പാഞ്ഞാള്‍: നെല്ലിക്കാട്ട് മാമണ്ണ് മനയില്‍ വാസുദേവന്‍ നമ്പൂതിരി (82) അന്തരിച്ചു. പ്രമുഖ സാമവേദപണ്ഡിതനായിരുന്ന ഇദ്ദേഹം സോമയാഗം, സാമവേദം റെക്കോഡിങ്ങ് തുടങ്ങിയവയിലും സംസ്കൃതഭാഷാ പണ്ഡിതനുമായിരുന്നു. 1932ല്‍ മാമണ്ണ് നീലകണ്ഠന് അക്കിത്തിരിപ്പാടിന്റേയും ഉമാദേവി പത്തനാടിയുടേയും മകനായി പിറന്ന ഇദ്ദേഹം ബാല്യകാലത്ത് ഉപനയനത്തിനുശേഷം വേദാദ്ധ്യയനം ആരംഭിച്ചു. തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം, കേരളവര്‍മ്മ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദവും കരസ്ഥമാക്കി. പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് ദീര്‍ഘകാലം ഉദ്യോഗം നോക്കിയിരുന്നു. വിരമിച്ചതിനുശേഷം സാമവേദത്തിന്റെ പ്രചാരകനായി മാറി. ഏറെക്കാലത്തിനുശേഷം 1975ല്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിലും തുടര്‍ന്ന് കേരളത്തില്‍ പലയിടങ്ങളിലായി നടന്ന അതിരാത്രങ്ങളിലും സോമയാഗങ്ങളിലും സാമവേദത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. കാലടി സര്‍വ്വകലാശാലയില്‍ എംഎ കോഴ്സ് ആരംഭിച്ചതുമുതല്‍ സാമവേദത്തിന്റെ വിസിറ്റിങ്ങ് ഫാക്കല്‍റ്റിയായിരുന്നു വാസുദേവന്‍ നമ്പൂതിരി. രണ്ടായിരത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വവേദസമ്മേളനത്തില് കേരള സംഘത്തെ പ്രതിനിധീകരിച്ചിരുന്നു. സാമവേദം സംബന്ധിച്ചുള്ള നിരവധി പ്രബന്ധങ്ങള്‍ ബ്രിട്ടനിലേയും പോളണ്ടിലേയും യൂണിവേഴ്സിറ്റികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളില്‍ ഇദ്ദേഹത്തിനുള്ള പാണ്ഡിത്യം സാമവേദശാഖക്കുതന്നെ മുതല്‍ക്കൂട്ടായിരുന്നു. സംസ്കൃത സര്‍വ്വകലാശാല വേദവിഭാഗം കേരളീയ ജൈമനീയ സാമവേദം നമ്പൂതിരിമാരുടെ പാരമ്പര്യം, 95 മണിക്കൂര്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന് നടത്തി. ഇതില്‍ പാഞ്ഞാളില്‍ നിന്നുള്ള അഞ്ച് സാമവേദ പണ്ഡിതന്മാര് പങ്കെടുത്തിരുന്നു. ഇവരെ നയിച്ചത് വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ഭാരതത്തിലെ തന്നെ നിരവധി സര്‍വ്വകലാശാലകളില്‍ സാമവേദസംബന്ധമായ നിരവധി പ്രബന്ധങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഉജ്ജൈനിയില്‍ വെച്ച് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സംഘടിപ്പിച്ച ഭാരതത്തിലെ നൂറുവേദപണ്ഡിതന്മാരെ ആദരിക്കുന്ന ചടങ്ങില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. മൂന്ന് തലമുറയായി അഗ്നിഹോത്രം ചെയ്ത പാരമ്പര്യമുള്ള മാമണ്ണ് മനയിലെ അംഗമാണ് ഇദ്ദേഹം. പത്നി പാര്‍വ്വതി അന്തര്‍ജ്ജനം, മക്കള്‍ – നീലകണ്ഠന്, വാസുദേവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: