്യാതിരിക്കാന്‍ ഇയാള്‍ ലോഡ്ജ് ഉടമയോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. അറസ്റ്റുഭയന്ന ലോഡ്ജ് ഉടമ ഇയാള്‍ക്ക് ഇക്കഴിഞ്ഞ 23-ന് രണ്ടുലക്ഷം രൂപനല്‍കി. വീണ്ടും പ്രതി ഒരാഴ്ച്ച കഴിഞ്ഞ് മൂന്നുലക്ഷം രൂപയുടെ ആവശ്യവുമായി വീണ്ടും ലോഡ്ജുടമയെ സമീപിച്ചു. ലോഡ്ജുടമയുടെ സുഹൃത്ത് കാര്യംതിരക്കിയശേഷം വിവരം ഗുരുവായൂര്‍ അസി പോലീസ് കമ്മീഷണര്‍ ആര്.കെ. ജയരാജിനെ അറിയിച്ചു. തുടര്‍ന്ന് ലോഡ്ജുടമ ഗുരുവായൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് വലയില്‍ കുടുങ്ങിയത്. ഇതിനിടെ പ്രതി നാട്ടിലും, ഭാര്യവീട്ടിലും തനിക്ക് പോലീസ് സബ്ബ് ഇന്‍സ്പെക്ടറായി നിയമനം ലഭിച്ചുവെന്ന് പ്രചരണവും നടത്തിയിരുന്നു. ഗുരുവായൂരില്‍ വിലസിയിരുന്ന ഇയാള്‍ ബലാല്‍സംഗ കേസന്വേഷിക്കാനെത്തിയ പോലീസ് സബ്ബ് ഇന്‍സ്പെക്ടറാണെന്ന് കെ.എ.പി യിലെ പോലീസിനേയും തെറ്റിദ്ധരിപ്പിച്ചിരുന്നു. ദുബായില്‍ ജോലിയുള്ള ഇയാള്‍, രണ്ടുമാസമായി നാട്ടില്‍ എത്തിയിട്ടെന്നും പോലീസ് അറിയിച്ചു.
തോക്ക് എറണാകുളത്തുനിന്നും, പോലീസ് യൂണിഫോം തൃശ്ശൂരില്‍ നിന്നുമാണ് വാങ്ങിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സബ്ബ്ഇന്സ്പെക്ടറുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡും ഇയാളുടെ പക്കല്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോഡ്ജുടമയില്‍ നിന്നും തട്ടിയെടുത്ത രണ്ടുലക്ഷം രൂപകൊണ്ട് ഇയാള്‍ ഭാര്യയുടെ പണയത്തിലിരുന്ന സ്വര്‍ണ്ണം എടുക്കുകയും, ബാക്കി പണമുപയോഗിച്ച് വിലസിനടക്കുകയായിരുന്നെന്നും ഗുരുവായൂര്‍ സി.ഐ കെ. സുദര്ശന് പറഞ്ഞു.
സമാനമായതരത്തില്‍ മേറ്റ്വിടേയെങ്കിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, പി. ബസന്ത്, അജേഷ്, എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: