ഡര്ബന്: തോല്‍വിയുടെ വക്കില്‍ നിന്ന് സമനില പിടിച്ചുവാങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ഉറപ്പായ വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ദയനീയമായി ഏകദിന പരമ്പര നഷ്ടപ്പെട്ട ശേഷം ജോഹന്നസ്ബര്‍ഗില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ടീം ഇന്ത്യ അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്. വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ഈ ടെസ്റ്റില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് താരങ്ങളൊഴികെയുള്ളവര് ഏകദിനത്തിലെന്നപോലെ ടെസ്റ്റിലും ബാറ്റിംഗില്‍ പരാജയപ്പെടുന്നതാണ് ആദ്യ ടെസ്റ്റില്‍ കാണാന്‍ കഴിഞ്ഞത്. അജിന്‍ക്യ രഹാനെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരുടെ വേഗതക്ക് മുന്നില്‍ മുട്ടിടിച്ച മുരളി വിജയ്, ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, ധോണി തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്ക്ക് കാര്യമായൊന്നും ചെയ്യാന്‍ ആദ്യ ടെസ്റ്റില്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സിന് പുറത്തായ മുരളി വിജയ് രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് 13ഉം 15ഉം റണ്‍സാണ് ആദ്യ ടെസ്റ്റില്‍ നേടിയത്. അതേസമയം രോഹിത് ശര്‍മ്മ തീര്‍ത്തും പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ ദ്രാവിഡിന്റെ സ്ഥാനത്തിറങ്ങിയ ചേതേശ്വര്‍ പൂജാരയും സച്ചിന്റെ സ്ഥാനത്ത് വിരാട് കോഹ്ലിയും ഗംഭീര പ്രകടനം നടത്തിയതാണ് ഇന്ത്യക്ക് ഏറ്റവും ആശ്വാസം. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കോഹ്ലി രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സും നേടി. പൂജാര രണ്ടാം ഇന്നിംഗ്സിലാണ് സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിലേക്ക് തിരിച്ചുവന്നത്. അതേസമയം ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാരായ സഹീര്‍ഖാനും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയും ആദ്യ ടെസ്റ്റില്‍ മികച്ച രീതിയല്‍ പന്തെറിഞ്ഞത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഏറെ നാളത്തെ ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ സഹീര്‍ ഉജ്ജ്വല ഫോമിലായിരുന്നു. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
അതേസമയം ദക്ഷിണാഫ്രിക്കയാകട്ടെ കനത്ത സമ്മര്‍ദ്ദത്തിലാണ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ വിജയത്തിന് വേണ്ടി കളിച്ചില്ല എന്ന ആരോപണം അവരെ കുറച്ചൊന്നുമല്ല തളര്‍ത്തുന്നത്. ഉജ്ജ്വല ഫോമിലുമാണ്. പരാജയത്തിന്റെ വക്കില്‍ നിന്ന് ഡുപ്ലെസിസും ഡിവില്ലിയേഴ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും ഇരുവരും പുറത്തായതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. അവസാന 19 പന്തില്‍ 16 റണ്‍സ് മതിയെന്ന നിലയില്‍ വിജയത്തിനു ശ്രമിക്കുന്നതിനുപകരം മെയ്ഡന്‍ വഴങ്ങി സമനിലകൊണ്ട് തൃപ്തിപ്പെടാന്‍ കാട്ടിയ മനോഭാവമാണ് മുഖ്യമായും വിമര്‍ശിക്കപ്പെട്ടത്. വെസ്റ്റിന്‍ഡീസിലെ ആന്റിഗ്വയില്‍ 2003ല്‍ 418 റണ്‍സ് പിന്തുടര്ന്ന് വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച റെക്കോര്‍ഡ് മറികടക്കാന്‍ ഈ മത്സരത്തിലൂടെ ദക്ഷിണാഫ്രിക്കക്ക് അവസരമുണ്ടായിരുന്നു. ഉജ്ജ്വലമായ റെക്കോര്‍ഡും വിജയവുമാണ് ദക്ഷിണാഫ്രിക്ക കൈവിട്ടുകളഞ്ഞത്. വിജയത്തിന് ശ്രമിക്കാതെ സമനിലക്കായി കളിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ കനത്ത വിമര്‍ശനമാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നത്. അതുപോലെ ഏകദിനത്തില്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സ്റ്റെയിന് ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതിനിടെ മറ്റൊരു ഫാസ്റ്റ് ബൗളറായ മോണി മോര്‍ക്കലിന് പരിക്കേറ്റതും അവര്‍ക്ക് തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലിന് രണ്ടാം ഇന്നിംഗ്സില്‍ രണ്ട് ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്യാന്‍ കഴിഞ്ഞത്. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്തുപോയ മോര്‍ക്കല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: