ജൂബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ജനങ്ങളള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കളും, സൈന്യവും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ സുഡാനിലെ ജനങ്ങളോട് നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ മാര്‍ഗത്തിലൂടെ ഇപ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കണമെന്നും മൂണ്‍ പറഞ്ഞു. പ്രസിഡന്റ് സാല്വ കിര്, പ്രതിപക്ഷ നേതാവും, മറ്റു നേതാക്കളുമായും ഉടന്‍ ചര്‍ച്ച നടത്തണമെന്നും മൂണ്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ സംരക്ഷണമാണ് തനിക്ക് വലുത്. സമാധാന ദൗത്യത്തിന് യുഎന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
43 ഇന്ത്യന്‍ സമാധാന സേനയെ കലാപബാധിത പ്രദേശത്ത് വിന്യസിച്ചതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വിമതസൈന്യത്തിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ മുന്‍ കരുതലായാണ് സമാധാന സേനയെ വിന്യസിച്ചിരിക്കുന്നത്. ഡിസംബര്‍ 19ന് ജോങ്ങ്ലി സംസ്ഥാനത്തെ യുഎന്‍ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങും ഇന്നലെ സംഘടിപ്പിച്ചു.
അതേസമയം, വിമത സൈനികരുടെ വെടിയേറ്റ് അമേരിക്കന്‍ സൈന്യത്തിന്റെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ മൂന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. ഒരു വിമാനം പൂര്‍ണമായും മറ്റൊന്ന്ഭാഗികമായും തകര്‍ന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെടാന്‍ എത്തിയതായിരുന്നു യുഎസ് സൈനിക വിമാനങ്ങള്‍. ജോങ്ങ്ലി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബോറിലേക്ക് പറക്കുന്നതിനിടെയായിരുന്നു വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടത്. വിമത സേനയുടെ നിയന്ത്രണത്തിലാണ് ഈ മേഖല.
അമേരിക്കന്‍ എംബസി, യുഎസ് പൗരന്മാര് എന്നിവരുടെ സംരക്ഷണത്തിനായി ഒബാമ ഭരണകൂടം ദക്ഷിണ സുഡാനിലേക്ക് കഴിഞ്ഞയാഴ്ചയാണ് വ്യോമസേനയെ അയച്ചത്. ബ്രിട്ടന്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് സാല്വാ കിര്നെതിരായ അട്ടിമറി ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പുറത്താക്കപ്പെട്ട വൈസ്പ്രസിഡന്റ് റീക്മാകറിന്റെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ പട്ടാള അട്ടിമറിയാണ് കലാപങ്ങള്‍ക്ക് വഴിവെച്ചത്. തലസ്ഥാനമായ കീവില്‍ റീക് മാകറിനോടു കൂറുള്ള സൈനികര്‍ ഭരണം പിടിച്ചെടുക്കാന്‍ രാജ്യത്ത് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ റീക് മാകറിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറി ശ്രമം തകര്‍ത്തുവെന്ന് പ്രസിഡന്റ് സാല്വാ കിര് അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി കേസ്റ്റി മനിബയെയും 10 മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നു.
അട്ടിമറി ശ്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയപ്പെടുന്ന മാക്കര്‍ ഒളിവിലാണ്. ആഴ്ചകളായി തുടരുന്ന കലാപത്തില്‍ ഇതുവരെ 500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രാജ്യത്തെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: