പന്തളം: പശ്ചിമഘട്ട സംരക്ഷണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സമിതി അംഗവുമായ എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശയെ ഇരുപാര്‍ട്ടികളും എതിര്‍ക്കുന്നതെന്നു രമേശ് പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരായി ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അതു സംബന്ധിച്ച് കര്‍ഷകരുടെ ആശങ്കകളെക്കുറിച്ചു പഠിക്കാന്‍ ജൈവവൈവിദ്ധ്യ ബോര്‍ഡ് ചെയര്മാന് ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാന നിയമസഭ പാസ്സാക്കിയ ഇഎല്‍എഫ് നിയമം പിന്‍വലിക്കണമെന്നാണ് ആ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ. ആ നിയമത്തിനെതിരായി വനഭൂമിയും സര്‍ക്കാര്‍ ഭൂമിയും കയ്യേറിയിട്ടുള്ള മാഫിയ ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്. നിയമസഭ പാസ്സാക്കിയിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈയ്യേറിയ ഭൂമിയെല്ലാം സര്‍ക്കാരിന്റേതാണെന്നാണ് കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം.
എന്നാല്‍ അതിനെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തില്‍ ഈ നിയമം അനാവശ്യമാണെന്നാണ് ഉമ്മന്‍ വി. ഉമ്മന്‍ സമിതി പറയുന്നത്. ഇത് ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയാണ്. സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷ മുന്നണികളിലുള്ള പ്രമുഖര്‍ക്ക് കയ്യേറ്റക്കാരുമായി രഹസ്യമായും പരസ്യമായും ഉള്ള ബന്ധമാണ് ഇതിനു കാരണം. ഇവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രസ്തുത സമിതി. ഈ ശുപാര്‍ശയെ അനുകൂലിക്കുക വഴി കൈയ്യേറ്റ മാഫിയയെയും ക്വാറി മാഫിയയെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്. നിയമസഭ പാസ്സാക്കിയ നിയമം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ ഈ സമിതിക്ക് അധികാരമില്ല. അടിയന്തിരമായി ഈ സമിതിയുടെ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ബിജെപി നിലപാട്.
ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ ഗ്രാമസഭകളില്‍ അവതരിപ്പിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം. അഞ്ച് ഏക്കര്‍ വരെ കൈവശമുള്ള കര്‍ഷകര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതാണ് ഇഎഫ്എല്‍ സംരക്ഷണ നിയമം. നൂറുകണക്കിന് ഏക്കര്‍ വനഭൂമി കൈയ്യടക്കിയിരിക്കുന്നവരെയാണ് നിയമം ദോഷകരമായി ബാധിക്കുന്നത്. ഇത്തരം പതിനേഴോളം കേസുകളാണ് കോടതിയില്‍. കൈയ്യേറ്റക്കാരായ പ്രമാണിമാര്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ഇഷ്ടക്കാരാണ്, രമേഷ് ആരോപിച്ചു.
ആറന്മുള വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യക്കാരാണ്. മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുക്കാനുള്ള തീരുമാനം. എന്നാല്‍ ആറന്മുളയുടെ പൈതൃകം തകര്‍ത്തുകൊണ്ട് അവിടെ നിന്നും വിമാനം ഉയരാന്‍ ജനങ്ങളും പൈതൃകഗ്രാമ കര്‍മ്മ സമിതിയും അനുവദിക്കില്ല. ഇതിനായി സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി നേതാവ് പറഞ്ഞു.
രാജ്യമൊട്ടാകെയുള്ള മോദി തരംഗത്തില്‍ കേരളത്തിലെ ജനങ്ങളിലും മാറ്റമുണ്ടാകും. പുതിയ വോട്ടര്‍മാരില്‍ ഇതു ശക്തമാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നതിനാല്‍ ഇവര്‍ക്കെതിരായ ബദല്‍ ബിജെപി ആണെന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി. ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് കേരളം കണ്ട ഏറ്റവും വലിയ സമ്മേളനത്തോടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബിജെപി ജില്ലാ സെക്രട്ടറി എ.കെ. സുരേഷ്, അടൂര്‍ മണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: