തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. ഡെംഗിപ്പനിയടക്കമുള്ള രോഗം ബാധിച്ചവരുടെ എണ്ണം 2013ല്‍ ഇരട്ടിയിലധികം വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ടായി. സര്‍ക്കാര്‍ കണക്കുപ്രകാരം 2012- ല്‍ വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരുടെ എണ്ണം 375296 ആണ്. 96 പേര് മരിച്ചു. 11 പേരാണ് പനിബാധിച്ചു മരിച്ചത്.
2013-ല്‍ 42897 പേരാണ് പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 88 പേര് മരണപ്പെട്ടു. 21 പേര് പനി ബാധിച്ചു മരിച്ചു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലാണ് വന്‍ വര്‍ധനവുണ്ടായിട്ടുള്ളത്. 2012-ല്‍ 4056 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 16 പേര് മരിച്ചു. എന്നാല്‍ 2013-ല്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 7911 ആയി വര്‍ധിച്ചു. മരണസംഖ്യ 25ആയും വര്‍ധിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ള സംസ്ഥാനം കേരളമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2012-ല്‍ 30 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. രണ്ടുപേരാണ് കോളറ ബാധിച്ചു മരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോളറയെന്ന് സംശയിക്കുന്ന 67 കേസുകളും കോളറ സ്ഥിരീകരിച്ച 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പേര് കോളറ ബാധിച്ചു മരിച്ചു. 2975 പേര്‍ക്ക് ടൈഫോയ്ഡ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. മലമ്പനിയടക്കമുള്ള അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 409512 പേര്‍ക്കാണ് ഡയേറിയ ബാധിച്ചത്. സ്ക്രബ് ടൈഫസ് ഇനത്തില്‍പ്പെട്ട പനിയും പടര്‍ന്ന് പിടിക്കുന്നുണ്ട്. കുളമ്പ് രോഗമടക്കമുള്ള ഹാന്റ് ഫുട് ആന്‍ഡ് മൗത്ത് രോഗങ്ങളും വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. 2012ല്‍ ഇത്തരം 115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 243 കേസുകളായി വര്‍ധിച്ചു.
എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ധനവുണ്ടായി. 2012ല്‍ 736 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 18 പേര് മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 26 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 796 പേരില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ആരംഭിച്ചിട്ട് നാല് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ പനി ബാധിച്ച് വിവിധ ആശുപത്രികളിലെ ഒപികളില്‍ എത്തിയത് 21197 പേരാണ്. ഇതില്‍ 41 പേര്‍ക്ക് ഡെങ്കിപ്പനി ഉള്ളതായി സംശയിക്കുന്നു. ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20 പേര്‍ക്ക് എലിപ്പനിയുള്ളതായി സംശയിക്കുമ്പോള്‍ ആറുപേരില്‍ രോഗം സ്ഥിരീകരിച്ചു. 16 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിബാധയെന്ന് സംശയിക്കുന്ന ഒരാളും പനി ബാധിച്ച് ഒരാളുമടക്കം രണ്ട് പേര് കഴിഞ്ഞ മൂന്ന് ദിവസത്തിനകം മരിച്ചു. തലസ്ഥാന ജില്ലയാണ് രോഗബാധയുടെ കാര്യത്തില്‍ സംസ്ഥാനത്തു മുന്നില്‍ നില്‍ക്കുന്നത്.
ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഏതാനും സ്വകാര്യ ആശുപത്രികളില്‍ നിന്നും ശേഖരിച്ച കണക്കുകളാണിത്. എന്നാല്‍ ഇത് പൂര്‍ണമായ കണക്കുകളല്ല. കണക്കുകളില്‍പ്പെടാത്ത രോഗബാധിതരും മരണങ്ങളും അനവധിയാണ്. മാലിന്യ സംസ്കരണമടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ ആസുത്രണങ്ങളും നടപടികളും ഇല്ലാത്തതാണ് തലസ്ഥാനത്തടക്കം പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: