ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഉശിരന്‍ തിരിച്ചുവരവ്. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ സിറ്റി (38) പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. വിന്‍സന്റ് കോംപാനി, അല്‍വാരൊ നെഗ്രെഡോ എന്നിവര്‍ സിറ്റിയുടെ സ്കോറര്‍മാര്‍. ഫിലിപ്പെ കൗട്ടീഞ്ഞൊ ലിവറിന്റെ ഗോള്‍ കണ്ടെത്തി. തോല്‍വിയോടെ ലിവര്‍പൂള്‍ (36 പോയിന്റ്) തലപ്പത്തു നിന്ന് നാലാമതേക്കു വീണു. വെസ്താമിനെ 3-1ന് കീഴടക്കി ആഴ്സനല്‍ (39) പ്രഥമ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. ഈഡന് ഹസാര്‍ഡിന്റെ സ്ട്രൈക്കിലൂടെ സ്വാന്‍സിയെ തോല്‍പ്പിച്ച് ചെല്‍സി (37) മൂന്നാമതും നിലയുറപ്പിച്ചു.
ഹോം ഗ്രൗണ്ടിലെ ആധികാരികത സിറ്റി ഒരിക്കല്‍ക്കൂടെ നിലനിര്‍ത്തിയപ്പോള്‍ ലിവര്‍പൂള്‍ തലകുനിച്ചു മടങ്ങി. സൂപ്പര്‍ താരം ലൂയി സുവാരസ് നിറഞ്ഞു കളിച്ചിട്ടും ലിവര്‍പൂളിനു വിജയം നേടാനായില്ല. എത്തിഹാദ് സ്റ്റേഡിയത്തിലെ ഗ്യാലറിയെ ത്രസിപ്പിച്ച് നന്നായി തുടങ്ങിയത് സിറ്റിയായിരുന്നു. പക്ഷേ, ആദ്യം വെടിപോട്ടിച്ചത് സന്ദര്‍ശകരും. 24-ാം മിനിറ്റില്‍ ജോര്ഡന് ഹെന്‍ഡേഴ്സന്റെ പാസ് മനോഹരമായ ഒരു ടച്ചിലൂടെ സുവാരസ് സ്റ്റര്‍ലിങ്ങിന് മറിച്ചു നല്കി. സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ വകഞ്ഞുമാറി സ്റ്റര്‍ലിങ് നല്കിയ പന്ത് കാലില്‍ കൊരുക്കുമ്പോള്‍ കൗട്ടീഞ്ഞോയ്ക്കു മുന്നില്‍ ഒഴിഞ്ഞ വല. അങ്ങനെ ലിവര്‍പൂള്‍ മുന്നില്‍ (1-0). ഏഴു മിനിറ്റുകള്‍ക്കുശേഷം സിറ്റി തിരിച്ചടിച്ചു. ഡേവിഡ് സില്‍വയുടെ കോര്‍ണറിനു തലവെച്ച് കോംപാനി ടീമിനു സമനില നല്കി (1-1). 45-ാം മിനിറ്റില്‍ ഭാഗ്യത്തിന്റെ ബലത്തില്‍ സിറ്റി ലീഡ് കൈക്കലാക്കി. നെഗ്രെഡോയുടെ ടൈമിങ് തെറ്റിയ ഷോട്ടിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ സൈമണ്‍ മിഗ്നോലട്ടിനു പിഴച്ചു, പന്ത് വരകടന്നു പോയി (2-1). രണ്ടാം പകുതിയില്‍ സുവാരസും കൂട്ടരും ആത്മവിശ്വാസത്തോടെ പന്തു തട്ടി. അവസരങ്ങള്‍ തുറന്നെടുക്കാനും ലിവറിനായി.എന്നാല്‍ സമനില ഗോള്‍ മാത്രം വന്നില്ല.
തിയോ വാല്‍കോട്ടിന്റെ ഡബിള്‍ സ്ട്രൈക്കിന്റെ ബലത്തിലാണ് വെസ്താമിനെ ആഴ്സനല്‍ തുരത്തിയത്. ലൂക്കാസ് പൊഡോള്സ്കി ഗണ്ണേഴ്സിന്റെ ഇതര സ്കോറര്‍. കാള്‍ട്ടന്‍ കോള്‍ വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോളിനുടമ. കഴിഞ്ഞ ദിവസം നടന്ന മറ്റുമത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും (1-0) സതാമ്പ്ടന് കാര്‍ഡിഫ് സിറ്റിയെയും (3-0) സണ്ടര്‍ലാന്റ് എവര്‍ട്ടനെയും (1-0) ന്യൂകാസില്‍ സ്റ്റോക് സിറ്റിയെയും (5-1) ഫുള്‍ഹാം നോര്‍വിച്ചിനെയും (2-1) മറികടന്നു. ടോട്ടനവും ബെസ്റ്റ് ബ്രോമും ഓരോ ഗോള്‍ വീതമടിച്ച് സന്ധി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: