തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയ നിയമനങ്ങളെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ നിയമനനിരോധനം നിലനില്‍ക്കുമ്പോഴാണ് മന്ത്രിമാര്‍ നിരോധനമില്ലെന്ന് വാദിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകളുള്ളപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നില്ല. ഇതുമൂലം റാങ്ക് ലിസ്റ്റുകള്‍ റദ്ദാകുന്ന സാഹചര്യവുമാണുള്ളതെന്ന് സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎസ്സി അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് സുധീര്‍ ആരോപിച്ചു. പിഎസ്സി ചെയര്മാന് ഉള്‍പ്പടെയുള്ളവര്‍ക്ക് സ്വകാര്യ കോച്ചിംഗ് സെന്ററുകളുമായി സാമ്പത്തിക ഇടപാടുകളുണ്ട്. റാങ്കുലിസ്റ്റുകള്‍ നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും അതിനു തയ്യാറാകാത്ത പിഎസ്സി അധികൃതര്‍ ഇടയ്ക്കിടയ്ക്ക് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകളെ സഹായിക്കാനാണ്. കോച്ചിംഗ് സെന്ററുകളും പിഎസ്സി ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം.
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ 9300 ഒഴിവുകള്‍ക്ക് പിഎസ്സി അഡ്വൈസ് മെമ്മോ അയച്ചിട്ടും ഒരാള്‍ക്കുപോലും നിയമന ഉത്തരവ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിഎസ്സി അഡ്വൈസ് മെമ്മോ അയച്ചത്. അഡ്വൈസ് മെമ്മോയുടെ കാലാവധി ഡിസംബര്‍ 5ന് അവസാനിച്ചു. നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കെഎസ്ആര്‍ടിസി എംഡിയെ ഉപരോധിച്ചു. ഡിസംബര്‍ 31നകം നിയമനം നല്‍കുമെന്നാണ് അദ്ദേഹം ഉറപ്പു നല്‍കിയത്. ആ ഉറപ്പു പാലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് സുധീര്‍ പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സിന്റെ 5200 ഒഴിവുകളുണ്ടായിട്ടും നിയമനം നല്‍കിയത് വളരെ കുറച്ചു പേര്‍ക്കുമാത്രമാണ്. എല്‍ഡി ക്ലര്‍ക്ക് നിയമനത്തിലും ഒഴിവുകള്‍ മുഴുവന്‍ നികത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ രണ്ടു ലിസ്റ്റുകളും റദ്ദാകുകയാണ്. കാലാവധി കൂട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പിഎസ്സി അതിനു തയ്യാറായിട്ടില്ല. സര്‍ക്കാരും പിഎസ്സിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നില്‍.
വലിയതോതില്‍ നിയമന നിരോധനം ആസൂത്രിതമായി നടത്തുമ്പോഴാണ് നിരോധനമില്ലെന്ന് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും കള്ളം പറയുന്നത്. നിയമന നിരോധനത്തിനെതിരെ സമരം നടത്തുന്ന ഡിവൈഎഫ്ഐ കേരളത്തിലെ യുവജനങ്ങളെ ചതിക്കുകയാണെന്ന് സുധീര്‍ പറഞ്ഞു. വിവിധ വകുപ്പുകളില്‍ മുന്‍സര്‍ക്കാരും ഈ സര്‍ക്കാരും പിന്‍വാതിലിലൂടെ നടത്തിയ ആയിരക്കണക്കിനു താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. താല്‍ക്കാലിക നിയമനം നേടിയവരെ പിരിച്ചുവിട്ടാലെ പിഎസ്സിയുടെ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ കഴിയൂ എന്നിരിക്കെ അവരെ സ്ഥരപ്പെടുത്തണമെന്ന് പറയുന്ന ഡിവൈഎഫ്ഐ നിലപാട് യുവജനവഞ്ചനയും ഇരട്ടത്താപ്പുമാണ്. കെഎസ്ആര്‍ടിസിയില്‍ എംപാനലില്‍ നിയമിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍, പിഎസ്സി നിയമനം ലഭ്യമായി ഉദ്യോഗാര്‍ത്ഥികള്‍ വരുമ്പോള്‍ പിരിച്ചുവടപ്പെടുമെന്ന് ഉത്തരവിറക്കിയിട്ടുമുണ്ട്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഡിവൈഎഫ്ഐയുടെ നിലപാട് തൊഴിലില്ലാത്ത യുവജനങ്ങളോട് കാട്ടുന്ന കൊടിയ വഞ്ചനയാണെന്നും സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: