കൊച്ചി: സാംസ്കാരിക കലാ കേന്ദ്രങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ബാധ്യതയാകരുതെന്നും ഇവയുടെ നിലനില്പിനായി ജനകീയ കൂട്ടായ്മയും മുന്നേറ്റവും അനിവാര്യമാണെന്നും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അമ്മമലയാളം ചിത്രകാര സംഗമം അഭിപ്രായപ്പെട്ടു. ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി.എന്‍. രത്നം, എന്‍.പി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മികച്ച പ്രസാധകനുള്ള പുസ്തകോത്സവ സമിതിയുടെ അവാര്‍ഡിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അര്‍ഹമായി. നേമം പുഷ്പരാജ് രചിച്ച രാജാ രവിവര്‍മ്മ കല കാലം ജീവിതം എന്ന കൃതിയാണ് എം.വി. ബെന്നി, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, അഡ്വ. എം.ശശിശങ്കര്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിങ് കമ്മറ്റി തെരഞ്ഞെടുത്തത്.
ഇന്നു രാവിലെ 10 മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ നടക്കും. വൈകിട്ട് ആറിന് ബാലാമണിയമ്മ പുരസ്കാര സമര്‍പ്പണ സഭ നാഷണല്‍ ബുക്ക് ട്ര്സ്റ്റ് ചെയര്മാന് സേതുമാധവന്റെ അധ്യക്ഷതയില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: