ശബരിമല: മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശ്രീധര്‍മ്മ ശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും. മണ്ഡലകാല ഉത്സവത്തിന് സമാപനം കുറിച്ച് 26നു തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 11.55ന് ഒന്നിനും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലാണു മണ്ഡലപൂജ. തങ്കഅങ്കി ഘോഷയാത്ര 25ന് രാവിലെ 11.30ന് നിലയ്ക്കല്‍ ശ്രീമഹാദേവ ക്ഷേത്രത്തിലും ഉച്ചക്കഴിഞ്ഞ് ഒന്നരയോടെ പമ്പയിലുമെത്തും. ഇവിടെയെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സദാശിവന് നായര്‍, പമ്പ സ്പെഷല്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്, അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. ഉച്ചകഴിഞ്ഞ് 3.30 നു പമ്പയില്‍ നിന്നു പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 5.30നു ശരംകുത്തിയിലെത്തും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മോഹന്‍ദാസ്, അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ ഈശ്വരന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുഭാഷ് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15നു പതിനെട്ടാംപടിക്കു മുകളിലെത്തുന്ന തങ്കഅങ്കിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, ബോര്‍ഡംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്, സ്പെഷ്യല്‍ കമ്മിഷണര്‍ കെ. ബാബു, ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍ എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി നാരായണന് നമ്പൂതിരിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്ക് കലശത്തോടെയും കളഭാഭിഷേകത്തോടെയുമാണ് മണ്ഡല പൂജാ ചടങ്ങുകള്‍ ആരംഭിക്കുക. ഇതിനുമുന്നോടിയായി രാവിലെ 11ന് നെയ്യഭിഷേകം നിര്‍ത്തിവെയ്ക്കും. തുടര്‍ന്ന് മണ്ഡപൂജയോടനുബന്ധിച്ച് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ കളഭവും 25 കലശവും പൂജിക്കും. തുടര്‍ന്ന് ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഭഗവാനെ 25 കലശമാടും. ഇതിനുശേഷം ബ്രഹ്മകലശം മേല്ശാന്തിയേറ്റു വാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനെ വലംവെച്ച ശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് ഭഗവാന് അഭിഷേകം ചെയ്യും. തുടര്‍ന്ന് നിവേദ്യത്തിനുശേഷം പ്രസന്നപൂജയ്ക്കായി നടയടയ്ക്കുന്ന സമയം അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മഹാമംഗളാരതി നടക്കുന്നതോടെ മണ്ഡലപൂജയ്ക്ക് പര്യവസാനമാകും. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് ഹരിവരാസനം ചൊല്ലി ഭഗവാനെ ധ്യാനനിദ്രയിലാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ശ്രീകോവില്‍ നടഅടയ്ക്കും. തുടര്‍ന്ന് മകരവിളക്കുത്സവത്തിനായി 30ന് വൈകീട്ട് 5.30ന് നട തുറക്കും. 14നാണു മകരവിളക്ക്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: