മെല്‍ബണ്‍: ആഷസ് പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട് പോരാട്ടവീര്യം കാട്ടുന്നു. രണ്ടാം ദിനം ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയെ കീറിമുറിച്ച ഇംഗ്ലീഷ് പട നിര്‍ണായക ലീഡ് ഉറപ്പിക്കുന്നതിന് അടുത്തെത്തി. ഒന്നാം ഇന്നിങ്ങ്സില്‍ 255 റണ്‍സ് നേടിയ സന്ദര്‍ശകര്‍ കങ്കാരുക്കളെ 9ന് 164 എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയാണ് ആധിപത്യം നേടിയത്. കളിയവസാനിപ്പിക്കുമ്പോള്‍ ബ്രാഡ് ഹാഡിന് (43) ക്രിസില്‍. 91 റണ്‍സിന് പിന്നിലുള്ള ഓസീസിനെ രക്ഷിക്കാന്‍ നതാന്‍ ലയോണുമൊത്ത് ഹാഡിന് കഠിന യത്നം നടത്തേണ്ടിവരും.
തുടര്‍ച്ചയായ വമ്പന്‍ തോല്‍വികളിലൂടെ പരമ്പര കൈവിട്ട ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു.പിച്ചിന്റെ വേഗക്കുറവും ബൗണ്സിലെ വ്യതിയാനങ്ങളും മുതലെടുത്ത ഇംഗ്ലീഷ് ബൗളര്‍മാര്‍ അരങ്ങുവാണ നിമിഷങ്ങളില്‍ ഓസീസ് ബാറ്റിങ് നിര പകച്ചു നിന്നു. ജയിംസ് ആന്‍ഡേഴ്സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും മൂന്നു വിക്കറ്റുകള്‍ വീതവും ടിം ബ്രെസ്നന് രണ്ടു വിക്കറ്റും വിഴ്ത്തി. ബെന്‍ സ്റ്റോക്സും ഒരിരയെ കണ്ടെത്തി. ക്രിസ് റോജേഴ്സ് (61) ഓസ്ട്രേലിയന്‍ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്കി.
ഡേവിഡ് വാര്‍ണറുടെ (9) പതനം കണ്ടുകൊണ്ടാണ് ആതിഥേയര്‍ കളംതൊട്ടത്. ആന്‍ഡേഴ്സനെ പുള്‍ ചെയ്ത വാര്‍ണറെ ജോണി ബെയര്‍സ്റ്റോ പിടികൂടി. പിന്നാലെ സ്റ്റോക്സിന്റെ പന്തില്‍ ഡ്രൈവിനു ശ്രമിച്ച ഷെയ്ന് വാട്സനും (10) ബെയര്‍സ്റ്റോയുടെ ഗ്ലൗസില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ (10) കുറ്റി ആന്ഡേഴ്സന് പിഴുമ്പോള് കങ്കാരുപ്പട ഇരുട്ടില്‍ത്തപ്പി. സ്റ്റീവന്‍ സ്മിത്ത് (19) ചെറുത്തു നില്പ്പിനു ശ്രമിച്ചു. പക്ഷേ, ബ്രോഡ് സ്മിത്തിന്റെ കളിക്ക് അന്ത്യം കുറിച്ചു. ഓസീസ് സ്കോര്‍ നൂറു കടന്നപ്പോള്‍, രക്ഷകവേഷം കെട്ടിയാടിവന്ന റോജേഴ്സിന്റെ ഇന്നിങ്ങ്സിനും വിരാമം. എട്ടുഫോറുകള്‍ നേടിയ റോജേഴ്സിന്റെ പതനത്തോടെ ഓസ്ട്രേലിയന്‍ പ്രതിരോധം ഏറെക്കുറെ അവസാനിച്ചു. ജോര്‍ജ് ബെയ്ലി (0) വന്നതുപോലെ തിരിച്ചുപോയി.മിച്ചല്‍ ജോണ്‍സനും (2), ഋയാന്‍ ഹാരിസും (6) അധികം സംഭാവനകള്‍ നല്‍കിയില്ല. ഒടുവില്‍ അവസാന പന്തില്‍ പീറ്റര്‍ സിഡിലിനെ (0) കരകയറ്റിയ ബ്രോഡ് രണ്ടാം ദിനം ഇംഗ്ലണ്ടിന്റേതാക്കി മാറ്റി.
നേരത്തെ, ജോണ്സന് ഷോയുടെ ബാക്കി അരങ്ങേറി. ഇംഗ്ലണ്ടിന്റെ അവശേഷിച്ച 4 വിക്കറ്റുകള്‍ 29 റണ്‍സിന് കടപുഴകി. അതില്‍ മൂന്നും പോക്കറ്റിലാക്കിയ ജോണ്സന് അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. കെവിന് പീറ്റേഴ്സനും (71 ) ജോണ്‍സന്റെ തീപാറുന്ന പന്തിനെ അതിജീവിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: